ആഗോള വ്യാപാരവും സഖ്യങ്ങളും സംബന്ധിച്ച ഗേറ്റ്വേ ഗൾഫ് 2026 പാനലിൽ പങ്കെടുത്ത് ബഹ്റൈൻ ധനമന്ത്രി

മനാമ: ഗേറ്റ്വേ ഗൾഫ് 2026ന്റെ നാലാം പതിപ്പിന്റെ ഭാഗമായി ആഗോള വ്യാപാര റൂട്ടുകളും സഖ്യങ്ങളും പുനർനിർമിക്കുന്നതിനെക്കുറിച്ചുള്ള പാനൽ ചർച്ചയിൽ ബഹ്റൈൻ ധനകാര്യ-ദേശീയ സാമ്പത്തിക മന്ത്രി ഷെയ്ഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫ പങ്കെടുത്തു.
ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽബുദൈവി, യുഎഇ സാമ്പത്തിക-ടൂറിസം മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മാരി എന്നിവരും പാനലിൽ പങ്കെടുത്തു.
ആഗോള വ്യാപാരത്തിലും മൂലധന പ്രവാഹത്തിലുമുണ്ടാകുന്ന മാറ്റങ്ങൾ, ഗൾഫ് സംയോജനത്തിന്റെ ഭാവി, സാമ്പത്തിക നയ മുൻഗണനകൾ, നിക്ഷേപം, നവീകരണം, അന്താരാഷ്ട്ര സഹകരണം എന്നിവയ്ക്കുള്ള സാധ്യതകൾ എന്നിവ പാനൽ ചർച്ച ചെയ്തു. ജിസിസി രാജ്യങ്ങൾക്കിടയിൽ സാമ്പത്തിക സംയോജനം ശക്തിപ്പെടുത്തുന്നതിന്റെയും വ്യാപാര-നിക്ഷേപ പങ്കാളിത്തങ്ങൾ വികസിപ്പിക്കുന്നതിന്റെയും പ്രാധാന്യം ഷെയ്ഖ് സൽമാൻ ബിൻ ഖലീഫ ഊന്നിപ്പറഞ്ഞു. സാമ്പത്തിക പ്രതിരോധശേഷിയും സ്ഥിരതയും വർധിപ്പിക്കുക, ആഗോള വെല്ലുവിളികളെ നേരിടാനുള്ള കഴിവ് മെച്ചപ്പെടുത്തുക, സുസ്ഥിര വളർച്ചയ്ക്കായി സമ്പദ്വ്യവസ്ഥകളെ വൈവിധ്യവൽക്കരിക്കുക എന്നിവയും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതിസന്ധികളെ നേരിടുന്നതിൽ ഗൾഫ് സംയോജനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ച ധനമന്ത്രി, ഈ വർഷത്തെ ഇറാനിയൻ ആക്രമണങ്ങളുടെ ഫലമായി മേഖലയിലെ രാജ്യങ്ങളെ ബാധിച്ച സംഭവങ്ങൾ ജിസിസി രാജ്യങ്ങൾക്കിടയിലെ സഹകരണത്തിന്റെയും അടുത്ത ബന്ധത്തിന്റെയും ഉയർന്ന തലമാണ് പ്രകടമാക്കിയതെന്ന് പറഞ്ഞു. വ്യാപാരത്തിന്റെയും വിതരണത്തിന്റെയും തുടർച്ചയും സാമ്പത്തിക പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പും ആവശ്യമായ അസാധാരണ സാഹചര്യങ്ങളിൽ ഏകോപനം അഭൂതപൂർവമായ വേഗത്തിൽ ത്വരിതപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി.
ഗൾഫ് തുറമുഖങ്ങൾക്കിടയിലെ കണ്ടെയ്നർ നീക്കങ്ങളും വിതരണവും സുഗമമാക്കുന്നതിൽ ഈ സഹകരണം പ്രകടമായെന്ന് അദ്ദേഹം വിശദീകരിച്ചു. സാധാരണ പരിശോധനകൾ നടത്താതെ ജിദ്ദ തുറമുഖം വഴി ബഹ്റൈനിലേക്കും കുവൈത്തിലേക്കും കണ്ടെയ്നറുകൾ വഴിതിരിച്ചുവിട്ടു. അതേസമയം, ഫുജൈറ, സലാല തുറമുഖങ്ങൾ ഗൾഫ് മേഖലയിലേക്ക് സാധനങ്ങൾ എത്തിക്കാൻ സഹായിച്ചു. സാധാരണയായി ഗണ്യമായ സമയമെടുക്കുന്ന നിയന്ത്രണങ്ങളും നടപടിക്രമങ്ങളും മറികടന്ന് പ്രതിസന്ധികളിൽ വേഗത്തിലും വഴക്കത്തോടെയും പ്രതികരിക്കാനുള്ള ജിസിസി രാജ്യങ്ങളുടെ കഴിവാണ് ഇത് പ്രകടമാക്കിയത്.
ഗൾഫ് ബന്ധങ്ങൾ സാമ്പത്തിക പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതെങ്ങനെയെന്നും നടപടിക്രമങ്ങളെയും അതിർത്തികളെയും കുറിച്ചുള്ള നീണ്ട ചർച്ചകളില്ലാതെ പോലും വെല്ലുവിളികൾക്കിടയിൽ പ്രായോഗിക സഹകരണം വേഗത്തിൽ സാധ്യമാകുന്നതെങ്ങനെയെന്നും ഈ അനുഭവം തെളിയിച്ചതായി ഷെയ്ഖ് സൽമാൻ ബിൻ ഖലീഫ കൂട്ടിച്ചേർത്തു. ഗൾഫ് സംയോജനം ത്വരിതപ്പെടുത്തുന്നതിലും ബന്ധിതത്വം ശക്തിപ്പെടുത്തുന്നതിലും പങ്കുവഹിക്കുന്ന നിരവധി അടിയന്തര നടപടികൾ നിലനിർത്താനും സ്ഥിരമാക്കാനും ജിസിസി രാജ്യങ്ങൾ യോഗങ്ങളിൽ സമ്മതിച്ചതായും അദ്ദേഹം പറഞ്ഞു.
ജിസിസി സമ്പദ്വ്യവസ്ഥയിൽ ബഹ്റൈന്റെ സ്ഥാനം വിശദീകരിച്ച മന്ത്രി, ഏകദേശം 2.3 ട്രില്യൺ യുഎസ് ഡോളർ മൂല്യമുള്ള ഏകീകൃത ഗൾഫ് സമ്പദ്വ്യവസ്ഥയുടെ ഭാഗമായാണ് രാജ്യം പ്രവർത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി. പ്രാദേശിക സമ്പദ്വ്യവസ്ഥകളുടെ വളർച്ചയിൽനിന്ന് നേട്ടമുണ്ടാക്കുന്ന മേഖലകൾ കണ്ടെത്തുകയും അധിക മൂല്യം സൃഷ്ടിക്കുകയും വളർച്ച വർധിപ്പിക്കുകയും ചെയ്യുന്ന മേഖലകളിൽ ബഹ്റൈന്റെ സ്ഥാനം ശക്തിപ്പെടുത്തുകയുമാണ് വളർച്ചയിലേക്കുള്ള ഫലപ്രദമായ മാർഗമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
യുഎഇയിലെ സുസ്ഥിരവും വൈവിധ്യപൂർണവുമായ സാമ്പത്തിക വളർച്ച പ്രാദേശിക വളർച്ചയുടെ പ്രധാന ചാലകമാണെന്നും അദ്ദേഹം പറഞ്ഞു. ഏകദേശം 1.2 ട്രില്യൺ യുഎസ് ഡോളർ മൂല്യമുള്ള സൗദി അറേബ്യയിലെ സാമ്പത്തിക വൈവിധ്യവൽക്കരണ ശ്രമങ്ങളും പ്രാദേശിക വളർച്ചയ്ക്ക് അധിക ഊർജം പകരുന്നു. അയൽ വിപണികളിലെ വളർച്ചയിൽനിന്ന് നേട്ടമുണ്ടാക്കുകയും സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യുന്ന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.
യുദ്ധത്തിന്റെ അനന്തരഫലങ്ങളും അതുണ്ടാക്കിയ തടസ്സങ്ങളും സാമ്പത്തിക പ്രവർത്തനങ്ങളെ ബാധിക്കുന്നതിനുമുമ്പ്, 2025ലെ നാലാം പാദത്തിൽ ബഹ്റൈന്റെ എണ്ണയിതര മേഖലകൾ 7.4 ശതമാനം യഥാർഥ വളർച്ച രേഖപ്പെടുത്തിയതായും 2026 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ വളർച്ച കൂടുതൽ ത്വരിതപ്പെട്ടതായും ഷെയ്ഖ് സൽമാൻ ബിൻ ഖലീഫ പറഞ്ഞു.
ലോജിസ്റ്റിക്സ്, വിതരണ ശൃംഖലകൾ, ഡാറ്റ, ഊർജം എന്നിവ ഗൾഫ് സഹകരണത്തിലെ പ്രധാന മുൻഗണനകളാണെന്നും മറ്റ് നിരവധി മേഖലകളിലും പ്രവർത്തനങ്ങൾ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ജിസിസി രാജ്യങ്ങൾക്കിടയിലെ സാമ്പത്തിക സംയോജനം ശക്തിപ്പെടുത്താനും പ്രതിസന്ധികളെയും ആഗോള വെല്ലുവിളികളെയും നേരിടാനുള്ള ശേഷി വർധിപ്പിക്കാനും മേഖലയിലെ സുസ്ഥിര വളർച്ചയുടെയും സാമ്പത്തിക സ്ഥിരതയുടെയും അടിത്തറ ശക്തമാക്കാനും ഈ സഹകരണം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Bahrain’s Finance Minister Sheikh Salman bin Khalifa Al Khalifa joined a Gateway Gulf 2026 panel on global trade routes and alliances.