കടമ്പനാട്-ഒറ്റത്തെങ്ങ് റോഡിൽ കുഴിയല്ല; കുഴികൾക്കിടയിൽ റോഡ്

കടമ്പനാട് : റോഡാണെന്ന് കരുതി ഇറങ്ങിയാൽ കുഴികൾ എണ്ണിത്തീർക്കാൻ നേരം പോരാ. കുഴികൾക്കിടയിൽ ഉരുണ്ടും പരന്നും കിടക്കുന്ന ഉരുളൻ കല്ലുകൾ വേറെ. വാഹനയാത്രക്കാർക്ക്‌ മാത്രമല്ല, കാൽനടയാത്രക്കാർക്കും പരീക്ഷണമായി മാറിയിരിക്കുകയാണ് കടമ്പനാട്-ഒറ്റത്തെങ്ങ് റോഡ്. രണ്ടര കിലോമീറ്ററോളം ദൂരമാണ് തകർന്നുതരിപ്പണമായി കിടക്കുന്നത്.റോഡിന്റെ മിക്ക ഭാഗങ്ങളിലും ടാർ പൂർണമായും ഇളകിമാറി. പകരം കല്ലുകളും കുഴികളും കൈയടക്കിയതോടെ വാഹനങ്ങൾ ഇഴഞ്ഞുനീങ്ങേണ്ട അവസ്ഥയാണ്. മഴ പെയ്താൽ കുഴികളിൽ വെള്ളം നിറയും. അപ്പോൾ കുഴിയുടെ ആഴം അറിയാതെ വാഹനങ്ങൾ കടന്നുപോകുന്നത് അപകടസാധ്യതയും വർധിപ്പിക്കുന്നു. ഇരുചക്രവാഹന യാത്രക്കാരുടെയും കാൽനടയാത്രക്കാരുടെയും ദുരിതം പറയുകയും വേണ്ട.കടമ്പനാട്ടുനിന്ന് ചക്കുവള്ളിയിലേക്ക് പോകാനുള്ള എളുപ്പവഴിയാണിത്. കാട്ടിൽകടവ്-പത്തനാപുരം പാതയുടെ ഭാഗമായി കണ്ടെത്തിയ റോഡുകൂടിയാണിത്. സ്കൂൾ ബസുകൾ ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങൾ ദിവസേന കടന്നുപോകുന്ന പാതയാണെങ്കിലും അറ്റകുറ്റപ്പണിയുടെ കാര്യത്തിൽ അധികൃതരുടെ ശ്രദ്ധയെത്തിയിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

പ്രതിഷേധിച്ച് ബി.ജെ.പി.; റോഡ് ഉപരോധിച്ചു

കടമ്പനാട്-ഒറ്റത്തെങ്ങ് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. കടമ്പനാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും റോഡ് ഉപരോധവും നടത്തി.

ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെ. ബിനുമോൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് അജയകുമാർ അധ്യക്ഷനായി.

ബി.ജെ.പി. അടൂർ മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ. അരുൺ താന്നിക്കൽ മുഖ്യപ്രഭാഷണം നടത്തി.

അജി വിശ്വനാഥ്, പി.ആർ. മുരളീധരൻ, വിജയേന്ദ്രൻ, അനിൽ, രമേശ്, ഷൈനി, ഗോപി, അനു, ഹരിസുതൻ എന്നിവർ പങ്കെടുത്തു.