പ്രമാടം പ്രഗതി സ്കൂളിൽ 'ഫുഡ് ഫിയസ്റ്റ 2026' ഭക്ഷ്യമേള സംഘടിപ്പിച്ചു

പ്രമാടം പ്രഗതി സ്കൂളിൽ സംഘടിപ്പിച്ച 'ഫുഡ് ഫിയസ്റ്റ 2026' ഭക്ഷ്യമേള പഞ്ചായത്ത് പ്രസിഡന്റ് സുശീല അജി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു. സ്കൂൾ പ്രിൻസിപ്പൽ എം.കെ. ബിന്ദു, മാനേജർ ടി.ആർ. സുരേഷ്, പി.ടി.എ. പ്രസിഡന്റ് ടി.പി. സുനിൽകുമാർ, ഇ. മുരളീധരൻ, എ.എം. ലൂസി, അലൻ ജോഷി തുടങ്ങിയവർ സമീപം.
പ്രമാടം പ്രഗതി സ്കൂളിൽ സംഘടിപ്പിച്ച 'ഫുഡ് ഫിയസ്റ്റ 2026' ഭക്ഷ്യമേള പഞ്ചായത്ത് പ്രസിഡന്റ് സുശീല അജി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു. സ്കൂൾ പ്രിൻസിപ്പൽ എം.കെ. ബിന്ദു, മാനേജർ ടി.ആർ. സുരേഷ്, പി.ടി.എ. പ്രസിഡന്റ് ടി.പി. സുനിൽകുമാർ, ഇ. മുരളീധരൻ, എ.എം. ലൂസി, അലൻ ജോഷി തുടങ്ങിയവർ സമീപം.

പ്രമാടം: കുട്ടികളിൽ പാചകപരിചയം, സർഗാത്മകത, സംരംഭക മനോഭാവം എന്നിവ വളർത്തുകയെന്ന ലക്ഷ്യത്തോടെ പ്രമാടം പ്രഗതി സ്കൂളിൽ 'ഫുഡ് ഫിയസ്റ്റ 2026' എന്ന പേരിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു. പ്രമാടം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുശീല അജി ഭദ്രദീപം കൊളുത്തി മേള ഉദ്ഘാടനം നിർവഹിച്ചു.

വിവിധതരം നാടൻ പലഹാരങ്ങളും പരമ്പരാഗത ഭക്ഷണവിഭവങ്ങളുമുൾപ്പെടെ വിദ്യാർഥികൾ തയ്യാറാക്കി കൊണ്ടുവന്ന രുചികരമായ വിഭവങ്ങൾ മേളയുടെ പ്രധാന ആകർഷണമായി. രക്ഷിതാക്കളുടെ സഹകരണത്തോടെ തയ്യാറാക്കിയ വിഭവങ്ങൾ കുട്ടികൾ മനോഹരമായി സ്റ്റാളുകളിൽ അവതരിപ്പിച്ചു. പുതുതലമുറയ്ക്ക് പരമ്പരാഗത ഭക്ഷണസംസ്കാരത്തെക്കുറിച്ചുള്ള അവബോധവും പ്രായോഗിക അറിവും പകർന്നുനൽകുന്നതിനൊപ്പം പങ്കാളിത്തബോധം, ആത്മവിശ്വാസം, ആശയവിനിമയശേഷി എന്നിവ വളർത്തുന്നതിനും മേള സഹായകമായി.

വിഭവങ്ങളുടെ രുചിയും അവതരണമികവും വിലയിരുത്തി മികച്ച പ്രകടനം കാഴ്ചവെച്ച വിജയികൾക്ക് സമ്മാനങ്ങൾ വിതരണംചെയ്തു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും പൂർണ സഹകരണത്തോടെ സംഘടിപ്പിച്ച ഭക്ഷ്യമേള കുട്ടികൾക്ക് വേറിട്ട അനുഭവമായി.

സ്കൂൾ പ്രിൻസിപ്പൽ എം.കെ. ബിന്ദു, മാനേജർ ടി.ആർ. സുരേഷ്, പി.ടി.എ. പ്രസിഡന്റ് ടി.പി. സുനിൽകുമാർ, സാമൂഹികപ്രവർത്തകരായ റിട്ട. പ്രഥമാധ്യാപകൻ ഇ. മുരളീധരൻ, റിട്ട. പ്രഥമാധ്യാപിക എ.എം. ലൂസി, മാതൃഭൂമി സീഡ് കോഡിനേറ്റർ അലൻ ജോഷി എന്നിവർ പങ്കെടുത്തു.

Content Highlights: Pramadam Pragathi School organized Food Fiesta 2026 to nurture culinary skills and entrepreneurial spirit among students.