പി.എസ്.സി.യുടെ ഒളിച്ചോട്ടം

ആസൂത്രണബോർഡ് ചീഫ് തസ്തികയിലെ നിയമനക്രമക്കേടുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണവുമായി പി.എസ്.സി. ചെയർമാനും അംഗങ്ങളും സഹകരിക്കാത്തത് അംഗീകരിക്കാനാകില്ല. ഹൈക്കോടതിതന്നെ ഇക്കാര്യത്തിൽ അദ്ഭുതം പ്രകടിപ്പിച്ചിരിക്കുകയാണ്. ‘‘വസ്തുത അറിയാവുന്നവർ എന്ന നിലയിലല്ലേ ചോദ്യംചെയ്യാൻ വിളിപ്പിക്കുന്നത്. പ്രതിയെന്ന നിലയിൽ അല്ലല്ലോ. ഇക്കാര്യത്തിൽ നിങ്ങൾക്ക് ധാർമികവും നിയമപരവും ഭരണഘടനാപരവുമായ ഉത്തരവാദിത്വമുണ്ട്’’ -ഇതാണ് ഹൈക്കോടതിയിലെ ജസ്റ്റിസ് എ. ബദറുദീൻ കഴിഞ്ഞദിവസം പി.എസ്.സി. അധികാരികളോടു പറഞ്ഞത്. ക്രൈംബ്രാഞ്ച് അന്വേഷണം ചോദ്യംചെയ്ത് പി.എസ്.സി. നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. രണ്ട് ഉദ്യോഗസ്ഥർക്കു നേരേയാണു കേസെന്നും അതിന് പി.എസ്.സി. എന്തിനാണ് കോടതിയെ സമീപിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും സംസ്ഥാനസർക്കാരിനുവേണ്ടി ഹാജരായ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി. ആസഫലി ബോധിപ്പിച്ചു. വിശദവാദത്തിനായി കേസ് 13-ലേക്കു മാറ്റിയിരിക്കുകയാണ്.
പി.എസ്.സി. അടിമുടി കക്ഷിരാഷ്ട്രീയവത്കരിക്കപ്പെട്ട സ്ഥാപനമായ തിനാൽ അതിന്റെ പ്രവർത്തനത്തിൽ സമ്മർദങ്ങളും സ്വാധീനങ്ങളും വലുതായിത്തന്നെയുണ്ട്. പി.എസ്.സി. ചെയർമാൻ, അംഗങ്ങൾ തുടങ്ങിയവരൊക്കെ രാഷ്ട്രീയനോമിനികളാണ്. അതതുകാലത്തു ഭരിക്കുന്ന കക്ഷികളുടെ നിയന്ത്രണത്തിലാണ്, സ്വതന്ത്ര സ്വഭാവമുണ്ടായിരിക്കേണ്ടതായ ഈ സ്ഥാപനത്തിന്റെ പ്രവർത്തനം. സി.പി.എമ്മാണു സംസ്ഥാനഭരണം കൈയാളുന്നതെങ്കിൽ ഈ സ്വാധീനവും ഇടപെടലും ഏറിയ അളവിലായിരിക്കുമെന്നതാണ് അനുഭവം. കഴിഞ്ഞവർഷങ്ങളിൽ പി.എസ്.സി. നടത്തിയ പല പരീക്ഷകളും നിയമനങ്ങളും സംശയനിഴലിലാണ്. കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ്(കെ.എ.എസ്.), അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ റാങ്കുപട്ടികകളിൽ എൽ.ഡി.എഫ്. പ്രവർത്തകരും അനുഭാവികളും വലിയതോതിൽ കടന്നുകൂടിയതായി ആരോപണമുയർന്നിരുന്നു. അടുത്തകാലത്തെ ഡിവൈ.എസ്.പി. റാങ്കുപട്ടികയെക്കുറിച്ചും സംശയങ്ങളുന്നയിക്കപ്പെടുകയുണ്ടായി.
ഇതിനുപിന്നാലെയാണ് സംസ്ഥാന ആസൂത്രണബോർഡിലെ ചീഫ് തസ്തികയിലേക്ക് പി.എസ്.സി. നടത്തിയ പരീക്ഷയിലെ ക്രമക്കേട് പുറത്തുവന്നത്. ആസൂത്രണബോർഡിലെ ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ വിഭാഗം ചീഫ്, പേഴ്‌സപെക്ടീവ് പ്ലാനിങ് ഡിവിഷൻ ചീഫ്, പ്ലാനിങ് കോഡിനേഷൻ ഡിവിഷൻ ചീഫ് തസ്തികകളിലേക്ക് 2023 ജൂലായ് 13-നു നടത്തിയ പ്രാഥമികപരീക്ഷയിലെ പത്തു ചോദ്യങ്ങളുടെ ഉത്തരം മൂല്യനിർണയംചെയ്തിട്ടേയില്ലെന്ന വിവരമാണു പുറത്തുവന്നത്. നൂറുമാർക്കിന്റെ പേപ്പറിൽ 58 മാർക്കിനുള്ള ഭാഗങ്ങളാണ് ഇങ്ങനെ വിട്ടുപോയത്. ഓൺസ്‌ക്രീൻ മാർക്കിങ് സംവിധാനത്തിലൂടെ മൂല്യനിർണയംനടത്തിയപ്പോൾ ഈ ഭാഗങ്ങൾ പരിശോധകർക്ക് കൈമാറാൻ വിട്ടുപോയെന്നായിരുന്നു പി.എസ്.സി.യുടെ വിശദീകരണം. വിവരാവകാശക്കമ്മിഷന്റെ ഇടപെടലിലൂടെ വീഴ്ച പുറത്തുവരുന്ന ഘട്ടമായപ്പോൾ നിൽക്കക്കള്ളിയില്ലാതെയാണ് പി.എസ്.സി. പിഴവ് സമ്മതിച്ചത്. പത്തുചോദ്യങ്ങൾ ഒഴിവാക്കിയുള്ള റാങ്കുപട്ടികയുടെ അടിസ്ഥാനത്തിൽ മൂന്നു തസ്തികകളിൽ രണ്ടെണ്ണത്തിൽ നിയമനം നടന്നിരുന്നു. നിയമനം നേടിയവർ എൽ.ഡി.എഫ്. അനുഭാവികളാണെന്ന് ആരോപണവുമുണ്ടായിരുന്നു. ഇവരുടെ ജോലി നിലവിൽ അനിശ്ചിതത്വത്തിലാണ്.
സർക്കാർജോലിക്കുള്ള നിയമനപ്രക്രിയ നടപടിക്രമങ്ങൾ പാലിച്ചും പക്ഷപാതരഹിതമായും സമ്മർദമുക്തമായും നടത്തപ്പെടേണ്ടതാണെന്നതിൽ സംശയമില്ല. പക്ഷേ, അതല്ല സംഭവിക്കുന്നതെന്നതാണു വസ്തുത. ആ അവസ്ഥയ്ക്കു മാറ്റംവരണം. പി.എസ്.സി.യുടെ സ്വതന്ത്രസ്വഭാവവും സത്യസന്ധമായ പ്രവർത്തനവും ഉറപ്പുവരുത്താൻ സാധിക്കണം. അതിനുള്ള ശ്രമത്തിന്റെ ഭാഗമായിവേണം യു.ഡി.എഫ്. സർക്കാർ പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണത്തെ കാണാൻ. അന്വേഷണനടപടികളിൽനിന്ന് ഒളിച്ചോടാനുള്ള പി.എസ്.സി.യുടെ ശ്രമം ദൗർഭാഗ്യകരമാണ്.