പശുഫാം: കുടിവെള്ളം മലിനമായി, എട്ട് കുടുംബങ്ങൾ ദുരിതത്തിൽ

പുല്ലാട് : കിണറ്റിലെ വെള്ളം ഉപയോഗിക്കാനാകാതെ എട്ട് കുടുംബങ്ങൾ ദുരിതത്തിൽ. കോയിപ്രം ഗ്രാമപ്പഞ്ചായത്ത് ഏഴാം വാർഡിൽ കുളത്തിങ്കൽ ജങ്ഷന് സമീപം പ്രവർത്തിക്കുന്ന സ്വകാര്യ കന്നുകാലി ഫാം കാരണം സമീപത്തെ കിണറുകളിലെ വെള്ളം മലിനമായതായി പരാതി.
അഞ്ച് സെന്റ് സ്ഥലത്തിനുള്ളിൽ പതിനെട്ടോളം പശുക്കളെയാണ് ഇവിടെ വളർത്തുന്നത്. ഫാമിന് ആവശ്യമായ വിസ്തീർണമോ ശാസ്ത്രീയമായ മാലിന്യ സംസ്കരണ സംവിധാനങ്ങളോ ഇല്ലാത്തതാണ് പ്രദേശവാസികൾക്ക് വിനയായിരിക്കുന്നത്.
ഫാമിൽനിന്നുള്ള ചാണകവും മൂത്രവും തൊഴുത്ത് കഴുകുന്ന മലിനജലവും കോൺക്രീറ്റ് ടാങ്കുകളിൽ സംഭരിക്കാതെ നേരിട്ട് മണ്ണിലേക്കും സമീപത്തെ പറമ്പുകളിലേക്കും ഒഴുക്കിവിടുകയാണ്. ഇത് കാരണം സമീപത്തുള്ള എട്ട് വീടുകളിലെ കിണറുകളിലേക്ക് മാലിന്യം ഒലിച്ചിറങ്ങി വെള്ളം ഉപയോഗശൂന്യമായി മാറി.
എസ്. വിജയകുമാർ നരിയിലേത്ത്, കെ. ശ്രീകലാ ശ്രീഹരി, കെ.പി. തമ്പി കുറ്റിക്കാലായിൽ, ചാക്കോ ജോസഫ് മുരിപ്പേൽ, രവീന്ദ്രപ്പണിക്കർ ശ്രീരഞ്ജിനി എന്നിവരാണ് പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് ഷാജിക്ക് പരാതി നൽകിയിട്ടുള്ളത്. വെള്ളത്തിന് കടുത്ത ദുർഗന്ധവും നിറവ്യത്യാസവുമുണ്ടെന്ന് നാട്ടുകാർ പറയുന്നു. പ്രദേശത്ത് ഈച്ചശല്യവും ദുർഗന്ധവും കാരണം ജീവിക്കാൻ കഴിയാത്ത അവസ്ഥയാണ്.
ഹെൽത്ത് ഇൻസ്പെക്ടറുടെ നിർദേശപ്രകാരം കിണറുകളിലെ ജലം പരിശോധിച്ചപ്പോൾ ഇ.കോളി ബാക്ടീരിയയുടെ അളവ് 100 മില്ലി ലിറ്റർ വെള്ളത്തിൽ പൂജ്യം ആയിരിക്കേണ്ട സ്ഥാനത്ത് നൂറിന് മുകളിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കുടിവെള്ളം മലിനമായതോടെ ഈ കുടുംബങ്ങൾ പണം കൊടുത്തുവാങ്ങുന്ന വെള്ളത്തെയാണ് ഇപ്പോൾ ആശ്രയിക്കുന്നത്.