വ്യക്തിവിവര സുരക്ഷയും മാധ്യമസ്വാതന്ത്ര്യവും

ജസ്റ്റിസ് കെ.എസ്. പുട്ടസ്വാമിയും കേന്ദ്രസർക്കാരുംതമ്മിലുള്ള കേസിൽ 2017-ലാണ് സുപ്രീംകോടതി പ്രഖ്യാതമായ സ്വകാര്യതാവിധി പുറപ്പെടുവിച്ചത്. സ്വകാര്യതയ്ക്കുള്ള അവകാശം പൗരരുടെ മൗലികാവകാശമാണെന്നതായിരുന്നു വിപ്ലവകരമായ ഈ വിധിയുടെ കാതൽ. ഭരണഘടനയുടെ ഇരുപത്തിയൊന്നാം അനുച്ഛേദം ഉറപ്പുനൽകുന്ന ജീവിക്കാനും വ്യക്തിസ്വാതന്ത്ര്യമനുഭവിക്കാനുമുള്ള മൗലികാവകാശത്തിന്റെ പരിധിയിലാണ് സുപ്രീംകോടതി ഇതിനെ ഉൾപ്പെടുത്തിയത്. ഡിജിറ്റൽ വ്യക്തിവിവരങ്ങളുടെ ശേഖരണവും കൈകാര്യവും വ്യാപകമാകുന്ന പുതിയ കാലത്ത് അവയുടെ സംരക്ഷണത്തിന് പ്രത്യേകമായ നിയമസംരക്ഷണം ഉറപ്പാക്കണമെന്ന ചിന്ത ഭരണതലങ്ങളിൽ ശക്തിപ്രാപിക്കാൻ 2017-ലെ സ്വകാര്യതാവിധി നിമിത്തമായിത്തീർന്നു. രണ്ടായിരാമാണ്ടിൽ പ്രാബല്യത്തിൽവന്ന വിവരസാങ്കേതികവിദ്യാ നിയമം ഇതിനു പര്യാപ്തമല്ലെന്നും തിരിച്ചറിയപ്പെടുകയുണ്ടായി. 2023-ൽ ഡിജിറ്റൽ വ്യക്തിവിവര സംരക്ഷണ (ഡിജിറ്റൽ പേഴ്‌സണൽ ഡേറ്റാ പ്രൊട്ടക്ഷൻ- ഡി.പി.ഡി.പി.) നിയമം യാഥാർഥ്യമാക്കുന്നതിലേക്കു നയിച്ച പശ്ചാത്തലം ഇതാണ്. നിയമം നടപ്പാക്കുന്നതിനുള്ള ചട്ടങ്ങൾ കഴിഞ്ഞ വർഷം വിജ്ഞാപനംചെയ്തു. മൂന്നുഘട്ടമായി 2027 മേയ് മാസത്തിനകമാണ് നിയമത്തിലെ വ്യവസ്ഥകൾ പ്രാബല്യത്തിലാകുന്നത്. ആരുടെ വിവരമാണോ ശേഖരിക്കപ്പെടുന്നത്, ആ വ്യക്തിയുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതുസംബന്ധിച്ച വ്യവസ്ഥകൾ പ്രാബല്യത്തിലാകുന്നത് 2027-ലെ അന്തിമഘട്ടത്തിലാണ്. ഈ വ്യവസ്ഥകളുടെ പരിധിയിൽനിന്ന് വാർത്താസ്ഥാപനങ്ങളെ ഒഴിവാക്കാത്തത് മാധ്യമപ്രവർത്തന സ്വാതന്ത്ര്യത്തെ അപായത്തിലാക്കുമോ എന്ന ആശങ്ക ഉയർന്നിരിക്കുകയാണ്.

വ്യക്തിയെസംബന്ധിച്ച വിവരം ഡിജിറ്റലായി കൈകാര്യംചെയ്യുന്നതിന്, ബന്ധപ്പെട്ട സ്ഥാപനം ആ വ്യക്തിയുടെ മുൻകൂർ സമ്മതം സമ്പാദിച്ചിരിക്കണമെന്ന് ഡി.പി.ഡി.പി. നിയമത്തിലെ ആറാംവകുപ്പ് നിഷ്‌കർഷിക്കുന്നുണ്ട്. നിയമത്തിലെ വ്യവസ്ഥകളിൽ മാധ്യമസ്ഥാപനങ്ങൾക്ക് ഇളവില്ലാത്തതിനാൽ, ഒരു വ്യക്തിയെക്കുറിച്ച് വാർത്ത നൽകുന്നതിനുമുൻപ് ആ വ്യക്തിയുടെ മുൻകൂർ അനുമതി സമ്പാദിക്കേണ്ടിവരും. മുൻകൂർ അനുമതി വ്യവസ്ഥയിൽ മാധ്യമപ്രവർത്തകർക്ക് ഇളവ് നൽകിയില്ലെങ്കിൽ മാധ്യമസ്ഥാപനങ്ങൾ പൂട്ടേണ്ട അവസ്ഥ വരുമെന്ന ആശങ്ക ഇപ്പോൾ സുപ്രീംകോടതിയുടെ മുൻപാകെ എത്തിയിരിക്കുകയാണ്. ഡിജിറ്റൽ വാർത്താശാഖയുള്ള, ‘മാതൃഭൂമി’യടക്കം ഇരുപത്തിയൊന്ന് മാധ്യമസ്ഥാപനങ്ങൾ അംഗങ്ങളായ ഡിജിറ്റൽ ന്യൂസ് പബ്ലിഷേഴ്‌സ് അസോസിയേഷ(ഡി.എൻ.പി.എ.)നാണ് പരമോന്നതകോടതിയെ സമീപിച്ചത്. വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതിനുമുൻപ് അവരിൽനിന്ന് അനുമതി വാങ്ങേണ്ടിവരുന്നത് മാധ്യമപ്രവർത്തനത്തിന്റെ അടിസ്ഥാനസ്വഭാവത്തെത്തന്നെ മാറ്റിമറിക്കുമെന്ന് ഡി.എൻ.പി.എ.യുടെ അഭിഭാഷക കഴിഞ്ഞദിവസം വാദിച്ചു. “നിങ്ങളെക്കുറിച്ച് വാർത്ത നിൽകണമെങ്കിൽ നിങ്ങളുടെ അനുമതി തേടണമെന്ന അവസ്ഥ എങ്ങനെയാണ് ശരിയാകുക? അങ്ങനെയായാൽപ്പിന്നെ എന്താണ് വാർത്ത? പ്രസിദ്ധീകരിക്കുന്നതിനുമുൻപുള്ള നിയന്ത്രണം സെൻസർഷിപ്പാണ്”- അഭിഭാഷക മാധവി ദിവാൻ സമർഥിച്ചു. കേന്ദ്ര ഐ.ടി., നിയമ മന്ത്രാലയങ്ങൾക്ക് നോട്ടീസയച്ച സുപ്രീംകോടതി നവംബർ 17-ന് കേസ് വീണ്ടും പരിഗണിക്കും.

ഡിജിറ്റൽ വ്യക്തിവിവര സംരക്ഷണമെന്ന ചിന്തയിലേക്കു ഭരണകൂടത്തെ നയിച്ച, പുട്ടസ്വാമി കേസിലെ സ്വകാര്യതാവിധിയിൽ സുപ്രീംകോടതി സ്വകാര്യതയ്ക്കുള്ള മൗലികാവകാശത്തെ അഭിപ്രായസ്വാതന്ത്ര്യമടക്കമുള്ള മറ്റ് മൗലികാവകാശങ്ങളുമായി സമരസപ്പെടുത്തണമെന്ന് സ്പഷ്ടമാക്കിയിരുന്നു. വ്യക്തിവിവരങ്ങൾ മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുന്നത് പൊതുതാത്പര്യാർഥമാണെങ്കിൽ അതിന് സംരക്ഷണം വേണമെന്നും വിധിയിൽ അംഗീകരിച്ചു. മാത്രമല്ല, ഡിജിറ്റൽ വ്യക്തിവിവര സംരക്ഷണത്തിനായി 2018, 2019, 2022 വർഷങ്ങളിൽ കേന്ദ്രസർക്കാർ പരിഗണിച്ച ബില്ലുകളിൽ മാധ്യമസ്ഥാപനങ്ങൾക്കും വാർത്താപ്രവർത്തകർക്കും ഇളവ് വ്യവസ്ഥചെയ്തിരുന്നു. എന്നാൽ, 2023-ലെ ഡി.പി.ഡി.പി. ബില്ലിലോ നിയമത്തിലോ ഈ ഇളവ് ഉണ്ടായില്ല. ഇത് ഭരണഘടനാവിരുദ്ധമാണെന്ന വാദവുമായാണ് ഡി.എൻ.പി.എ. സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. വ്യക്തിയുടെ സ്വകാര്യതാ അവകാശത്തിനും മാധ്യമങ്ങളുടെ വാർത്താപ്രകാശന സ്വാതന്ത്ര്യത്തിനും ഭംഗംവരാത്തതരത്തിലൊരു തീർപ്പ് രാജ്യത്തിന്റെ പരമോന്നതകോടതിയിൽനിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.