ഇറാന്റെ ഐആർജിസിയുമായി ബന്ധമുള്ള 15 പേരെ അറസ്റ്റ് ചെയ്ത് ബഹ്‌റൈൻ

മനാമ: ഇറാന്റെ സായുധ സേനയായ ഐആർർജിസിക്ക് വേണ്ടി പ്രവർത്തിക്കുന്ന 15 പേരെ അറസ്റ്റ് ചെയ്തതായി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം. നിയമപ്രകാരം കുറ്റകൃത്യമാക്കപ്പെട്ട പ്രവർത്തനങ്ങളിലേക്ക് യുവാക്കളെ ആകർഷിക്കാനും സ്വാധീനിക്കാനും ശ്രമിച്ചുകൊണ്ട് പ്രകോപന നിർദേശങ്ങൾ നടപ്പിലാക്കിയതിന് പ്രതികൾ ഉത്തവരാദികളാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയെന്നും മന്ത്രാലയം വ്യക്തമാക്കി.

നിയമവിരുദ്ധ സ്ഥാപനങ്ങളുടെ അജണ്ടകൾ നടപ്പിലാക്കുന്നതിനായി സെല്ലുകൾ സ്ഥാപിച്ചുകൊണ്ട് സാമൂഹിക നുഴഞ്ഞുകയറ്റ തന്ത്രങ്ങളിലൂടെയാണ് ഈ ശൃംഖല പ്രവർത്തിച്ചിരുന്നതെന്ന് അധികൃതർ പറയുന്നു.

അറസ്റ്റിലായവർക്കെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണെന്നും, നെറ്റ്വർക്കിലോ നിയമം ലംഘിക്കുന്ന പ്രവർത്തനങ്ങളിലോ ഏർപ്പെട്ടിരിക്കുന്നവർക്കെതിരെ നടപടിയെടുക്കുന്നതിനുള്ള തിരച്ചിൽ, അന്വേഷണ പ്രവർത്തനങ്ങൾ തുടരുകയാണെന്നും മന്ത്രാലയം അറിയിച്ചു. ഇതിൽ ഉൾപ്പെട്ടവരുടെ നീക്കങ്ങൾ തുടർച്ചയായ നിരീക്ഷണത്തിലാണെന്നും മന്ത്രാലയം വ്യക്തമാക്കി. ബഹ്റൈനിൽ സമാധാനം തകർക്കാനോ, ഭിന്നത വളർത്താനോ, ശ്രമിക്കുന്ന ആരെയും തുടർന്നും നേരിടുമെന്നും മന്ത്രാലയം വ്യക്തമാക്കി.