വെള്ളമില്ല; കർഷകന് കണ്ണീർ

ഏനാത്ത് : ജലാശയങ്ങൾ വരണ്ട് തുടങ്ങിയതോടെ കൃഷി പ്രതിസന്ധിയിലേക്ക്. ഏനാത്ത് ഭാഗത്തെ ഉയർന്ന പ്രദേശങ്ങളിൽ കൃഷിയിടങ്ങളോടുചേർന്നുള്ള തോടുകളും കുളങ്ങളുമൊക്കെ വരണ്ടു. കാലം തെറ്റിയുള്ള കൊടുംചൂടാണ് ഇപ്പോൾ ജലക്ഷാമത്തിന് വഴിവെയ്ക്കുന്നത്.

ഏഴംകുളം പഞ്ചായത്തിൽ ഉൾപ്പെടുന്ന കിഴക്കുപുറം, കളമല, ഇളങ്ങമംഗലം, ഏനാത്ത് ഭാഗങ്ങളിൽ ഒട്ടേറെ കൃഷിയിടങ്ങളുണ്ട്. ഏഴംകുളം ഭാഗത്ത് കെ.ഐ.പി. കനാലുള്ളതിനാൽ ഒരുപരിധിവരെ കൃഷിക്ക് ബുദ്ധിമുട്ടില്ല. എന്നാൽ, ഏനാത്ത് ഭാഗത്ത് സ്വാഭാവിക ജലസേചന സംവിധാനങ്ങളെ ആശ്രയിച്ചാണ് കൂടുതലും കൃഷി നടക്കുന്നത്. കിഴക്കുപുറം, കളമല, ഏനാത്ത് ഭാഗത്തുകൂടിയൊഴുകുന്ന തോട്ടിൽ ഇപ്പോൾ നീരൊഴുക്ക് കുറഞ്ഞു. ഈ തോട്ടിൽ പലഭാഗത്തും താത്കാലമായി വെള്ളം കെട്ടിനിർത്താൻ സംവിധാനം ഒരുക്കിയാൽ ഒട്ടേറെ കൃഷിയിടങ്ങൾക്ക് ഉപകരിക്കും.

കഴിഞ്ഞ വേനലിൽ കളമല കരിപ്പാൽ ഏലായിലെ നെൽക്കതിരുകൾ കരിഞ്ഞു. വേനൽക്കാലത്ത് കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിക്കാൻ സംവിധാനങ്ങൾ ഒരുക്കണമെന്ന് കർഷകർ കാലങ്ങളായി ആവശ്യപ്പെടുന്നതാണ്.

എന്നാൽ, പ്രത്യേകമായ ജലസേചന സംവിധാനങ്ങളൊന്നും ഈ ഭാഗത്ത് ഒരുക്കിയിട്ടില്ല. കടുത്ത ചൂട് ക്ഷീരകർഷകരെയും ബാധിച്ചിട്ടുണ്ട്. ചൂട് കുറയ്ക്കാൻ പശുക്കളെ പലതവണ കുളിപ്പിക്കേണ്ട സ്ഥിതിയാണെന്ന് അവർ പറയുന്നു. ചൂട് കടുത്താൽ പശുക്കൾ തീറ്റയെടുക്കാൻ മടിക്കും. പാല് കുറയുന്നതും മറ്റൊരു പ്രതിസന്ധിയാണ്.