ഒരു കുടുംബം, നാല് അധ്യാപകർ ഹാജർ

കോഴഞ്ചേരി : ഒരു കുടുംബത്തിൽ അഞ്ച് അധ്യാപകർ എന്ന അപൂർവതയാണ് തടിയൂർ കടയാർ കൊച്ചുപറമ്പിൽ വീടിനുള്ളത്. മാവേലിക്കര മറ്റം സെയ്ന്റ് ജോൺസ് ഹയർസെക്കൻഡറി സ്കൂൾ കായിക അധ്യാപകനായി 36 വർഷം സേവനമനുഷ്ഠിച്ച് 2024-ൽ വിരമിച്ച സന്തോഷ് ജോസഫ് കൊച്ചുപറമ്പിലാണ് ഗൃഹനാഥൻ.
ഗുരുശ്രേഷ്ഠ അവാർഡ് ലഭിച്ച സന്തോഷ് ഒട്ടേറെ അന്താരാഷ്ട്ര, ദേശീയ, സംസ്ഥാന താരങ്ങളെ സൃഷ്ടിച്ച് സംസ്ഥാനത്തെ തന്നെ മികച്ച കായിക വിദ്യാലയമാക്കി സെയ്ന്റ് ജോൺസിനെ മാറ്റി.
മാവേലിക്കരയിൽ കേരള സ്‌പോർട്‌സ് അക്കാദമി എന്ന സ്ഥാപനം ആരംഭിച്ചപ്പോൾ സ്വന്തം നാടായ തടിയൂരിൽ ആൽഫാ സ്‌പോർട്‌സ് അക്കാദമി രൂപവത്കരിച്ച് കായിക മേഖലയ്ക്ക് മികച്ച സംഭാവനകൾ നൽകി. നിലവിൽ അയിരൂർ ഗ്രാമപ്പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ, അയിരൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
സന്തോഷിന്റെ ഭാര്യ മിനി മാത്യു കാരയ്ക്കാട് നോർത്ത് കെ.വി.എൽ.പി. സ്കൂൾ പ്രഥമ അധ്യാപികയാണ്. മകൻ അമൽ സന്തോഷ് ജോസഫ് കുറിയന്നൂർ എം.ടി.എച്ച്.എസ്. അധ്യാപകനാണ്. മുൻ ദേശീയ കായികതാരംകൂടിയാണ് അമൽ. സ്കൂളിനെ ജില്ല കായികമേളയിലെ മികച്ച രണ്ടാമത്തെ വിദ്യാലയമാക്കി അമൽ മാറ്റി. മരുമകൾ ബിൻസി ബേബി ജോൺ ഹരിപ്പാട് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എച്ച്.എസ്.എസ്. അധ്യാപികയാണ്.
സന്തോഷിന്റെ മകൾ അലീന മറിയം സന്തോഷ് ഇടമുറി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഗസ്റ്റ് അധ്യാപികയായും പ്രവർത്തിക്കുന്നു. സന്തോഷിന്റെ സഹോദരി സൂസൻ കെ.ജോസഫ് തിരുവല്ല ബാലികാമഠം ഹയർസെക്കൻഡറി സ്കൂളിൽ കെമിസ്ട്രി അധ്യാപികയായി വിരമിച്ചു.