വോട്ടവകാശത്തെ അരിഞ്ഞുതള്ളരുത്

രാജ്യത്തെ വോട്ടർപട്ടിക കുറ്റമറ്റതാക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നടപ്പാക്കുന്ന പ്രത്യേക തീവ്ര വോട്ടർപട്ടികാപരിഷ്കരണം, പൗരന്റെ ഏറ്റവുംവലിയ ജനാധിപത്യ അവകാശത്തിനുമേൽ നടക്കുന്ന കടന്നുകയറ്റമാണോ എന്ന് ആശങ്കയുയർന്നിരിക്കുന്നു. മൂന്നാംഘട്ട കരടുപട്ടിക പുറത്തുവന്നപ്പോൾ രാജ്യത്താകെ 13.37 കോടി വോട്ടർമാരെയാണ് വെട്ടിമാറ്റിയിരിക്കുന്നത്. ഇത് എസ്.ഐ.ആറിന് മുൻപുണ്ടായിരുന്ന വോട്ടർമാരുടെ ഏകദേശം 14.1 ശതമാനമാണ്. ഇതോടെ 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 99 കോടിയായിരുന്ന രാജ്യത്തെ ആകെ വോട്ടർമാരുടെ എണ്ണം 87 കോടിയായി ചുരുങ്ങുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ജനാധിപത്യപ്രക്രിയയിൽ പരമാവധി പൗരർക്ക് വോട്ടവകാശം ഉറപ്പാക്കേണ്ട ദൗത്യം, പട്ടിക ‘ശുദ്ധീകരിക്കുന്നതിലൂടെ’ അട്ടിമറിക്കപ്പെടുന്നുവോ എന്ന സംശയം ഇതിനകം ഉയർന്നുകഴിഞ്ഞു.
മരിച്ചവർ, സ്ഥിരമായി സ്ഥലംമാറിപ്പോയവർ, ഇരട്ട വോട്ടുള്ളവർ എന്നിവരെ ഒഴിവാക്കുന്നത് സ്വാഭാവിക നടപടിയാണെങ്കിലും അതിൽ കൃത്യതയും സാമാന്യയുക്തിയും നിലനിർത്തേണ്ടതുണ്ട്്. സ്ഥലം മാറിപ്പോയവരുടെ കൂട്ടത്തിൽ പലരെയും കണ്ടെത്താനായില്ലെന്ന ബാലിശമായ കാരണം അംഗീകരിക്കാനാവില്ല. അക്ഷരപ്പിശകുപോലെയുള്ള നിസ്സാരകാരണങ്ങളാൽ ലക്ഷക്കണക്കിന് സാധാരണക്കാരായ വോട്ടർമാരാണ് പുറത്തായിരിക്കുന്നത്. ഉത്തർപ്രദേശിൽമാത്രം 2.8 കോടിയും മഹാരാഷ്ട്രയിൽ 2.1 കോടിയും വോട്ടർമാർ നീക്കംചെയ്യപ്പെട്ടു. കേരളത്തിൽപ്പോലും 30 ലക്ഷത്തോളം പേർക്ക് വോട്ടവകാശം നഷ്ടപ്പെടുന്ന സ്ഥിതിയുണ്ട്.
സാധാരണക്കാർ മാത്രമല്ല, ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേകനി, കന്നഡ സൂപ്പർതാരം ശിവരാജ് കുമാർ, പ്രമുഖ ശാസ്ത്രജ്ഞൻ പ്രൊഫ. സി.എൻ.ആർ. റാവു തുടങ്ങിയ പ്രമുഖർവരെ കമ്മിഷന്റെ ‘സംശയനിഴലിൽ’ അകപ്പെട്ടിരിക്കുന്നു. ഐഡന്റിറ്റി തെളിയിക്കാൻ പലരും നോട്ടീസ് നേരിടുകയാണ്. മുൻകാല വോട്ടർപട്ടികയിലെ വിവരങ്ങളുമായി നിലവിലെ എൻട്രികൾ മാപ്പ് ചെയ്യാൻ സാധിക്കാത്തതും അക്ഷരപ്പിശകുകളുമാണ് ഇവർക്ക് വിനയായത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉദ്ദേശ്യശുദ്ധിയെയും സംശയത്തിന്റെ നിഴലിൽ നിർത്തുന്നതാണ് ഈ നടപടികൾ.
ജനാധിപത്യത്തിൽ സംശയങ്ങൾ ഒഴിവാക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗം വിവരങ്ങൾ മറച്ചുവെക്കലല്ല, കൂടുതൽ വിവരങ്ങൾ പുറത്തുവിടലാണ്. ഒരു പേര് വോട്ടർപട്ടികയിൽനിന്ന് നീക്കംചെയ്യുന്നത് ഭരണപരമായ ഒരു ഡേറ്റാ എൻട്രി മാറ്റമായി കാണാനാവില്ല. ഒരു പൗരനെ ജനാധിപത്യത്തിന്റെ നിർണായകപ്രക്രിയയിൽനിന്ന് പുറത്താക്കുന്ന നടപടിയാണത്.
അതിനാൽ എസ്.ഐ.ആറിന്റെ ലക്ഷ്യം വോട്ടർപട്ടിക ചെറുതാക്കുക എന്നതല്ല, കൃത്യവും സമഗ്രവുമായ വോട്ടർപട്ടിക സൃഷ്ടിക്കുക എന്നതായിരിക്കണം. തെറ്റായ പേരുകൾ ഒഴിവാക്കുന്നതിനെക്കാൾ വലിയ ജാഗ്രത അർഹരായ പേരുകൾ ഒഴിവാകാതിരിക്കാൻ വേണം. നടപടികളിൽ സുതാര്യതയും വിവരങ്ങളിൽ പൊതുപരിശോധനയ്ക്ക് അവസരവും ഓരോ പൗരന്റെയും പരാതിക്ക് നീതിയുക്തമായ പരിഹാരവും ഉറപ്പാക്കിയാലേ തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യത സംരക്ഷിക്കാനാവൂ.
എസ്.ഐ.ആർ. നടപടികൾ സുതാര്യവും നീതിയുക്തവുമാക്കാൻ, ഒഴിവാക്കപ്പെട്ട വോട്ടർമാരുടെ പൂർണവിവരങ്ങളും ഓരോരുത്തരെയും നീക്കം ചെയ്യാനുള്ള വ്യക്തമായ കാരണങ്ങളും (മരണം, താമസംമാറൽ, ഇരട്ടിപ്പ് മുതലായവ) തദ്ദേശീയ തലത്തിൽ പൊതുവായി പരിശോധിക്കാൻ സൗകര്യമൊരുക്കണം. വീടുകളിൽ ആളില്ലെന്ന കാരണത്താൽമാത്രം വോട്ട് വെട്ടരുത്. വിവരശേഖരണത്തിന് ഡിജിറ്റൽ സംവിധാനങ്ങളും കൃത്യമായ ഫോൺ അലേർട്ടുകളും വിപുലപ്പെടുത്തണം. പേര്, മാതാപിതാക്കളുടെ പേര് എന്നിവയിലെ ചെറിയ അക്ഷരപ്പിശകുകളുടെപേരിൽമാത്രം വോട്ടവകാശം നിഷേധിക്കുന്നത് പൂർണമായും അവസാനിപ്പിക്കണം.
ഒഴിവാക്കപ്പെടുന്നതിനുമുൻപ് വോട്ടർക്ക് സ്വാഭാവിക നീതി ഉറപ്പാക്കി മുൻകൂട്ടി നോട്ടീസ് നൽകുകയും വിശദീകരണം നൽകാൻ മതിയായ സമയം അനുവദിക്കുകയും വേണം. കരട് പട്ടികയിൽ ഉൾപ്പെടാതെപോയ അർഹരായ വോട്ടർമാർക്ക് ലളിതമായ മാർഗങ്ങളിലൂടെ പേര് പുനഃസ്ഥാപിക്കാൻ അവസരവും ഓൺലൈൻ/ഓഫ്‌ലൈൻ സംവിധാനങ്ങളും ഏർപ്പെടുത്തണം. ഏതെങ്കിലും തരത്തിലുള്ള സാങ്കേതികപ്പിഴവുകൾ കൊണ്ടോ ഉദ്യോഗസ്ഥ അനാസ്ഥകൊണ്ടോ അർഹനായ ഒരൊറ്റ വോട്ടർക്കുപോലും സമ്മതിദാനാവകാശം നിഷേധിക്കപ്പെടരുത്. തിരഞ്ഞെടുപ്പ് കമ്മിഷൻ കൂടുതൽ സുതാര്യവും ഉത്തരവാദിത്വപൂർണവുമായ നടപടികളിലൂടെ ജനങ്ങളുടെ ആശങ്കകൾ പൂർണമായും ദൂരീകരിക്കാൻ തയ്യാറാകണം.