മന്ത്രി വന്നു...പോയി... കാണാൻ കാത്തിരുന്നവർ നിരാശരായി

വടശ്ശേരിക്കര : കാട്ടാനകൾ വരുത്തിയ കൃഷിനാശം കാണാനും പരാതി കേൾക്കാനും വടശ്ശേരിക്കരയിൽ വനംവകുപ്പുമന്ത്രി ഷിബു ബേബി ജോൺ എത്തുമെന്ന് കരുതി കാത്തിരുന്ന നാട്ടുകാർ നിരാശരായി.

പരാതിയുമായി, മന്ത്രി എത്തിയ വനം വകുപ്പ് ഗസ്റ്റ് ഹൗസിലേക്കും സാധാരണക്കാർക്ക് പ്രവേശനമുണ്ടായിരുന്നില്ല. റെയ്‌ഞ്ച് ഓഫീസ് കവാടത്തിൽ പോലീസ് അവരെ തടഞ്ഞു. റെയ്‌ഞ്ച് ഓഫീസിനോട് ചേർന്ന ഹാളിൽ നടപ്പാക്കേണ്ട പദ്ധതികളുമായി ബന്ധപ്പെട്ട യോഗംചേർന്ന് അവ നടപ്പാക്കാൻ നിർദേശം നൽകിയശേഷം മന്ത്രി മടങ്ങി.

എം.പി., എം.എൽ.എ., ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എന്നിവർക്കും ഉദ്യോഗസ്ഥർക്കും മാത്രമായിരുന്നു യോഗത്തിൽ പ്രവേശനം.

കഴിഞ്ഞ ദിവസം പകൽ ടൗണിനോടുചേർന്ന ഭാഗത്ത് തങ്ങിയ നാല് കാട്ടാനകൾ നാടിനെ ഭീതിയിലാഴ്ത്തിയ സംഭവത്തെത്തുടർന്ന് പഴകുളം മധു എം.എൽ.എ.യുടെ ആവശ്യപ്രകാരമാണ് മന്ത്രി യോഗം വിളിച്ചത്.

യോഗത്തിൽ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മാത്രം

ഒരുമണിയോടെ മന്ത്രി എത്തുമെന്നായിരുന്നു അറിയിപ്പെങ്കിലും 12.30-ന്‌ മുമ്പേ ഷിബു ബേബി ജോൺ ഗസ്റ്റ് ഹൗസിലെത്തി.

ഈ സമയം കവാടത്തിൽ പോലീസ് കാവലുണ്ടായിരുന്നു. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ എന്നിവരെ മാത്രമേ ഓഫീസ് അങ്കണത്തിലേക്ക് കടത്തിവിട്ടുള്ളൂ. വൈകാതെ യോഗം തുടങ്ങുകയും ചെയ്തു. ഉദ്യോഗസ്ഥരും അറിയിപ്പ് ലഭിച്ച ജനപ്രതിനിധികളും ഒഴികെയുള്ളവർ പുറത്ത് പോകണമെന്ന് എം.എൽ.എ. അറിയിച്ചതോടെ ഹാളിലുണ്ടായിരുന്ന ഗ്രാമപ്പഞ്ചായത്തംഗങ്ങളും ഏതാനും കർഷകരും മാധ്യമപ്രവർത്തകരും പുറത്തിറങ്ങി.

റാന്നി ഡി.എഫ്.ഒ. അരുൾ സെൽവനാണ് വീഡിയോ പ്രദർശനത്തിലൂടെ മന്ത്രിക്ക്‌ നിലവിലെ സാഹചര്യങ്ങളും നടപ്പാക്കിയ പ്രവർത്തനങ്ങളും വിശദീകരിച്ചു നൽകിയത്. കൈതച്ചക്ക ആകർഷിച്ചാണ് ആനകളെത്തുന്നതെന്ന സൂചനയാണ് അദ്ദേഹം നൽകിയത്.

ആനകൾ വനം കടന്ന് നാട്ടിലേക്കിറങ്ങുന്ന താരകളും എ.ഐ. ക്യാമറകളും അലാറങ്ങളും സ്ഥാപിച്ച സ്ഥലങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാന കടന്നുവന്ന ടൗണിനോട് അടുത്ത സ്ഥലങ്ങളുമെല്ലാം ഡി.എഫ്.ഒ. ഭൂപടം കാണിച്ച് വിശദീകരിച്ചു.

അതിർത്തിയിൽ നാരകം കൃഷിചെയ്താൽ കാട്ടാനകളെ തടയാമെന്ന് എം.പി. യോഗത്തിൽ ചൂണ്ടിക്കാട്ടി.

വടശ്ശേരിക്കര നിവാസികളുടെ ദുരിതത്തിന് പരിഹാരം കാണണമെന്ന അഭ്യർഥനയാണ് പഞ്ചായത്ത് പ്രസിഡന്റ് നടത്തിയത്. തുടർന്ന് നടപ്പാക്കാനുദ്ദേശിക്കുന്ന കാര്യങ്ങളെല്ലാം മന്ത്രി വിശദീകരിച്ചു. പ്രശ്നത്തെ രാഷ്ട്രീയമായി കാണാതെ ജനങ്ങളുടെ ദുരിതങ്ങൾക്ക് പരിഹാരം കാണാൻ എല്ലാവരും ഒന്നിച്ചുപ്രവർത്തിക്കണമെന്നും വിമർശനങ്ങളാകാം എന്നാലത് രാഷ്ട്രീയപോരിനാകരുതെന്നും മന്ത്രി പറഞ്ഞു.

കൃഷിനാശത്തിന്റെ നഷ്ടപരിഹാരം ലഭിച്ചില്ലെന്ന പരാതിയുമായെത്തിയ ആളുടെ പ്രശ്‌നം പരിഹരിക്കാൻ മന്ത്രി ഡി.എഫ്.ഒ.യോട് നിർദേശിച്ചു. മറ്റ് പല കർഷകരും പരാതികളുമായി സ്ഥലത്തെത്തിയെങ്കിലും മന്ത്രിയെ കാണാനാകാതെ മടങ്ങി.

മന്ത്രി എത്തിയത് കാര്യങ്ങൾ നടപ്പാക്കാൻ - എം.എൽ.എ.

കാട്ടാനശല്യം ഒഴിവാക്കുകയാണ് പ്രധാനം. അതിനാവശ്യമായ കാര്യങ്ങൾ വകുപ്പുതല ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ചചെയ്ത് നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മന്ത്രി എത്തിയത്.

അതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിൽ പങ്കെടുക്കാനാണ് മന്ത്രി എത്തിയത്. ജനങ്ങൾക്ക് പറയാനുള്ള പ്രശ്‌നങ്ങൾ എം.എൽ.എ.യും എം.പി.യും പഞ്ചായത്ത് പ്രസിഡന്റും മന്ത്രിയെ അറിയിച്ചിട്ടുണ്ട്. അറിയിച്ച ഉടൻ സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി പ്രശ്‌ന പരിഹാരത്തിന് സ്ഥലത്തെത്തിയ മന്ത്രിയെ എം.എൽ.എ. അഭിനന്ദിച്ചു.

മുദ്രാവാക്യംവിളികളുമായി സി.പി.എം. പ്രവർത്തകർ

വടശ്ശേരിക്കരയിൽ ധർണ നടത്തിക്കൊണ്ടിരുന്ന സി.പി.എം. പ്രവർത്തകർ മന്ത്രിയുടെ വാഹനം കടന്ന േപായപ്പോൾ റോഡരികിലേക്ക് എത്തി. ആനകളെ മയക്കുവെടിവെച്ച് തുരത്തണമെന്ന ബാനറുമായാണ് ഇവർ റോഡരികിൽ നിന്നത്.

എല്ലാവരും എണീറ്റ് റോഡരികിലേക്ക് എത്തിയപ്പോഴേക്കും മന്ത്രിയുടെ കാർ ഏതാണ്ട് കടന്നുപോയിരുന്നു. അല്പനേരം മുദ്രാവാക്യം വിളിച്ചശേഷം ഇവർ ധർണ അവസാനിപ്പിച്ചു. ടൗണിൽ പ്രതിഷേധമുണ്ടാകാൻ സാധ്യതയുണ്ടായേക്കുമോ എന്ന പോലീസിന് സംശയമുണ്ടായിരുന്നു.

ഇത് കണക്കിലെടുത്ത് മന്ത്രിയുടെ കാർ കടന്നുപോകുമ്പോൾ സമരക്കാർക്ക് മുൻപിൽ ആദ്യമെത്തിയ പോലീസ് ജിപ്പ് നിർത്തിയിട്ടു.

ഏകദിന ധർണ

വടശ്ശേരിക്കരയിൽ നിരന്തരം കാട്ടാന ഇറങ്ങി ജനജീവിതത്തിന് ഭീഷണിയാകുന്നത് തടയാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം. നേതൃത്വത്തിൽ നടത്തിയ ഏകദിന ധർണ ജില്ലാസെക്രട്ടറി രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്തു.

പതിനഞ്ചോളം ആനകളാണ് കൂട്ടമായി വടശ്ശേരിക്കര ടൗണിന് അടുത്തുവരെ എത്തുന്നത്. നാല് എണ്ണം സ്ഥിരമായെത്തുന്നു. 200 ഏക്കറിലധികം സ്ഥലത്തെ കൃഷികളാണ് നശിപ്പിച്ചത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കടുവയിറങ്ങിയപ്പോൾ 90 വനപാലകരടങ്ങുന്ന പ്രത്യേക സ്‌ക്വാഡാണ് രംഗത്തുണ്ടായിരുന്നതെന്നും രാജു ഏബ്രഹാം പറഞ്ഞു.

ലോക്കൽ സെക്രട്ടറി എ.ആർ. വിക്രമൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം കോമളം അനിരുദ്ധൻ, ജില്ലാക്കമ്മിറ്റി അംഗം എസ്. ഹരിദാസ്, പ്രസാദ് എൻ. ഭാസ്‌കരൻ, ആർ. ശ്യാമ, ജിതിൻരാജ്, രെഞ്ചു തുടങ്ങിയവർ പ്രസംഗിച്ചു.

എല്ലാമുണ്ടായിട്ടും എന്തേ വെടിവെച്ചില്ലെന്ന് മന്ത്രി

10 വർഷം എല്ലാം കൈയിലുണ്ടായിട്ടും എന്തേ വെടിവെച്ചില്ലെന്ന് മന്ത്രി ഷിബു ബേബിജോൺ. മയക്കുവെടി വെക്കാമായിരുന്നില്ലേ? രാഷ്ട്രീയം ഇത്രമാത്രം അധഃപതിക്കരുതെന്നും ഷിബു ബേബിജോൺ പറഞ്ഞു. കാട്ടാനകളെ മയക്കുവെടി വെയ്ക്കണമെന്ന സി.പി.എം. ജില്ലാ സെക്രട്ടറിയുടെ ആവശ്യം ശ്രദ്ധയിൽ പെടുത്തിയപ്പോഴാണ് മന്ത്രി ഇങ്ങനെ പ്രതികരിച്ചത്.