വീണ്ടും സ്കൂൾക്കാലം

പ്രതീക്ഷകൾ മുറ്റിനിൽക്കുന്ന പുതിയൊരു അധ്യയനവർഷത്തിനു തുടക്കമാകുന്നു. വിദ്യതേടിയുള്ള നമ്മുടെ കുട്ടികളുടെ ഈ തീർഥാടനം മംഗളമാകട്ടെ എന്നാശംസിക്കാം. സമ്മർദങ്ങളില്ലാതെ പഠിക്കാനും ആയുഷ്കാലത്തേക്കായുള്ള മൂല്യങ്ങളാർജിക്കാനും കുട്ടികൾക്കു സാധ്യമാകുന്ന വിദ്യാലയാന്തരീക്ഷമാണ് ഉണ്ടാകേണ്ടത്. അക്കാര്യത്തിൽ ഏറ്റവുംവലിയ പങ്കുവഹിക്കാനുള്ളത് അധ്യാപകർക്കാണ്. പാഠഭാഗങ്ങളോതിക്കൊടുക്കാൻമാത്രമല്ല, നേർവഴി കാട്ടിക്കൊടുക്കാനും വാൽസല്യംചൊരിയാനുമുള്ള ഉൾത്തെളിച്ചമുള്ളവരാകണം അധ്യാപകർ.
കഴിഞ്ഞ പത്തുവർഷത്തെ എൽ.ഡി.എഫ്. ഭരണകാലത്ത് സംസ്ഥാനത്തെ സ്കൂൾവിദ്യാഭ്യാസമേഖലയിൽ സ്തുത്യർഹമായ ചില പരിശ്രമങ്ങൾ ഉണ്ടായി എന്നത് അവഗണിക്കാനാകില്ല. പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കാനും അവയുടെ ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്താനുംമാത്രമല്ല, അക്കാദമികനിലവാരത്തിലെ വീഴ്ചകൾ തിരിച്ചറിഞ്ഞ് പരിഹരിക്കാനും ഉദ്യമമുണ്ടായി. ആ നീക്കങ്ങൾ കൂടുതൽ സാർഥകമായി മുന്നോട്ടുകൊണ്ടുപോകാനുള്ള ഉത്തരവാദിത്വമാണ് പുതിയ സർക്കാരിനുള്ളത്. പാഠപുസ്തകങ്ങൾ സമയാസമയം പരിഷ്കരിക്കുകയും ബോധനരീതികളിൽ കാതലായതും കാലാനുസൃതവുമായ മാറ്റങ്ങൾ ആവിഷ്കരിക്കുകയുംവേണം. വിദ്യാർഥികളുടെ ബൗദ്ധികനിലവാരം നിരന്തരമായി ഉയർത്തിക്കൊണ്ടുവരാൻ എന്താണുചെയ്യേണ്ടതെന്നതിലായിരിക്കണം വിദ്യാഭ്യാസനയരൂപകർത്താക്കളുടെയും അധ്യാപകസമൂഹത്തിന്റെയും ഔത്സുക്യം.
ലഹരിവിപത്തിൽനിന്നു നമ്മുടെ കുട്ടികളെ സംരക്ഷിക്കുകയെന്നത് ഇക്കാലത്തെ ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്വവും വെല്ലുവിളിയുമാണ്. ഇക്കാര്യത്തിൽ അധ്യാപകരും രക്ഷിതാക്കളും തോളോടുതോൾചേർന്നു പ്രവർത്തിക്കണം. ലഹരിക്ക് അടിപ്പെടുന്ന കുട്ടികളെ തള്ളിപ്പറയുകയോ ക്രൂശിക്കുകയോ അരുത്. ശരിയായ മനശ്ശാസ്ത്ര കൗൺസലിങ്ങിലൂടെയും മറ്റുമാർഗങ്ങളിലൂടെയും അത്തരക്കാരെ സാധാരണജീവിത്തിലേക്കു മടക്കിക്കൊണ്ടുവരണം. ഒരു കുട്ടിയുടെയും ജീവിതം ലഹരിനാശത്തിനു വിട്ടുകൊടുത്തുകൂടാ. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഈയടുത്തദിവസം പ്രഖ്യാപിച്ച 'തൂഫാൻ- ദ നാർക്കോ ഹണ്ട്' എന്ന പ്രത്യേക പോലീസ് നടപടി സംസ്ഥാനത്തെ വിദ്യാലയങ്ങളെയും അവയുടെ പരിസരങ്ങളെയും ലഹരിമുക്തമാക്കാൻ പര്യാപ്തമാകുമെന്നു പ്രത്യാശിക്കാം.
അക്രമപ്രവണത സ്കൂൾവിദ്യാർഥികൾക്കിടയിലും പടർന്നുപിടിച്ചിരിക്കുന്ന അപകടകാലത്താണു നാം ജീവിക്കുന്നത്. കോഴിക്കോട് താമരശ്ശേരിയിൽ സ്കൂൾക്കുട്ടികൾതമ്മിലുണ്ടായ സംഘർഷത്തിൽ മരിച്ച ഷഹബാസിനെ നമ്മളാരും മറന്നിട്ടില്ല. ഇനിയൊരു ഷഹബാസ് ഇന്നാട്ടിൽ ഉണ്ടാകരുത്. അക്കാര്യത്തിൽ അധ്യാപകരും രക്ഷിതാക്കളും അധികജാഗ്രത കാട്ടണം. സ്കൂളുകളിൽ റാഗിങ് പോലുള്ള പ്രവണതകളും കണ്ടുതുടങ്ങിയിരിക്കുന്നു. സ്കൂൾ അധികൃതർ ഇത് കർശനമായി നേരിടണം. റാഗിങ്ങിന് ഇരയാകുന്ന കുട്ടികൾക്ക് അടിയന്തര മനശ്ശാസ്ത്രസഹായത്തിനുള്ള സൗകര്യമൊരുക്കണം.
സ്കൂളിലേക്കു കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങളുടെ സുരക്ഷയാണ് അതിശ്രദ്ധയർഹിക്കുന്ന മറ്റൊരുകാര്യം. ഓട്ടോറിക്ഷയിലുംമറ്റും കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോകുന്നത് അവസാനിപ്പിക്കണം. സ്കൂൾക്കുട്ടികളുമായിപ്പോകുന്ന വാഹനങ്ങളുടെ വേഗം കർശനമായ നിരീക്ഷണത്തിനും പരിശോധനയ്ക്കും വിധേയമാകണം. സ്കൂൾബസുകളുടെയും സ്കൂൾക്കെടിടങ്ങളുടെയും ഫിറ്റ്നസ് ഇതിനകം അധികൃതർ ഉറപ്പാക്കിയിട്ടുണ്ടാകുമെന്നു പ്രതീക്ഷിക്കാം.
വീടുവിട്ടാൽ മറ്റൊരു വീട് എന്ന പ്രതീതി കുട്ടികളിൽ ജനിപ്പിക്കുന്ന ഇടങ്ങളാകണം സ്കൂളുകൾ. പഠനഭാരത്തിന്റെ ഇരകളാകരുത് നമ്മുടെ കുട്ടികൾ. അറിവിന്റെ വിശാലലോകേത്തക്കുള്ള പ്രയാണത്തിന് അസ്തിവാരമിടുന്ന ഘട്ടമാണ് സ്കൂൾവിദ്യാഭ്യാസം. ആ പ്രക്രിയ ലളിതസുന്ദരവും അയത്നമധുരവുമാകണം. അത് മനസ്സിലാക്കാനുള്ള വിവേകം അധ്യാപകർക്കും രക്ഷിതാക്കൾക്കും ഉണ്ടാകണം. പുഷ്പങ്ങൾ തല്ലിക്കൊഴിക്കാതിരിക്കുക എന്നേ പറയാനുള്ളൂ.