കുരുതിക്കളങ്ങളാവരുത് റോഡുകൾ

സംസ്ഥാനത്ത് റോഡപകടങ്ങളും മരണങ്ങളും അനിയന്ത്രിതമായി വർധിക്കുന്ന സാഹചര്യത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ ആശ്വാസകരമാണ്. റോഡുകൾ യുദ്ധഭൂമിയെപ്പോലെ കൊലക്കളമാവുന്ന കേരളത്തിൽ ഈ പ്രാകൃതരീതിക്ക് തടയിടാൻ ഹൈക്കോടതി കാണിച്ച ശ്രദ്ധ ഭരണവർഗത്തിന്റെ കണ്ണുതുറപ്പിക്കേണ്ടതാണ്. നിരതെറ്റിച്ചും ഹോൺമുഴക്കിയും ലൈറ്റുകൾ തെളിയിച്ച്‌ ഇടിച്ചുകയറ്റിയും ബോഡിയിലടിച്ചു ഞെട്ടിച്ചും മുന്നോട്ടുപോകുന്ന കേരളത്തിലെ ബസുകൾ മരണശകടങ്ങളെ ഒാർമ്മിപ്പിക്കുന്നു. സ്‌പീഡ്ഗവർണർ സംവിധാനത്തെ പുച്ഛിച്ചുതള്ളി, ഹോൺ നിരോധനത്തിന് പുല്ലുവിലകല്പിച്ച് നിയമപാലകരുടെ മുന്നിലൂടെ പാഞ്ഞുപോകുന്ന വണ്ടികൾ നമ്മുടെ നിയമസംവിധാനത്തിന്റ പരിഹാസ്യമായ അവസ്ഥ തുറന്നുകാണിക്കുന്നു. ബസുകൾ മാത്രമല്ല, നിയമം കാറ്റിൽപ്പറത്തി പോകുന്ന പിക്കപ്പുകൾ, കാറുകൾ, ഇരുചക്രവാഹനങ്ങൾ, വെട്ടിത്തിരിക്കുന്ന ഒാട്ടോറിക്ഷകൾ എന്നിവയെല്ലാം നമ്മുടെ ഡ്രൈവിങ് സംസ്കാരത്തിന്റെ ഉദാഹരണങ്ങളാണ്. കടത്തിവിടുക എന്നതിനുപകരം കടത്തിവിടാതിരിക്കുക എന്ന മുഷ്ക് നമുക്കുമാത്രം അവകാശപ്പെട്ടതായിരിക്കും.

റോഡ് നമ്മുടെ സ്വന്തമാണെന്നും നിയമങ്ങൾ പാലിക്കേണ്ടത് മറ്റുള്ളവർ ആണെന്നും ഉള്ള ‘മനോഭാവം’ മലയാളികൾക്കുണ്ട്. നിയമങ്ങൾക്കു പുല്ലുവിലകല്പിച്ച്, അതിവേഗത്തിൽ മറികടന്നും സിഗ്നലുകൾ വകവെക്കാതെയും ഹെൽമെറ്റ് ധരിക്കാതെയുമുള്ള യാത്രകൾ നമ്മുടെ മാത്രമല്ല മറ്റു ജീവനുകൾക്കുകൂടി ഭീഷണിയാണ് എന്നറിയാത്തവരല്ല നമ്മൾ. റോഡപകടത്തിൽ ഇരയായ ഒരാളെങ്കിലും നമ്മുടെ കുടുംബത്തിലോ പരിചയത്തിലോ ഉണ്ടാവും എന്നു നിശ്ചയം. 2025 ജനുവരിമുതൽ 2026 ജൂലായ്‌വരെയുള്ള കാലയളവിൽ 6000 മരണങ്ങളാണ് നമ്മുടെ റോഡുകളിൽ നടന്നത്. ഒരുലക്ഷത്തോളം പേർക്ക് പരിക്കുപറ്റി. റോഡപകടങ്ങളിൽപ്പെടുന്നവരിൽ 60.5 ശതമാനം ആളുകളും 18-നും 45-നും ഇടയിൽ പ്രായമുള്ളവരാണ്. അപകടങ്ങളുടെ പ്രധാനകാരണം അതിവേഗവും അശ്രദ്ധയും റോഡുകളുടെ ശോചനീയാവസ്ഥയും തന്നെ. പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായി കിടക്കുന്ന റോഡുകളിൽ എത്ര ജീവനുകളാണ് പോലിഞ്ഞിട്ടുള്ളത്. ആ അവസ്ഥയ്ക്ക് എൻജിനിയർമാർ ഉത്തരവാദികളാകും എന്ന കോടതിയുടെ നിരീക്ഷണം യുക്തിസഹമാണ്.

കർശനമായ നിയമവ്യവസ്ഥകൊണ്ടുമാത്രമേ ഇതിനൊരറുതിവരുത്താൻ പറ്റൂ.റോഡപകടങ്ങളിൽ മനഃപൂർവമല്ലാത്ത നരഹത്യക്കാണ് ഇപ്പോൾ കേസെടുക്കുക. അഞ്ചുവർഷം തടവും പിഴയുമാണ് ശിക്ഷ. ഇത്തരത്തിൽ കർശനമല്ലാത്ത നിയമങ്ങൾ മാറേണ്ടതുണ്ട്. അശ്രദ്ധമായി റോഡപകടം ഉണ്ടാക്കുന്നവരുടെപേരിൽ കൊലക്കുറ്റംതന്നെ ചുമത്തണം. യൂറോപ്യൻ രാജ്യങ്ങൾ ഉൾപ്പെടെ പല രാജ്യങ്ങളും ശ്രദ്ധാപൂർവമുള്ള ഡ്രൈവിങ്ങിന് മുൻഗണന നൽകുന്നവരാണ്. കർശനമായ നിയമങ്ങളാണ് വാഹനമോടിക്കുന്നവർക്കുള്ളത്. കാൽനടയാത്രക്കാരുടെ സുരക്ഷ പരമപ്രധാനമാണ്. ഹോൺമുഴക്കാതിരിക്കുക, റോഡ് മുറിച്ചു കടക്കാനൊരുങ്ങുന്നവർക്ക് അതിനായി വാഹനം നിർത്തിക്കൊടുക്കുക. സീബ്രാ ലൈൻ നിയമം പാലിക്കുക എന്നീ ശീലങ്ങൾ ചെറുപ്പംതൊട്ടേ അവർ പരിശീലിക്കുന്നു. ഡ്രൈവിങ് ഏറ്റവും വലിയ സാമൂഹിക ഉത്തരവാദിത്വമായി അവർ കരുതുന്നു. സ്വകാര്യബസുകളുടെ സമയക്രമം ശാസ്ത്രീയമായി പുനർനിർണയിക്കുക, അതിവേഗവും മത്സരയോട്ടവും തടയാൻ 60 ദിവസത്തിനകം ജി.പി.എസ്. അധിഷ്ഠിത പഠനംനടത്തി സമയക്രമം ശാസ്ത്രീയമായി പുതുക്കുക. പൊതുഗതാഗത ഡ്രൈവർമാർക്ക് കേന്ദ്രീകൃത ഡിജിറ്റൽ പ്രൊഫൈൽ സംവിധാനം ഏർപ്പെടുത്തുക. പൊതുമരാമത്ത്, തദ്ദേശ റോഡുകളിൽ ലൈസൻസും ഫിറ്റ്നസും പരിശോധിക്കുക.

ക്രാഷ് ഗാർഡും റോഡ് സുരക്ഷയും ഉറപ്പാക്കാൻ എൻജിനിയർമാർക്ക് പ്രത്യേക ഉത്തരവാദിത്വംനൽകുക, സംസ്ഥാനപാതകളിൽ ഓരോ 30 കിലോമീറ്ററിലും ജീവൻരക്ഷാ സംവിധാനങ്ങളുള്ള ആംബുലൻസ് ലഭ്യമാക്കുക എന്നിവയാണ് ഹൈക്കോടതി മുന്നോട്ടുവെക്കുന്ന പ്രധാന നിർദേശങ്ങൾ. റോഡ് സുരക്ഷയ്ക്കായുള്ള ഈ നിർദേശങ്ങൾ ഏകോപിപ്പിക്കാൻ നോഡൽ അതോറിറ്റിയായി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, 75 ദിവസത്തിനകം സമഗ്ര റിപ്പോർട്ട് സമർപ്പിക്കാനും കോടതി കഴിഞ്ഞദിവസം നിർദേശിച്ചിട്ടുണ്ട്. ഇതെല്ലാം ചെയ്യേണ്ട ഭരണവർഗം നിസ്സംഗരായിരിക്കുമ്പോൾ കോടതിക്കു ഇടപെടേണ്ടിവരുന്നത് കഷ്ടമാണ്. കേരളത്തിൽ റോഡുകൾ അരാജകത്വത്തിന്റെ പാതയാണ്.അവ അങ്ങനെ ആവാതിരിക്കാൻ ഇനിയെങ്കിലും അധികാരികൾ പരിശ്രമിച്ചേപറ്റൂ.