പാർക്കിങ് പാളി

തിരുവല്ല : നഗരസഭ പാർക്കിങ്ങിന് കണ്ടെത്തിയ സ്ഥലം കാടുകയറി. നോ പാർക്കിങ് ബോർഡ് വെച്ച നിരോധിതമേഖലയിൽ വാഹനങ്ങൾ നിരന്നുകിടക്കുന്നു. വൈ.എം.സി.എ. കവലയിലാണ് അനധികൃത പാർക്കിങ്. റെയിൽവേ സ്റ്റേഷൻ റോഡിനോട് ചേർന്നുള്ള ഗ്രൗണ്ടിൽ ഏപ്രിൽ ഒന്നുമുതൽ പേ ആൻഡ് പാർക്ക് സംവിധാനം നഗരസഭ ഏർപ്പെടുത്തിയിരുന്നു. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതമൂലം ഇവിടം ഉപേക്ഷിക്കപ്പെട്ട നിലയിലായി.
ആരും വാഹനങ്ങൾ ഇവിടെ ഇടില്ല. മേൽക്കൂരയില്ലാത്ത സ്ഥലത്താണ് കനത്ത ഫീസ് നൽകി പാർക്ക് ചെയ്യേണ്ടത്. മഴപെയ്താൽ ഇവിടം ചെളിക്കുളമാകും. നിലവിൽ പാർക്കിങ് ഗ്രൗണ്ട് കാടുപിടിച്ച നിലയിലാണ്. മൈതാനത്തിന് സമീപത്തുകൂടി കടന്നുപോകുന്ന മേൽപ്പാലത്തിന്റെ അടിയിലാണ് ചരക്കുലോറികൾ അടക്കം അനധികൃതമായി പാർക്ക് ചെയ്യുന്നത്. വലിയ വാഹനങ്ങൾ പാർക്കുചെയ്തിരുന്ന ഭാഗമാണ് നഗരസഭ പേ ആൻഡ് പാർക്ക് ആക്കിയത്. സമീപത്തെ പുഷ്പമേള ഗ്രൗണ്ടിലും അനധികൃത പാർക്കിങ് ഉണ്ട്.
റോഡിലെ തണലുനോക്കി ചെറിയ വാഹനങ്ങളും അനധികൃതമായി പാർക്ക് ചെയ്യുന്നുണ്ട്. നഗരത്തിലെത്തുന്നവർക്ക് വാഹനങ്ങൾ സുരക്ഷിതമായി പാർക്ക് ചെയ്യാൻ മതിയായ സൗകര്യമില്ലാത്തത് പ്രതിസന്ധിയാണ്. വൈ.എം.സി.എ. ജങ്ഷനിലെ മൈതാനം മൊബിലിറ്റി ഹബ് ആക്കണമെന്ന ആവശ്യം ഉയർന്നിരുന്നെങ്കിലും നഗരസഭാ കൗൺസിൽ ഇതുവരെ പരിഗണിച്ചിട്ടില്ല. റെയിൽവേ സ്റ്റേഷനും സ്വകാര്യ ബസ്‌സ്റ്റാൻഡും അടുത്തടുത്ത് വരുന്ന ഭാഗമാണിവിടം. ഉപേക്ഷിക്കപ്പെട്ട നിലയിൽ ഷീലോഡ്ജ് കെട്ടിടവും ഇവിടെയുണ്ട്. ഈ കെട്ടിടം ഹബ്ബിന്റെ ഓഫീസാക്കി പാർക്കിങ് അടക്കം ക്രമീകരിക്കാനുള്ള നിർദേശങ്ങളാണ് പരിഗണിക്കപ്പെടാതെ കിടക്കുന്നത്.