വെള്ളം കയറിയത് എട്ട് കടയിൽ; ഓടപ്രശ്നം പരിഹരിക്കും

പത്തനംതിട്ട : കനത്തമഴയിൽ വ്യാപാരസ്ഥാപനങ്ങളിൽ വെള്ളം കയറുന്നത് തടയാൻ നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ്. ബുധനാഴ്ച വൈകീട്ട് പെയ്ത കനത്തമഴയിൽ സെൻട്രൽ ജങ്ഷനിലെ എട്ട് വ്യാപാരസ്ഥാപനങ്ങളിലാണ് വെള്ളം കയറിയത്. മിക്ക മഴക്കാലത്തും പതിവ് സംഭവമാണിത്. വ്യാപാരികളുടെ ഇടപെടലിനെ തുടർന്ന് വ്യാഴാഴ്ച പൊതുമരാമത്ത് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. പഴയ ബസ് സ്റ്റാൻഡ്-തൈക്കാവ് സ്കൂൾ റോഡിൽനിന്നുള്ള വെള്ളമാണ് കുത്തിയൊലിച്ച് സെൻട്രൽ ജങ്ഷനിലെ കടകളിലേക്ക് എത്തുന്നത്. ഓടയിലൂടെ വെള്ളം ഒഴുകാത്തതാണ് പ്രധാന പ്രശ്നം. നവീകരണത്തിന്റെ ഭാഗമായി സെൻട്രൽ ജങ്ഷനിലെ റോഡ് ഉയർത്തിയതോടെ സമീപത്തെ കടകളിലേക്ക് വെള്ളം ഇരച്ചെത്തുന്ന സ്ഥിതിയാണ്.വിഷയം വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട യൂണിറ്റ് ഭാരവാഹികൾ അബിൻ വർക്കി എം.എൽ.എ.യെയും നഗരസഭാ ചെയർപേഴ്സണെയും അറിയിച്ചിരുന്നു. മഴവെള്ളം ഒ​ഴുകിപ്പോകാൻവേണ്ടി ഓടകൾ പൊക്കി സ്ലാബ് ഇട്ട് നൽകാമെന്ന് പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എൻജിനിയർമാർ അറിയിച്ചു. പഴയ ബസ് സ്റ്റാൻഡ്-തൈക്കാവ് റോഡ് നഗരസഭയുടേതാണ്. ഇവിടത്തെ ഓടകളും ശരിയാക്കേണ്ടതുണ്ട്. എങ്കിലേ പ്രശ്നത്തിന് ശാശ്വതപരിഹാരമാവൂ. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് എം. അബു നവാസ്, കെ.സി. വർഗീസ്, ഉല്ലാസ് പുരുഷോത്തമൻ, അബ്ദുൽ മജീദ്, മുഹമ്മദ് ഹനീഫ, അഹമ്മദ് സാലി തുടങ്ങിയവർ ഉദ്യോഗസ്ഥർക്ക് ഒപ്പമുണ്ടായിരുന്നു.