ചട്ടങ്ങൾ വഴികാട്ടട്ടെ

കുട്ടികളുടെ വർധിച്ചുവരുന്ന ഡിജിറ്റൽ ഉപയോഗം ഇന്ന് വലിയൊരു സാമൂഹിക ഉത്കണ്ഠയാണ്. ഈ പ്രശ്‌നം കൈകാര്യംചെയ്യുന്നതിന് ചട്ടങ്ങളുണ്ടാക്കാൻ കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി കഴിഞ്ഞദിവസം നിർദേശിച്ചത് പ്രതീക്ഷനൽകുന്നു. സർക്കാർ ഇടപെടുന്നില്ലെങ്കിൽ ഐ.ടി. നിയമത്തിനുകീഴിൽ ഉത്തരവിറക്കാൻ സുപ്രീംകോടതിതന്നെ മുന്നിട്ടിറങ്ങുമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങൾ. സാമൂഹികമാധ്യമങ്ങളും മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും ഉപയോഗിക്കുന്നതിൽ പ്രായപൂർത്തിയാകാത്തവർക്ക് സംരക്ഷണമാവശ്യപ്പെടുന്ന പൊതുതാത്പര്യഹർജി പരിഗണിക്കുകയായിരുന്നു കോടതി. കുട്ടികൾക്ക് അക്കൗണ്ടുണ്ടാക്കാൻ മാതാപിതാക്കളുടെ അനുമതി നിർബന്ധമാക്കുന്നതും സാമൂഹികമാധ്യമ ഇന്റർമീഡിയറികളെ നിയന്ത്രിക്കുന്നതും പരിഗണിക്കാമെന്നാണ് കേന്ദ്രസർക്കാരിന്റെ അഭിഭാഷകൻ സുപ്രീംകോടതിയിൽ അറിയിച്ചത്.
പക്വതയില്ലാത്ത പ്രായത്തിൽ സാമൂഹികമാധ്യമങ്ങളിലെ ഉച്ഛൃംഖലമായ ഉള്ളടക്കലോകത്തേക്കു പ്രവേശിക്കുന്നതിൽ അപായസാധ്യത പതുങ്ങിയിരിപ്പുണ്ട്. മണിക്കൂറുകളോളം ഇതിന്റെ ഉപയോഗത്തിൽ അകപ്പെടുന്ന കുട്ടികൾക്ക് പഠനത്തിൽ ഏകാഗ്രതക്കുറവും പെരുമാറ്റപ്രശ്നങ്ങളുമൊക്കെ ഉണ്ടാകുന്നതായി മനശ്ശാസ്ത്രവിദഗ്ധർ പറയുന്നു. ഡിജിറ്റൽലോകത്ത് ചതിയുടെ വലവിരിച്ചു കാത്തിരിക്കുന്നവരെ കരുതിയിരിക്കണം. കുട്ടികളുടെ ഡിജിറ്റൽജീവിതത്തിൽ ഏറ്റവും അപകടകാരിയായ വ്യക്തി അപരിചിതരാകണമെന്നുപോലുമില്ല; പതിയെ അവരുടെ വിശ്വാസം നേടിയെടുക്കുന്ന ഒരാളുമാകാം. ഈ വിശ്വാസംപിടിച്ചുപറ്റലിനെ ‘ഓൺലൈൻ ഗ്രൂമിങ്’ എന്നാണു പറയുന്നത്. കുട്ടികളുമായി സാമൂഹികമാധ്യമത്തിലൂടെ അടുപ്പംസ്ഥാപിച്ച്, ക്രമേണ വൈകാരിക മാറ്റിമറയ്ക്കലിലൂടെ ചൂഷണത്തിന് ഇരയാക്കുന്ന രീതിയാണിത്. ഇത്തരം പ്രവണതകളെയൊക്കെ നിയന്ത്രണവിധേയമാക്കാൻ സാധിക്കണം.
എന്നാൽ, ശരിയായ രീതിയിൽ ഉപയോഗിച്ചാൽ സോഷ്യൽ മീഡിയ സുഹൃത്തും വഴികാട്ടിയുമാണെന്നു നിരീക്ഷിക്കുന്നവരുമുണ്ട്. ഈ ശരിയായ ഉപയോഗത്തിന് ഉതകുന്നതരത്തിലുള്ള ചട്ടങ്ങൾ രൂപപ്പെടുത്തുകയെന്നതാണ് സർക്കാരും നയരൂപകർത്താക്കളും ഏറ്റെടുക്കേണ്ട ദൗത്യം. സാമൂഹികമാധ്യമങ്ങളുടെ ഉപയോഗവും ദുരുപയോഗവും ഏതറ്റംവരെ പോകാമെന്നാണ് നാം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. ദുരുപയോഗസാധ്യത ഫലവത്തായി നിയന്ത്രിക്കുകയാണ് ഭരണകൂടം ആലോചിച്ചുചെയ്യേണ്ടത്. ചൂഷണം തടയുന്നതിനുള്ള സാങ്കേതികോപാധികൾ തങ്ങളുടെ പ്ലാറ്റ്‌ഫോമിൽ വിലയിപ്പിക്കാൻ സാമൂഹികമാധ്യമക്കമ്പനികളെ സർക്കാർ പ്രോത്സാഹിപ്പിക്കണം. കുട്ടികളുടെ സാമൂഹികമാധ്യമ ഉപയോഗത്തിന് സമയക്ലിപ്തത ഉറപ്പാക്കാൻ സാങ്കേതികമായി സാധ്യമാകുമോ എന്നും നോക്കാവുന്നതാണ്. മാതാപിതാക്കളുടെ അനുമതിമാത്രമല്ല, നിരീക്ഷണവും നിയമവശാൽ ഉറപ്പാക്കാനായാൽ നന്നാകും. ഉപയോക്താക്കളുടെ പ്രായം തിട്ടപ്പെടുത്തുന്നതിനുള്ള ഉപാധികൾ ഫലവത്താകുന്നുണ്ടെന്നും ഉറപ്പുവരുത്തണം. സുരക്ഷാ-സ്വകാര്യതാ ചട്ടങ്ങൾ പാലിക്കാത്ത ചെറുകിട പ്ലാറ്റ്‌ഫോമുകളിലേക്ക് കുട്ടികൾ വഴിമാറിപ്പോകാതെനോക്കണം. അങ്ങനെ സംഭവിക്കുന്നത് കൂടുതൽ അപകടമാകുമെന്നു പറയേണ്ടതില്ലല്ലോ. കുട്ടികളുടെ രക്ഷയും പുതുകാലത്തിന്റെ മുന്നേറ്റങ്ങളും സമഞ്ജസപ്പെടുത്താൻകഴിയുന്ന ചട്ടങ്ങളാണുണ്ടാകേണ്ടത്.