കുട്ടികൾക്ക് നീന്തൽ പരിശീലനം തുടങ്ങിയില്ല സ്വിം സേഫ്

പത്തനംതിട്ട : നദികളിലും ആഴമേറിയ തോടുകളിലും കുളിക്കാനിറങ്ങുന്ന കുട്ടികളുടെ ജീവൻ നഷ്ടമാകുന്നു. മുങ്ങിമരണം കുറയ്ക്കാനായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച സ്വിം സേഫ് പദ്ധതി ജില്ലയിൽ തുടങ്ങിയില്ല. അവധിക്കാലവും സമൂഹമാധ്യമങ്ങളിലെ വെള്ളച്ചാട്ടങ്ങളിലെ കാഴ്ചകളും കുട്ടികളെ ആവേശത്തിലാക്കുന്നു. ജില്ലയിലാകട്ടെ നദികൾക്കു പുറമേ പാറപൊട്ടിച്ചശേഷമുണ്ടായ കുഴികൾ വെള്ളം നിറഞ്ഞ് കുളമായിക്കിടപ്പുണ്ട്. ഇവിടെയൊക്കെ നിരവധികുട്ടികളാണ് നീന്താനും കുളിക്കാനുമായി എത്തുന്നത്.
ജില്ലയിൽ കഴിഞ്ഞ രണ്ടുവർഷത്തിനുള്ളിൽ 69 പേരാണ് മുങ്ങിമരിച്ചത്. ഇതിൽ കൂടുതലും കുട്ടികളാണ്. ഏറ്റവും ഒടുവിൽ നടന്ന സംഭവം ശനിയാഴ്ചയാണ്. പ്ലസ്ടു വിദ്യാർഥികളായ രണ്ടു പേരാണ് അച്ചൻകോവിലാറ്റിലെ െഎരവൺ പുതിയകാവ് കടവിൽ നീന്താൻ ഇറങ്ങുന്നതിനിടെ മുങ്ങി മരിച്ചത്. പരിശീലനമൊന്നും അപകടത്തെ തടഞ്ഞുനിർത്താനാകിലെങ്കിലും കുറേ കുട്ടികൾക്കെങ്കിലും മാതൃകയാകും. ശ്രദ്ധയില്ലാതെ പാറക്കുളങ്ങൾക്കും ആറ്റുകടവുകളിൽനിന്നും സെൽഫിയെടുത്തുള്ള മുങ്ങിമരണവും ജില്ലയിലുണ്ടായിട്ടുണ്ട്.
ഒരു ജില്ലയിൽ 1000 കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകാനാണ് സ്വിം സേഫ് പദ്ധതിയിലൂടെ കഴിഞ്ഞസർക്കാർ തീരുമാനിച്ചത്. ലോകാരോഗ്യ സംഘടനയുടെ സഹായത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പിനായിരുന്നു നടത്തിപ്പ് ചുമതല.
യു.പി., ഹൈസ്കൂൾ കുട്ടികളുടെ പങ്കാളിത്തമായിരുന്നു ആദ്യഘട്ടത്തിൽ ലക്ഷ്യമിട്ടിരുന്നത്. സമീപം ജലാശയങ്ങളുള്ള സ്കൂളുകളെ ആദ്യം ലിസ്റ്റിൽ ഉൾപ്പെടുത്തി തിരഞ്ഞെടുക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. തിരുവനന്തപുരം ജില്ലയിലെ മൂന്നുസ്കൂളുകളിൽ പദ്ധതി നടപ്പാക്കി.
അവഗണിക്കരുത് മുന്നറിയിപ്പുകൾ
പരിചയമില്ലാത്ത കുളങ്ങൾ, നദികൾ എന്നിവിടങ്ങളിൽ ഇറങ്ങരുത്. പുറമേ ശാന്തമെന്ന് തോന്നാമെങ്കിലും അടിയിൽ ശക്തമായ ഒഴുക്കോ ചെളിയോ ഉണ്ടാകും.
മുന്നറിയിപ്പ് ബോർഡുകൾ ശ്രദ്ധിക്കണം.
അപകടമേഖല എന്ന് എഴുതിയ ബോർഡോ ചുവന്ന കൊടിയോ കെട്ടിയ ഇടങ്ങളിൽ യാതൊരു കാരണവശാലും ഇറങ്ങരുത്.
മദ്യപിച്ചോ ലഹരിവസ്തുക്കൾ ഉപയോഗിച്ചോ വെള്ളത്തിൽ ഇറങ്ങരുത്.
ലൈഫ് ജാക്കറ്റ് പോലെയുള്ള സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കണം.
കുട്ടികൾ വെള്ളത്തിലിറങ്ങിയാൽ അവരെ നിരീക്ഷിക്കണം.