വിമാനസുരക്ഷ സംശയത്തിൽ

ദുബായിൽനിന്ന് ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിലേക്കുപറന്ന വിമാനത്തിൽ ഇന്ത്യക്കാരനായ മുഖ്യ പൈലറ്റിനെ സഹപൈലറ്റ് ആക്രമിച്ച സംഭവം ആകാശയാത്രയെക്കുറിച്ചുള്ള പരിഭ്രാന്തി വർധിപ്പിക്കുന്നു. സൗദി അറേബ്യയിലെ തബൂക്കിൽ വിമാനം അടിയന്തര ലാൻഡിങ് നടത്തി. ഒമാൻ പൗരനായ അക്രമിയെ സൗദി പോലീസ് അറസ്റ്റുചെയ്തു. സംഭവം ഭീകരാക്രമണമാണെന്നാണ് ഇസ്രയേലും യു.എസും ആരോപിക്കുന്നത്. ദുബായ് വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന് കുറച്ചുസമയത്തിനകം കോക്പിറ്റിൽനിന്ന് ഉറക്കെയുള്ള നിലവിളികൾ ഉയർന്നെന്ന് യാത്രക്കാർ പറഞ്ഞു. കോക്പിറ്റ് തുറന്നപ്പോൾ രക്തം ചിതറിക്കിടക്കുന്നതും അടിയന്തരസാഹചര്യങ്ങൾ നേരിടാനായി സൂക്ഷിക്കാറുള്ള ക്രാക്ക് ആക്‌സ് എന്ന ആയുധം ഉപയോഗിച്ച് സഹപൈലറ്റ് മുഖ്യപൈലറ്റിനെ കുത്തിപ്പരിക്കേൽപ്പിച്ചിരിക്കുന്നതുമാണ് യാത്രക്കാർ കണ്ടത്. വിമാനം നിയന്ത്രണംവിട്ട് താഴേക്ക് പതിച്ചു. അക്രമി വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിച്ചെങ്കിലും യാത്രക്കാരും വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരും ചേർന്ന് ഇയാളെ കീഴ്‌പ്പെടുത്തി. യാത്രക്കാരുടെ കൂട്ടത്തിലുണ്ടായിരുന്ന രണ്ടു പൈലറ്റുമാർ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും സൗദിയിലേക്ക് തിരിച്ചുവിടുകയുംചെയ്തു. മേഖലയിലെ സംഘർഷസാഹചര്യം കണക്കിലെടുത്ത് വിമാനക്കമ്പനി അധികമായി നിയോഗിച്ച പൈലറ്റുമാരാണ് ഇവർ. ആത്മസംയമനത്തോടെ പ്രതിസന്ധി നേരിടുകയും അപകടം ഒഴിവാക്കുകയുംചെയ്ത ഇന്ത്യൻ പൈലറ്റ് സ്മിത്ത് മച്ചാർ ലോകത്തിന്റെ ആദരംനേടി. കത്തിക്കുത്തേറ്റ് പരിക്കുപറ്റിയിട്ടും ഇദ്ദേഹം കോക്പിറ്റ് തുറന്നുകൊടുത്തതുകൊണ്ടാണ് യാത്രക്കാർക്ക് അക്രമിയെ കീഴടക്കാനും രണ്ടു പൈലറ്റുമാർക്ക് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനും സാധിച്ചത്.
യു.എ.ഇ. ഭരണകൂടത്തിന്റെ ഉടമസ്ഥതയിലുള്ള ഫ്ലൈ ദുബായ് കമ്പനിയുടേതാണ് വിമാനം. സംഭവത്തിന് തീവ്രവാദബന്ധമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കുമെന്ന്
യു.എ.ഇ. അറിയിച്ചിട്ടുണ്ട്. അക്രമം നടത്തിയ പൈലറ്റിനെ സൗദി അറേബ്യ യു.എ.ഇ.ക്കു കൈമാറി. പൈലറ്റുമാരുടെ തീവ്രവാദ അനുഭാവം, മയക്കുമരുന്നുപയോഗം, ജോലിസമ്മർദം തുടങ്ങിയവയൊക്കെ വിമാനയാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളാണ്. കഴിഞ്ഞ ഓഗസ്റ്റിൽ അപകടത്തിൽപ്പെട്ട ഫുക്കറ്റ്-ഡൽഹി എയർ ഇന്ത്യ വിമാനത്തിലെ പൈലറ്റ് ജോലിക്കെത്തിയത് കഞ്ചാവ് ഉപയോഗിച്ചാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. മദ്യപിച്ചിട്ടുണ്ടോയെന്ന് അറിയാനുള്ള ബ്രത്തലൈസർ ടെസ്റ്റ് എല്ലാ യാത്രകളിലുമുണ്ടെങ്കിലും ലഹരിമരുന്നിന്റെ സാന്നിധ്യം കണ്ടെത്താനുള്ള പരിശോധന വിമാനജീവനക്കാരിൽ വല്ലപ്പോഴുമാണ് നടത്താറുള്ളത്. എന്നാൽ, ഫുക്കറ്റ്-ഡൽഹി വിമാനത്തിെൻറ തകരാറിനുകാരണമായത് സാങ്കേതികപ്രശ്‌നങ്ങൾകൂടിയായിരുന്നു. ഇതും പൈലറ്റിന്റെ ലഹരിയുപയോഗവുംതമ്മിൽ ബന്ധമുണ്ടോ എന്നത് സ്ഥിരീകരിക്കപ്പെട്ടിട്ടുമില്ല. സംഭവത്തിൽ ഇരുപത് യാത്രക്കാർക്കും നാല് കാബിൻ ക്രൂ അംഗങ്ങൾക്കും പരിക്കേറ്റിരുന്നു.
വഴക്കുപറഞ്ഞ മേലുദ്യോഗസ്ഥനോടുള്ള സഹപൈലറ്റിന്റെ പ്രതികാരബുദ്ധിയാണ് 1999-ൽ ഈജിപ്ത് എയറിന്റെ വിമാനം 217 യാത്രക്കാരുമായി അറ്റ്‌ലാന്റിക് സമുദ്രത്തിൽ പതിക്കാനുണ്ടായ കാരണം. ഓട്ടോപൈലറ്റ് സംവിധാനം ഓഫാക്കിയും രണ്ട് എൻജിനിലേക്കുമുള്ള ഇന്ധനപ്രവാഹം തടഞ്ഞും അപകടമുണ്ടാക്കുകയാണു ചെയ്തത്. തകർന്നുവീണ വിമാനത്തിൽ പൈലറ്റിനെ ശകാരിച്ച മേലുദ്യോഗസ്ഥനുമുണ്ടായിരുന്നു. വിമാനറാഞ്ചൽപോലുള്ള ഭീഷണികൾ തടുക്കാനും തരണംചെയ്യാനും ഫലപ്രദമായ മുൻകരുതലുകൾ പ്രാബല്യത്തിലുണ്ടോ എന്നതും സംശയമാണ്. 2001 സെപ്റ്റംബർ പതിനൊന്നിന് യു.എസിലെ സമുച്ചയങ്ങളിൽ ആക്രമണംനടത്താൻ ഭീകരർ വിമാനങ്ങൾ റാഞ്ചിയത് വെറും പേനാക്കത്തികൊണ്ടു പൈലറ്റിനെ ഭീഷണിപ്പെടുത്തിയാണ്. കാൽനൂറ്റാണ്ടിനിപ്പുറം ലോകമെങ്ങും വിമാനങ്ങളിൽ സുരക്ഷാജാഗ്രത എത്രമാത്രം ശക്തിപ്പെടുത്തിയിട്ടുണ്ടെന്നത് സന്ദേഹാസ്പദമാണ്.