മംഗളമാകണം ശബരിമലദർശനം

ശബരിമലയിൽ മണ്ഡലകാലം ആരംഭിക്കാൻ ഇനി അമ്പത്തിനാലു ദിവസംമാത്രം ബാക്കിനിൽേക്ക, അരവണപ്രസാദത്തിന്റെ ലഭ്യതയിലുണ്ടായ പ്രതിസന്ധി കടുത്ത ആശങ്കയാണുണ്ടാക്കിയത്. കന്നിമാസപൂജയ്ക്ക് എത്തിയ തീർഥാടകർക്ക് ഒരു ടിൻ അരവണമാത്രമേ നൽകാൻ കഴിഞ്ഞുള്ളൂ എന്നത് നിസ്സാരമായി തള്ളിക്കളയാവുന്നതല്ല. ലക്ഷക്കണക്കിന് ഭക്തരെത്തുന്ന മണ്ഡല-മകരവിളക്കുകാലത്ത് ഈ സ്ഥിതി ആവർത്തിച്ചാൽ അതുണ്ടാക്കുന്ന പ്രത്യാഘാതം ചെറുതായിരിക്കില്ല. അരവണപ്രശ്നത്തിൽ ദേവസ്വംമന്ത്രി കെ. മുരളീധരൻ ഉയർത്തുന്ന ആരോപണങ്ങൾ, തീർഥാടനത്തിനുമുൻപുള്ള ഒരുക്കങ്ങളുടെ കുറവിലേക്കും വിരൽചൂണ്ടുന്നുണ്ട്. എന്നാൽ, ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും സുഖദർശനമാണ് ഇക്കുറിയും ഉണ്ടാകുകയെന്നും ദേവസ്വംബോർഡ് പ്രസിഡന്റ് കെ. ജയകുമാർ ആവർത്തിച്ചുവ്യക്തമാക്കുന്നു. ആരാണു കുറ്റക്കാരെന്ന തർക്കത്തിനിടയിൽ യഥാർഥത്തിൽ ബുദ്ധിമുട്ടുന്നത് ഭക്തരാണ് എന്ന കാര്യം ഇരുപക്ഷവും വിസ്മരിക്കരുത്. ‘പരീക്ഷണത്തിന് നിന്നു കൊടുക്കാൻ കഴിയില്ല എന്ന മന്ത്രിയുടെ വാക്കുകൾ ശരിതന്നെ. എന്നാൽ, ആ വാക്കുകൾ സർക്കാരും ദേവസ്വം ബോർഡും ഒരുപോലെ ഓർമ്മിക്കേണ്ടതാണ്. ഭക്തരെ പരീക്ഷണത്തിനു വിട്ടുകൊടുക്കരുത്. വേണ്ടത് പരസ്പരമുള്ള കുറ്റപ്പെടുത്തലല്ല, മറിച്ച് സുതാര്യമായ വിവരകൈമാറ്റവും ഏകോപിതമായ പ്രവർത്തനവുമാണ്.
പ്രതിദിനം രണ്ടരലക്ഷം ടിൻ അരവണ നിർമിച്ചുകൊണ്ടിരുന്ന പ്ലാന്റിന്റെ വിപുലീകരണമാണ് സന്നിധാനത്ത് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. നവീകരണശേഷം മൂന്നരലക്ഷം നിർമിക്കാനാകും. ഹൈക്കോടതിയെ അറിയിച്ചശേഷമാണ് പണികൾ തുടങ്ങിയത്. കന്നിമാസപൂജകളുടെ സമയത്ത് പ്ലാന്റ് നവീകരണം നടക്കുകയായിരിക്കുമെന്ന വിവരവും ഹൈക്കോടതിക്കു കൊടുത്ത റിപ്പോർട്ടിലുണ്ടായിരുന്നു. എല്ലാ മാസപൂജകൾക്കും രണ്ടരലക്ഷം ടിൻ അരവണയാണ് തയ്യാറാക്കാറുണ്ടായിരുന്നത്. ഇത്തവണ പ്ലാന്റ് അടയ്ക്കുന്ന സ്ഥിതിക്ക് മൂന്നരലക്ഷം ടിൻ തയ്യാറാക്കി. അഞ്ചുദിവസമാണ് മാസപൂജയ്ക്ക് നടതുറക്കുക. ഇക്കുറി മൂന്നുദിവസവും അവധിദിനമായിരുന്നു. ഇതിൽ വെള്ളിയാഴ്ചയും ശനിയാഴ്ചയും അരലക്ഷത്തോളംപേർവീതം സന്നിധാനത്തെത്തി. ഈ രണ്ടുദിവസംകൊണ്ടുതന്നെ അരവണ ശേഖരം ഗണ്യമായി കുറഞ്ഞു. നിയന്ത്രണമേർപ്പെടുത്താതെ രക്ഷയില്ലെന്ന സ്ഥിതിയുണ്ടായത് അങ്ങനെയാണ്. ശബരിമലയിൽ എത്തുന്ന തീർഥാടകരുടെ എണ്ണം വെർച്വൽ ക്യൂവിലൂടെ ദിവസങ്ങൾക്കുമുൻപേതന്നെ കിട്ടുന്നുണ്ട്. അപ്രതീക്ഷിത തിരക്കുണ്ടായി എന്നു പറയുമ്പോൾ വെർച്വൽ ക്യൂവിലെ എണ്ണം എന്തിനുവേണ്ടി യാണെന്ന ചോദ്യമുയരുന്നു. ശബരിമലയിലെത്തുന്ന ഭക്തരുടെ എണ്ണം മുൻകൂട്ടിയറിഞ്ഞ് ആവശ്യമായ ഒരുക്കങ്ങൾ നടത്താനാണ് വെർച്വൽ ക്യൂ എന്നാണ് വിവക്ഷ. മണ്ഡലകാലം തുടങ്ങുന്നതിന്റെ രണ്ടുമാസം മുൻപ് പ്ലാന്റ് നവീകരണം നടത്തേണ്ടിയിരുന്നില്ല എന്ന വാദവുമുണ്ട്. ജൂൺ, ജൂലായ് മാസങ്ങളിൽ ഈ നവീകരണം നടത്താമായിരുന്നു എന്നാണ് ഈ വാദക്കാർ പറയുന്നത്. അവസാനനിമിഷമുള്ള തിരക്കിട്ട നടപടികൾ ഒഴിവാക്കാൻ ദീർഘകാല അറ്റകുറ്റപ്പണി കലണ്ടർ ആവിഷ്കരിക്കുന്നത് ദേവസ്വംബോർഡ് പരിഗണിക്കേണ്ടതാണ്.
അരവണപ്രശ്നംമാത്രമല്ല മന്ത്രി ഉയർത്തുന്ന ആരോപണം. ശർക്കര അടക്കമുള്ളവയുടെ ലേലം വൈകുന്നതുംമറ്റുമുണ്ട്. തീർഥാടനം സുഗമമാക്കാൻ വിവിധ വകുപ്പുകളുടെ ഏകോപനം അത്യാവശ്യമാണ്. നിശ്ചിത ഇടവേളകളിൽ അവലോകനയോഗങ്ങൾ കൃത്യമായി നടക്കണം. ഭരിക്കുന്ന സർക്കാർ നിയോഗിച്ച ബോർഡല്ലെന്നതിന്റെ പേരിലുള്ള ഏറ്റുമുട്ടലും അഭികാമ്യമല്ല. ദേവസ്വംബോർഡ് സ്വയംഭരണസ്ഥാപനമാണെന്ന് സർക്കാരും അവശ്യഘട്ടങ്ങളിൽ സർക്കാരിന്റെ ഇടപെടൽ വേണമെന്നത് ദേവസ്വംബോർഡും മനസ്സിലാക്കിപ്രവർത്തിച്ചില്ലെങ്കിൽ കാര്യങ്ങൾ അവതാളത്തിലാകും. ആരാണ് സംസ്ഥാനം ഭരിക്കുന്നതെന്നും ആർക്കാണ് ബോർഡിന്റെ ചുമതലയെന്നും നാനാദേശത്തുനിന്നുമെത്തുന്ന ഭക്തർക്ക് അറിയേണ്ടതില്ല. കഠിനവ്രതമെടുത്ത് മലചവിട്ടിയെത്തുന്നവർക്കു വേണ്ടത് വിരിവെക്കാനിടം, സുഖകരമായ ദർശനം, ആവശ്യത്തിന് പ്രസാദം, ചൂഷണരഹിതമായ തീർഥാടനാനുഭവം എന്നീ ചുരുങ്ങിയ കാര്യങ്ങൾമാത്രമാണ്. രാഷ്ട്രീയപ്പോരാട്ടങ്ങൾക്കപ്പുറം സർക്കാരും ദേവസ്വംബോർഡും ഒരുമിച്ചുനീങ്ങേണ്ട സമയമാണിത്. കേരളത്തിന് ഉത്തേജകമായ ശബരിമലതീർഥാടനക്കാലം മംഗളമാകാൻ വേണ്ടതൊക്കെ സർക്കാരും ദേവസ്വംബോർഡും കാലേക്കൂട്ടി ചെയ്യണം.