ഈ മണ്ഡലകാലത്തെങ്കിലും മണ്ഡലക്കുഴിയെ പരിഗണിക്കുമോ

കോഴഞ്ചേരി : ആറന്മുള പാർഥസാരഥി ക്ഷേത്രത്തിന്റെ തെക്കുഭാഗത്തുള്ള മണ്ഡലക്കുഴി എന്ന സ്ഥലം ശബരിമല തീർഥാടകർ അടക്കമുള്ള ഭക്തജനങ്ങൾക്ക് ഉപകാരപ്പെടുംവിധം വിനിയോഗിക്കണമെന്ന ആവശ്യത്തിന് രണ്ട് പതിറ്റാണ്ടിലേറെ പഴക്കുമുണ്ട്. പാർഥസാരഥി ക്ഷേത്രത്തിന്റെ തെക്കുഭാഗത്തെ കാണിക്കവഞ്ചിക്ക് പടിഞ്ഞാറ് ഭാഗത്തായാണ് ആറന്മുള വില്ലേജിലെ ബ്ലോക്ക് നമ്പരിൽ റീ സർവേ 88 /12-ൽപെട്ട 20.10 ആർ (50 സെന്റ്) റവന്യൂ പുറമ്പോക്ക് സ്ഥലം നിലനിൽക്കുന്നത്. എം.പി.ഗോവിന്ദൻനായർ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന കാലത്ത് ഈ സ്ഥലം ആറന്മുള ക്ഷേത്രത്തിലെ മാലിന്യസംസ്കരണപ്ലാന്റ് നിർമിക്കുന്നതിനായി വിട്ടുനൽകാമെന്ന് റവന്യൂവകുപ്പ് സമ്മതിച്ചതിനെ തുടർന്ന് ദേവസ്വം ബോർഡ് ഇതിന്റെ പഠനത്തിനായി സമതിയെ നിയോഗിച്ചിരുന്നു. ഈ സ്ഥലത്തിനോട് ചേർന്ന് ജനവാസമുള്ളതിനാൽ പ്ലാന്റ് പ്രായോഗികമല്ലെന്ന് നിരീക്ഷിച്ചതിനെ തുടർന്ന് പദ്ധതി ഉപേക്ഷിച്ചു.
ഇപ്പോഴും ഈ സ്ഥലം കാടുപിടിച്ചുകിടക്കുകയാണ്. സർക്കാർ ഇക്കാര്യത്തിൽ കൃത്യമായ നടപടികൾ കൈക്കൊണ്ടാൽ ഈ സ്ഥലത്ത് താഴെ വാഹന പാർക്കിങ് ഉൾപ്പെടെ ബഹുനില മന്ദിരം നിർമിക്കാൻ സാധിക്കും. മാസപൂജ, വിഷു, മണ്ഡല മകരവിളക്ക് കാലത്ത് ആറന്മുളയിൽ എത്തിച്ചേരുന്ന അയ്യപ്പഭക്തർക്ക് വിരിവയ്ക്കുവാനുള്ള ഇടത്താവളം, ശൗചാലയം, ആറന്മുള വളളസ്സദ്യ വഴിപാട് കാലത്ത് ആറന്മുള ക്ഷേത്രത്തിൽ എത്തിച്ചേരുന്ന ഭക്തർക്ക് കുറഞ്ഞനിരക്കിൽ താമസിക്കാവുന്ന ഡോർമിറ്ററി എന്നിവ നിർമിക്കുന്നതിനൊപ്പം നിർമിക്കുന്ന മന്ദിരത്തിന്റെ ഒരു ഭാഗം സാംസ്കാരിക, ടൂറിസം വകുപ്പുകൾക്കും ഉപയോഗിക്കാൻ സാധിക്കും.
ആറന്മുളക്കണ്ണാടി, പള്ളിയോട രൂപങ്ങൾ, 2018-ലെ പ്രളയശേഷം പമ്പാനദിയുടെ തീരങ്ങളിൽനിന്ന് ലഭിച്ച പുരാതന മൺരൂപങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്നതിനൊപ്പം ആറന്മുളയിലെ മൺമറഞ്ഞ കവികൾ, സാഹിത്യകാരൻമാർ, പരിസ്ഥിതി പ്രവർത്തകർ, ആത്മീയ നേതാക്കൾ എന്നിവരുടെ ചിത്രങ്ങളും വിവരണങ്ങളും പ്രദർശിപ്പിക്കുന്ന മ്യൂസിയവും യാഥാർഥ്യമാക്കുവാൻ സാധിക്കും.
റവന്യൂ പുറമ്പോക്കിലുള്ള ഭൂമിയിൽ തീർഥാടകർക്ക് സൗകര്യപ്രദമായ തരത്തിൽ വിനിയോഗിക്കണമെന്ന് ആറന്മുള ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷാജി ചാക്കോ, അബിൻ വർക്കി എം.എൽ.എ.യ്ക്ക് നിവേദനം നൽകിയിരുന്നു.
ശബരിമല മുന്നൊരുക്കത്തിന്റെ ഭാഗമായി അവലോകനയോഗത്തിൽ പങ്കെടുക്കുന്ന മന്ത്രിമാർ ഇക്കാര്യം പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് തീർഥാടകരും ആറന്മുളനിവാസികളും.