കോയിപ്രം കുടിവെള്ളപദ്ധതി പ്രതിനിധിസംഘം മുഖ്യമന്ത്രിയെ കാണും

കുമ്പനാട് : കോയിപ്രം കുടിവെള്ളപദ്ധതി അനന്തമായി നീളുന്ന സാഹചര്യത്തിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാർ മുഖ്യമന്ത്രിയെ നേരിൽക്കാണും.

ബുധനാഴ്ച കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി.കെ. രാമചന്ദ്രൻനായരുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് തീരുമാനമെടുത്തത്. മുഖ്യമന്ത്രിയെ കാണുന്നതിനുമുൻപായി മന്ത്രി, വകുപ്പ് സെക്രട്ടറി, ജല അതോറിറ്റി എം.ഡി. എന്നിവരുമായും കൂടിക്കാഴ്ച നടത്തും.

കോയിപ്രം കുടിവെള്ളപദ്ധതിയിലെ ജലശുദ്ധീകരണ പ്ലാന്റിനായി നീക്കിവെച്ച 8.5 കോടി രൂപ പകരം വസ്തു വാങ്ങാൻ ഉപയോഗിക്കുന്നതിന്‌ മന്ത്രിതല മീറ്റിങ്ങിൽ തത്ത്വത്തിൽ തീരുമാനമായെങ്കിലും, തുടർനടപടികൾ സാവധാനത്തിലാണ്.

മന്ത്രി മോൻസ് ജോസഫിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവ് ഇറക്കാൻവേണ്ടി വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയുംചെയ്തു. പഴകുളം മധു എം.എൽ.എ., കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്, പഞ്ചായത്ത് പ്രസിഡന്റുമാർ, ജല അതോറിറ്റി സൂപ്രണ്ടിങ് എൻജിനിയർ ആർ.വി. സന്തോഷ്‌കുമാർ തുടങ്ങിയവരുൾപ്പെട്ട യോഗത്തിലാണ് തീരുമാനം.

260 കോടി രൂപ ഭരണാനുമതി ലഭിച്ച ജില്ലയിലെ ഏറ്റവും വലിയ കുടിവെള്ളപദ്ധതിയിൽ 40 ദശലക്ഷം ലിറ്റർ ശേഷിയുള്ള ജലശുദ്ധീകരണശാലയ്ക്കുള്ള സ്ഥലം ലഭ്യമാകാതെയാണ് മുൻപോട്ട് പോകുന്നത്. 16 കേസാണ് 2018 മുതൽ ഹൈക്കോടതിയിൽ നടന്നുവരുന്നത്. 10 കേസിൽ ജല അതോറിറ്റിക്ക് അനുകൂലമായി വിധിയുണ്ടായെങ്കിലും, ഒരു കേസ് കഴിയുമ്പോൾ വീണ്ടും വേറൊരു കേസ് വരുന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്.

‘സർക്കാർ നാലേക്കർ പാടം നികത്തിക്കൊടുക്കണം’

മുട്ടുമണ്ണിലുള്ള മൂന്നേക്കർ 88 സെന്റ്‌ സ്ഥലത്തിന് 8.5 കോടി രൂപ വില നൽകുന്നതുകൂടാതെ ആറുകിലോമീറ്റർ ചുറ്റളവിൽ നാലേക്കർ സ്ഥലം സർക്കാർ ഇടപെട്ട് നികത്തിക്കൊടുക്കണമെന്നാണ് വസ്തുവുടമസ്ഥന്റെ പുതിയ ഡിമാൻഡ്. മുട്ടുമണ്ണിൽ പ്ലാന്റിനുവേണ്ടി നീക്കംചെയ്യുന്ന മണ്ണ് ഉടമസ്ഥർ ചൂണ്ടിക്കാണിക്കുന്ന മറ്റൊരു പാടത്തിട്ട് നികത്തിനൽകണമെന്നാണ് ആവശ്യം.

കേസിൽപ്പെട്ടുകിടക്കുന്ന വസ്തു ജലഅതോറിറ്റിക്ക് വാങ്ങുന്നതിനുവേണ്ടിയാണ് 8.5 കോടി രൂപ സർക്കാർ നീക്കിവെച്ചിരിക്കുന്നതെന്നാണ് ഹൈക്കോടതിയിൽ പറഞ്ഞിട്ടുള്ളത്. അതിനാൽ സർക്കാർ പ്രത്യേകം ഉത്തരവ് ഇറക്കിയാൽമാത്രമേ പകരം വസ്തു വാങ്ങാനായി ഈ തുക വിനിയോഗിക്കാൻ കഴിയൂ.

പുറമറ്റം, എഴുമറ്റൂർ, കോയിപ്രം വില്ലേജുകളിൽ പകരം സ്ഥലം കണ്ടെത്തിയെങ്കിലും, നടപടികളിലേക്ക് കടക്കാൻ ഇതുവരെ സാധിച്ചിട്ടില്ല.

ഇപ്പോൾ ഹൈക്കോടതിയിൽ കെട്ടിവെച്ചിട്ടുള്ള തുക മറ്റുവസ്തുക്കൾ വാങ്ങാനുപയോഗിക്കാമെന്ന് ഉത്തരവിറക്കിയാൽ മൂന്നുകോടി രൂപയിൽത്താഴെ വിലയുള്ള വസ്തു ലഭ്യമാക്കാമെന്ന് എഴുമറ്റൂർ പഞ്ചായത്ത് പ്രസിഡൻറ് അനിൽ പൈക്കര യോഗത്തിൽ പറഞ്ഞു.

നിർമാണ ഉദ്ഘാടനം കഴിഞ്ഞിട്ട് ആറുമാസം

ജലശുദ്ധീകരണശാലയ്ക്കുവേണ്ടി രണ്ടുമാസംകൊണ്ട്, കേസിലുൾപ്പെട്ടിട്ടുള്ള വസ്തുവോ പകരം വസ്തുവോ കണ്ടെത്തിനൽകാമെന്നുള്ള ഉറപ്പിന്മേലാണ് ഹൈദരാബാദ് ആസ്ഥാനമായുള്ള എവറസ്റ്റ് കമ്പനി എഗ്രിമെൻറ് ഒപ്പുവയ്ക്കാൻ തയ്യാറായത്. മാർച്ച് 12-നാണ് പദ്ധതിയുടെ നിർമാണോദ്ഘാടനം നടത്തിയത്. ആറുമാസം കഴിഞ്ഞിട്ടും വസ്തുവിന്റെ കാര്യത്തിൽ തീരുമാനമായിട്ടില്ല. പദ്ധതിക്കുവേണ്ടി പൂവത്തൂരിലെ കിണറിന്റെ രൂപരേഖ അംഗീകാരത്തിനായി ജല അതോറിറ്റിക്ക് കമ്പനി നൽകിയിട്ടുണ്ട്. 40 ശതമാനം പൈപ്പുകൾക്കും ഓർഡർ ചെയ്തിട്ടുണ്ട്.