ഭരണഘടനയുടെ കോയ്മ

രാജാവിനെക്കാൾ രാജഭക്തി കാണിക്കുന്ന ഉദ്യോഗസ്ഥർക്കുള്ള താക്കീതാണ്, ആകൃതി ചൗധരി എന്ന വിദ്യാർഥിനിയുടെ കേസിൽ ഉത്തർപ്രദേശിലെ അലഹാബാദ് ഹൈക്കോടതി ഈയടുത്തദിവസം പുറപ്പെടുവിച്ച ഉത്തരവ്. ഉത്തർപ്രദേശിലെ നോയിഡയിൽ ഏപ്രിൽ, മേയ് മാസങ്ങളിൽ നടന്ന തൊഴിലാളിസമരത്തിനു പിന്തുണയർപ്പിക്കാനെത്തിയ ആകൃതി ചൗധരിയെ കടുത്ത വ്യവസ്ഥകളടങ്ങിയ ദേശരക്ഷാനിയമം(എൻ.എസ്.എ.) ചുമത്തി തടങ്കലിലാക്കിയിരുന്നു. ഗൗതംബുദ്ധനഗർ ജില്ലാ കളക്ടർ മേധാ രൂപത്തിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് നടപടി. കേന്ദ്രസർക്കാരിന്റെ ആജ്ഞാനുസാരിയെന്ന ആരോപണംനേരിടുന്ന മുഖ്യ തിരഞ്ഞെടുപ്പുകമ്മിഷണർ(സി.ഇ.സി.) ഗ്യാനേഷ്‌കുമാറിന്റെ മകളാണ് മേധാ രൂപം. ആകൃതി ചൗധരിക്കെതിരേ എൻ.എസ്.എ. ചുമത്തിയത് റദ്ദാക്കിയ അലഹാബാദ് ഹൈക്കോടതി, അവർക്ക് അഞ്ചുലക്ഷംരൂപ നഷ്ടപരിഹാരം നൽകാനും വിധിച്ചു. മേധാ രൂപം ഉൾപ്പെടെ ഈ നടപടിക്കുപിന്നിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥരിൽനിന്ന് നഷ്ടപരിഹാരത്തുക ഈടാക്കാനാണ് കോടതിനിർദേശം. ഉദ്യോഗസ്ഥർ കൂറുകാണിക്കേണ്ടത് സർക്കാരിനോടല്ല, ഭരണഘടനയോടാണ് എന്ന സുപ്രധാനമായ നിരീക്ഷണവും കോടതി നടത്തി. മലയാളിയായ ജസ്റ്റിസ് അതുൽ ശ്രീധരൻ ഉൾപ്പെടുന്ന രണ്ടംഗബെഞ്ചിന്റേതാണ് വിധി.

നോയിഡയിലെ തൊഴിലാളിസമരത്തിനിടെയുണ്ടായ അക്രമത്തിന് പ്രകോപനമേകിയെന്ന് ആരോപിച്ചാണ് ആകൃതി ചൗധരിയെ തടങ്കലിലാക്കിയത്. എന്നാൽ, ഇതിനുള്ള തെളിവൊന്നും കോടതിയിൽ ഹാജരാക്കാൻ പോലീസിനു കഴിഞ്ഞില്ല. നോയിഡ സമരം അക്രമാസക്തമായത് മേയ് 13-നാണ്. 11-നുതന്നെ ആകൃതിയെ അറസ്റ്റുചെയ്തിരുന്നു. പോലീസിന്റെ ആരോപണം ‘കെട്ടിച്ചമച്ച കഥ’യാണെന്ന് കോടതി വിലയിരുത്തി. അറസ്റ്റ് വ്യക്തിസ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും കളക്ടറുടെ നടപടി പരിഹാസയോഗ്യമാണെന്നും കോടതി പറഞ്ഞു. കളക്ടറോടും ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥരോടും കോടതിക്കുള്ള അതൃപ്തി അവരുടെ സർവീസ് റെക്കോഡിൽ രേഖപ്പെടുത്താനും ഉത്തരവിട്ടു. വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്ന അധികാരദുർവിനിയോഗത്തോടുള്ള വിസമ്മതമാണ് ഇതുവഴി കോടതി പ്രകടിപ്പിച്ചത്. ഭരണഘടനയുടെ കോയ്മ ഉദ്യോഗസ്ഥരെ ഹൈക്കോടതി ഓർമ്മിപ്പിച്ചതും ശ്രദ്ധേയമാണ്.

വിയോജിപ്പിന്റെ സ്വരമുയർത്തുന്നവരെ നഗരനക്സലുകളെന്നും ബൗദ്ധിക നക്സലുകളെന്നുംമറ്റും വിശേഷിപ്പിച്ച് വ്യംഗ്യമായി ഭീഷണിപ്പെടുത്തുന്ന പ്രവണത ഇപ്പോഴത്തെ കേന്ദ്രഭരണകർത്താക്കൾക്കുണ്ട്. 2018-ലെ ഭീമാ കൊറെഗാവ് സംഘർഷവുമായിബന്ധപ്പെടുത്തി ഒട്ടേറെ സ്വതന്ത്രചിന്തകരെയും 2020-ലെ പൗരത്വനിയമഭേദഗതിവിരുദ്ധസമരത്തിൽ പങ്കെടുത്ത സർവകലാശാലാവിദ്യാർഥികളെയുമൊക്കെ യു.എ.പി.എ.(നിയമവിരുദ്ധപ്രവർത്തന നിരോധന നിയമം) ചുമത്തി ജാമ്യസാധ്യതപോലുമില്ലാതെ തടവിലിട്ട ഭരണകൂടമാണിത്. ഈ ഭരണകൂടനയത്തിന്റെ ചട്ടുകമായി പ്രവർത്തിക്കാനാണ് കളക്ടർ മേധാ രൂപം ഔത്സുക്യംപ്രകടിപ്പിച്ചതെന്നു മനസ്സിലാക്കാവുന്നതേയുള്ളൂ. അത് അനുവദിക്കാനാകില്ലെന്ന സന്ദേശമാണ് അലഹാബാദ് ഹൈക്കോടതി നൽകിയത്. അത് ആശ്വാസപ്രദമാണ്.