വഴികാട്ടുന്ന വിജയങ്ങൾ

ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ ലാറ്റിനമേരിക്കയിലെ ഒട്ടേറെ രാജ്യങ്ങളിൽ ഇടതുപക്ഷസ്വഭാവമുള്ള ഭരണകൂടങ്ങൾ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിൽവരുകയുണ്ടായി. വലതുപക്ഷ, യു.എസ്. അനുകൂല ഭരണകൂടങ്ങൾ ആവിഷ്കരിച്ച നവ ഉദാരീകരണ സാമ്പത്തികപരിപാടികാരണമുണ്ടായ മനുഷ്യദുരിതങ്ങളാണ് ഈ ഇടതുപുനരുജ്ജീവനത്തിനു പ്രധാനമായും നിമിത്തമായത്. വെനസ്വേലയിൽ പ്രസിഡന്റുപദവിയിലേക്കുയർന്ന ഹ്യൂഗോ ഷാവേസായിരുന്നു പുതുതരംഗത്തിന്റെ പ്രോദ്ഘാടകൻ. എന്നാൽ, സമീപവർഷങ്ങളിലായി ലോകമെങ്ങും, വിശിഷ്യാ പടിഞ്ഞാറൻലോകത്ത്, ആഞ്ഞുവീശുന്ന വലതുരാഷ്ട്രീയതരംഗം ലാറ്റിനമേരിക്കയിലും സ്വാധീനംചെലുത്തിയിട്ടുണ്ട്. കഴിഞ്ഞ ഒന്നരവർഷത്തിനിടെ തുടർച്ചയായി, മേഖലയിലെ ഏഴു രാജ്യങ്ങളിൽ യാഥാസ്ഥിതിക-വലതുപക്ഷ പ്രസിഡന്റുമാർ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തുകയുണ്ടായി. ഈ പ്രവണതയ്ക്കു തടയണതീർത്തുകൊണ്ടാണ്, മേഖലയിലെ ഏറ്റവും സുശക്തരാജ്യമായ ബ്രസീലിലെ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷക്കാരനായ പ്രസിഡന്റ് ലൂയിസ് ഇനാഷ്യോ ലുല ഡ സിൽവ തുടർവിജയം നേടിയിരിക്കുന്നത്.
ഹ്യൂഗോ ഷാവേസിനെപ്പോലെ, ലാറ്റിനമേരിക്കൻ പ്രതിരോധത്തിന്റെ പ്രതീകങ്ങളിലൊന്നായി ലോകമെങ്ങും അറിയപ്പെടുന്ന നേതാവാണ് ലുല. 2002-ലെയും 2006-ലെയും പ്രസിഡന്റുതിരഞ്ഞെടുപ്പിൽ വിജയിച്ച അദ്ദേഹം ഇടവേളയ്ക്കുശേഷം 2022-ലും ജയംനേടി. കടുത്ത വലതുപക്ഷക്കാരനായ ഫ്ലാവിയോ ബൊൽസനാരൊയെയാണ് അദ്ദേഹം തോൽപ്പിച്ചത്. ഫ്ലാവിയോയുടെ പിതാവ് ജെയ്ർ ബൊൽസനാരൊ പ്രസിഡന്റായിരുന്ന 2019-’22 കാലത്ത് ബ്രസീൽ തീവ്രവലതുനയപരിപാടികൾക്കാണു സാക്ഷ്യംവഹിച്ചത്. അന്താരാഷ്ട്രരംഗത്ത്, യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോടു ചേർന്നുനിൽക്കുന്ന സമീപനമായിരുന്നു അദ്ദേഹത്തിന്റേത്. ട്രംപിന്റേതിനു സമാനമായി ആഗോളതാപനം തുടങ്ങിയ ശാസ്ത്രസത്യങ്ങളോടു മുഖംതിരിച്ച ജെയ്ർ ബൊൽസനാരൊയുടെ ഭരണകാലത്ത് ബ്രസീലിലെ പ്രഖ്യാതമായ ആമസോൺ മഴക്കാടുകൾ വൻതോതിലുള്ള നശീകരണത്തിനു വിധേയമായി. ഫ്ലാവിയോയുടെ ജയം ജെയ്ർ ബൊൽസനാരൊ യുഗത്തിന്റെ ആവർത്തനത്തിന് ഇടവരുത്തുമോ എന്ന വോട്ടർമാരുടെ ഭയമാണ് തിരഞ്ഞെടുപ്പിൽ ലുലയ്ക്ക് അനുകൂലമായിത്തീർന്ന ഘടകങ്ങളിലൊന്ന്.
അയൽപക്കമേഖലയായ ലാറ്റിനമേരിക്കയിൽ പൂർണമായി പിടിമുറുക്കാമെന്ന യു.എസിന്റെയും പ്രസിഡന്റ് ട്രംപിന്റെയും മോഹത്തിനു കിട്ടിയ തിരിച്ചടിയാണ് ലുല ഡ സിൽവയുടെ വിജയം. പടിഞ്ഞാറൻലോകത്തെ ഗ്രസിക്കുന്ന വലത്-തീവ്രവലത് രാഷ്ട്രീയത്തിനും താത്കാലികമായെങ്കിലും പ്രഹരമേറ്റിരിക്കുന്നു. ലാറ്റിനമേരിക്കൻ ഇടതുരാഷ്ട്രീയത്തിൽ ജനപ്രിയരും പ്രതിരോധസന്നദ്ധരും ആദർശബദ്ധരുമായ യുവനേതാക്കൾ ഉയർന്നുവരേണ്ടതിന്റെ ആവശ്യകതകൂടിയാണ് എൺപത്തിയൊന്നുകാരനായ ലുലയുടെ വിജയം ഓർമ്മപ്പെടുത്തുന്നത്. ഇക്കാര്യത്തിൽ, യൂറോപ്യൻ രാജ്യമായ സെർബിയ ഒരു മാതൃക കാണിച്ചുതരുന്നുണ്ട്. അവിടെ ദീർഘകാലമായി അധികാരത്തിലുള്ള വലതുപക്ഷ പ്രസിഡന്റ് അലക്സാൻഡർ വുകിക് കഴിഞ്ഞദിവസത്തെ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. ഭരണകൂടത്തിനെതിരേ രണ്ടുവർഷമായി പ്രക്ഷോഭരംഗത്തുള്ള, സർവകലാശാലാ വിദ്യാർഥികളുടെ പ്രസ്ഥാനമായ ‘സ്റ്റുഡന്റ്സ് ലിസ്റ്റാ’ണ് ചരിത്രവിജയം നേടിയത്. ബ്രസീലും സെർബിയയും ലോകത്തിന് വഴികാട്ടട്ടെ.