പട്ടാപ്പകലും കാട്ടാനപ്പേടി...

 റാന്നി : പകൽകൂടി കാട്ടാനക്കൂട്ടം ജനവാസമേഖലയിൽ നിലയുറപ്പച്ചതോടെ വടശ്ശേരിക്കര നിവാസികളുടെ ഭീതി ഇരട്ടിയായി. എപ്പോഴും നാട്ടുകാർ നടന്നും വാഹനങ്ങളിലും കടന്നുപോകുന്ന കുമ്പളത്താമണ്ണിൽ പകൽ സമയത്ത് കാട്ടാനകൾ റോഡിന് കുറുകെ കടക്കുന്നത് നടുക്കത്തോടെയാണ് അവർ കണ്ടുനിന്നത്. ഒറ്റയടിക്ക് മറുവശം കടക്കുകയല്ല, മലയിൽ നിന്നിറങ്ങി റോഡരികിലെ കാഞ്ഞിരപ്പള്ളിൽ വീട്ടുമുറ്റത്തുകൂടി റോഡിലേക്ക് എത്തിയ ശേഷം റോഡിൽ പള്ളിയുടെ മുമ്പിലൂടെ അല്പദൂരം വന്ന ശേഷമാണ് ആനകൾ താഴേക്ക് ഇറങ്ങുന്നത്. ആനകൾ വരുന്നതും വനത്തിലേക്ക് മടങ്ങുന്നതും ഈ വഴിയിലൂടെയാണ്. ഈസമയം വാഹനമോ കാൽനടക്കാരോ റോഡിലൂടെ വന്നാൽ കാട്ടാനയുടെ മുമ്പിൽപ്പെട്ടതുതന്നെ.

സി.സി.ടി.വി. ദൃശ്യങ്ങളിൽ മാത്രം കണ്ടിരുന്ന കാഴ്ചകൾ നാട്ടുകാർ വ്യാഴാഴ്ച നേരിട്ടുകാണുകയായിരുന്നു. ഒരു ചെറുതും മൂന്ന് വലുതുമായ ആനകളെയാണ് മണിക്കൂറുകളുടെ ശ്രമഫലമായി വനപാലകർ കോട്ടപ്പുറത്തുനിന്നും റോഡ് കടത്തി വനഭാഗത്തേക്ക് തുരത്തിയത്.

വടശ്ശേരിക്കര ടൗണിലെ മനോരമ മുക്കിൽനിന്ന്‌ 150 മീറ്റർ കഷ്ടിച്ച് ദൂരമാണ് ഈ ഭാഗത്തേക്കുള്ളത്. മണ്ണാറക്കുളഞ്ഞി-പമ്പ ശബരിമല പാതയിലാണ് മനോരമ മുക്ക്. കാട്ടാനകൾ റോഡിലെത്തിയപ്പോൾ എന്തെങ്കിലും കാരണവശാൽ മുന്നോട്ട് ഓടിയിരുന്നെങ്കിൽ എത്തിച്ചേരുന്നത് ടൗണിലേക്കായിരുന്നു. ഇത് തടയാനുള്ള ദൗത്യവുമായാണ് വനപാലകരും പോലീസും ഈ ഭാഗത്ത് നിന്നിരുന്നത്.

വടശ്ശേരിക്കര പഞ്ചായത്തിന്റെ പകുതി പ്രദേശങ്ങളിലും ഇപ്പോൾ കാട്ടാനക്കൂട്ടമെത്തുന്നുണ്ട്. കോട്ടപ്പുറത്ത് കഴിഞ്ഞ കുറെ ദിവസങ്ങളായി ഇവ നാശം വരുത്തുന്നു. കോട്ടയിലെ വിഗ്രഹവും കൽവിളക്കുകളും നശിപ്പിച്ചിരുന്നു. കാട്ടാന നാശം വരുത്തിയ സ്ഥലങ്ങൾ പഴകുളം മധു എം.എൽ.എ. സന്ദർശിക്കുന്നതിനിടെയാണ് കോട്ടപ്പുറത്ത് ആനകളുണ്ടെന്ന വിവരമറിയുന്നത്.

ഒളികല്ല്, ചെമ്പരത്തിമൂട്, എം.ആർ.എസ്., ബൗണ്ടറി, കുമ്പളത്താമൺ, ആർക്കെമൺ തുടങ്ങി മിക്ക പ്രദേശങ്ങളിലും കഴിഞ്ഞ രണ്ട് വർഷത്തോളമായി കാട്ടാനശല്യം തുടരുകയാണ്. ഒന്നും രണ്ടും കാട്ടാനകൾ വന്നിരുന്ന സ്ഥാനത്ത് അവയുടെ എണ്ണം 10-ൽ അധികമായി. സോളാർവേലിയും ക്യാമറകളും അലാറങ്ങളും ഒക്കെ സ്ഥാപിച്ചെങ്കിലും ജനവാസമേഖലയിലെത്തുന്ന മൃഗങ്ങളുടെ എണ്ണത്തിൽ കുറവൊന്നുമില്ലെന്ന് മാത്രമല്ല, കൂടിവരുകയുമാണ്. കാട്ടാന മാത്രമല്ല കാട്ടുപോത്തും കുരങ്ങും മലയണ്ണാനുമെല്ലാം കർഷകർക്ക് ഭീഷണിയായി തുടരുന്നു. ജനവാസമേഖലയിലെത്തി വളർത്തുമൃഗങ്ങളെ കൊന്ന കടുവയെ കൂടുവെച്ച് പിടിച്ചതും കുമ്പളത്താമണ്ണിൽ നിന്നാണ്.