തിരുവല്ല പബ്ലിക് സ്റ്റേഡിയം: ചിറകടിച്ച് പുതിയ പ്രതീക്ഷകൾ

ആദ്യഘട്ടപണികൾ ഉടൻ തുടങ്ങും

തിരുവല്ല : പുല്ല് വളർന്ന പബ്ലിക് സ്റ്റേഡിയത്തിൽ പുത്തൻ പ്രതീക്ഷകൾ ചിറകടിക്കുന്നു. കഴിഞ്ഞ ബജറ്റിൽ നവീകരണത്തിന് അനുവദിച്ച അഞ്ചുകോടി രൂപ കടമ്പകൾ കടന്ന് കായികവകുപ്പിൽ എത്തി. പണികൾ ഉടൻ തുടങ്ങുമെന്ന് കായികവകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് പറഞ്ഞു.

സ്റ്റേഡിയത്തിൽ സന്ദർശനം നടത്തിയശേഷമാണ് മന്ത്രി കാര്യങ്ങൾ വ്യക്തമാക്കിയത്. ബജറ്റിൽ അനുവദിച്ച തുക പൊതുമരാമത്തുവകുപ്പ് കെട്ടിടം വിഭാഗത്തിന്റെ ഹെഡിലാണ് ഉൾപ്പെട്ടിരുന്നത്. സ്റ്റേഡിയം വികസനത്തിന് കായികവകുപ്പ് മുന്നിട്ടിറങ്ങിയതോടെയാണ് അക്കൗണ്ട് മാറിക്കിടക്കുന്നത് തിരിച്ചറിഞ്ഞത്. നൂലാമാലകൾ നീക്കി കായികവകുപ്പിലേക്ക് പണം മാറ്റി.

ഉദ്യോഗസ്ഥർ അടുത്തദിവസം സ്ഥലം സന്ദർശിച്ച് പദ്ധതി തയ്യാറാക്കും. ആദ്യഘട്ടപണികൾ തുടർന്ന് നടക്കുമെന്നും മന്ത്രി പറഞ്ഞു.

നഗരസഭയുടെ ഉടമസ്ഥതയിലുള്ളതാണ് മൈതാനം. സർക്കാർ ഫണ്ട് ചെലവഴിക്കുമ്പോൾ, അതനുസരിച്ചുള്ള ക്രമീകരണങ്ങൾ വേണ്ടിവരും. എം.പി.ഫണ്ട്, എം.എൽ.എ.ഫണ്ട്, നഗരസഭാ ഫണ്ട് എന്നിവ ഉൾപ്പെടെ മറ്റൊരു അഞ്ചുകോടി രൂപകൂടി ലഭ്യമാകും. 10 കോടി രൂപയുടെ വികസനമാണ് ആദ്യമുണ്ടാവുക.

ഈ തുകകൊണ്ടുമാത്രം പബ്ലിക്ക് സ്റ്റേഡിയത്തെ പൂർണമായി വികസിപ്പിക്കാനാകില്ല. സ്വകാര്യ നിക്ഷേപകരെക്കൂടി രംഗത്തിറക്കുമെന്ന് മന്ത്രി സൂചന നൽകി. രണ്ട് നിക്ഷേപകർ ഇതിനകം താത്പര്യം അറിയിച്ചിട്ടുണ്ട്. അഡ്വ. വർഗീസ് മാമ്മൻ എം.എൽ.എ. മുൻകൈയെടുത്താണ് ബജറ്റിൽ തുക അനുവദിപ്പിച്ചത്. മന്ത്രി രമേശ് ചെന്നിത്തലയും തിരുവല്ല സ്റ്റേഡിയത്തിന്റെ വികസനത്തിൽ പ്രത്യേക താത്പര്യം അറിയിച്ചിരുന്നെന്നും ജനീഷ് വ്യക്തമാക്കി.

വർഗീസ് മാമ്മൻ എം.എൽ.എ., നഗരസഭ അധ്യക്ഷ എസ്. ലേഖ, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പൻ കുര്യൻ, മുൻ നഗരസഭാ ചെയർമാൻ ആർ. ജയകുമാർ, ജില്ലാ പഞ്ചായത്ത് അംഗം സാം ഈപ്പൻ, ലാലു തോമസ്, ലാൽ നന്ദാവനം, കേരള ഫുട്‌ബോൾ അസോസിയേഷൻ ട്രഷറർ ഡോ. റെജിനോൾഡ് വർഗീസ്, കോശി തോമസ് തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു.