നീരൊഴുകാൻ വഴിയില്ല വെള്ളക്കെട്ടിൽ വീടുകൾ

തിരുവല്ല : റോഡിലെ ഓട അടഞ്ഞത് വീട്ടുകാർക്ക് ദുരിതമായി. തിരുവല്ല നഗരസഭ രണ്ടാംവാർഡിൽ ചുമത്ര മുസ്ലിംപള്ളി പ്രദേശത്തെ നിരവധി വീടുകൾക്കുമുൻപിലാണ് വെള്ളം കെട്ടിനിൽക്കുന്നത്.
റോഡിനുകുറുകേയുള്ള ഓട അടഞ്ഞതാണ്, വെള്ളപ്പൊക്കമില്ലാത്തകാലത്തും വീട്ടുപടിക്കൽ വെള്ളം കയറിക്കിടക്കാൻ ഇടയാക്കിയിരിക്കുന്നത്. വെള്ളം ഒഴുകിപ്പോകാൻ കഴിയാത്തതിനാൽ സമീപത്തെ വീടുകളിലേക്ക് വെള്ളം കയറുകയും, കുടുംബങ്ങൾക്ക് സ്വന്തം വീടുകളിൽ താമസിക്കാൻപോലും കഴിയാത്ത സാഹചര്യവുമാണ്. മഴ ശക്തമാകുന്നതോടെ സ്ഥിതി കൂടുതൽ ഗുരുതരമാകുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. മലിനജലമാണ് കെട്ടിക്കിടക്കുന്നത്.
ഓട എങ്ങനെയാണ് അടഞ്ഞതെന്ന കാര്യത്തിൽ വ്യക്തതയില്ല. കുറ്റപ്പുഴ തോടാണ് ചുമത്രവഴിയുളള പ്രധാന നീർച്ചാൽ. റോഡുകളിൽനിന്ന് ഓടവഴിയെത്തുന്ന വെള്ളം ചാലിലൂടെയാണ് ഒഴുകിമാറുന്നത്.
നേരിട്ട് ചാലിലേെക്കത്താൻ സംവിധാനമില്ലാത്തിടത്ത് പാടശേഖരങ്ങളിലൂടെ വെള്ളമൊഴുകും. മുസ്ലിംപള്ളിപ്രദേശത്തെ നീരൊഴുക്കുപാത വീണ്ടെടുത്താൽ ഇപ്പോഴുള്ള പ്രശ്നങ്ങൾക്ക് പരിഹാരമാകും.