കാൽനൂറ്റാണ്ടായി തെളിക്കാതെ കുറ്റപ്പുഴ തോടും കറ്റോട് ചീപ്പും

പുനരുദ്ധരിച്ചാൽ കവിയൂരും തിരുവല്ലയും മുങ്ങുന്നത് ഒഴിവാകും

കവിയൂർ : തിരുവല്ല നഗരസഭയും കവിയൂർ പഞ്ചായത്തും മുങ്ങാൻ ഇടയാക്കുന്ന കുറ്റപ്പുഴ തോട്, കറ്റോട് ചീപ്പ് എന്നിവയുടെ പുനരുദ്ധാരണത്തിന് പദ്ധതി വേണമെന്ന്‌ ആവശ്യം. കാലവർഷ സമയത്ത് ആണ്ടുതോറും നീരൊഴുക്കിന് ഉണ്ടാകുന്ന തടസ്സവും ചീപ്പിന്റെ ഷട്ടർ തകരാറുകളും പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി. ഇത്തവണ ഷട്ടർപാളി അടർന്നതിനെ തുടർന്ന് കവിയൂരിലെ ഭൂരിഭാഗവും വെള്ളത്തിൽ മുങ്ങി. തിരുവല്ല നഗരസഭയുടെ ഒട്ടുമിക്ക ഭാഗങ്ങളും പ്രളയക്കെടുതിക്ക്‌ ഇരയാകാനിത് കാരണമായി. അതുകൊണ്ട് അടുത്ത കാലവർഷത്തിനുമുന്നേ വിശദമായ പദ്ധതി തയ്യാറാക്കി പ്രവൃത്തികൾ നടത്തണമെന്നാണ് ആവശ്യം.

തോട് കാഴ്ചവസ്തു

നഗരസഭയുടെ കിഴക്കേ അതിരും കവിയൂർ പഞ്ചായത്തിന്റെ പടിഞ്ഞാറേ അതിരും തിരിക്കുന്ന തോടാണിത്. ഇതിനകത്ത്‌ വളർന്നുനിൽക്കുന്ന മരങ്ങളും കട്ടുച്ചെടികളും വർഷങ്ങളായി നീരൊഴുക്ക് തടയുന്നു. കവിയൂരിലെ വിഴൽ, മണ്ണതൂമ്പ്, തെക്കേ കളം, കളമ്പുകാട്ടിൽ കളം, തുരുത്തുപ്രദേശം ഐരാറ്റുഭാഗം, പെരിങ്ങര കല്ലൂർക്കടവ്, നഗരസഭയിൽ കൊച്ചുതോടിന് സമീപവുമൊക്കെ ആണ്ടുതോറും കെടുതിക്ക് ഇരയാകുന്നു. മണിലയാറ്റിൽ കറ്റോടുനിന്ന് തുടങ്ങി ആമല്ലൂർവഴി കുറ്റപ്പുഴ കോളേജിന്റെ താഴെയെത്തി പന്നിക്കുഴി പാലത്തിനടിയിൽ കൂടിയാണിത് ഒഴുകുന്നത്. നഗരസഭയിലെ 10,11,13,18,23 വാർഡുകൾ, കവിയൂരിലെ 7,9,10,11,13 വാർഡുകളുമാണ്‌ പ്രധാനമായി ഇതിന്റെ പരിധിയിൽ വരുന്നവ. ഏകദേശം 7000 പറ പുഞ്ചപ്രദേശം ഈ തോടിന്റെ പരിധിയിലാണ്.

മണ്ണിട്ട് നികത്തി

കവിയൂർ പുഞ്ച, കിഴക്കൻ മുത്തൂർ, നാട്ടുകടവ്‌, ആഞ്ഞിലിത്താനം, ആമല്ലൂർ, ചുമത്ര, മുത്തൂർ, എം.സി. റോഡിൽ ഇടിഞ്ഞില്ലം വരെയുള്ള ഭാഗത്തെ പാടങ്ങൾ. വൻതോതിൽ മണ്ണിട്ട് നികത്തി കെട്ടിടങ്ങൾ പണിതു. തോടിന്റെ ഭാഗങ്ങൾ കൈയേറി നിർമാണങ്ങളും നടത്തി. നീരൊഴുക്ക് ഇതോടെ തടയപ്പെട്ടു. കാൽനൂറ്റാണ്ടു മുന്നേ തെളിച്ച തോട്ടിൽ പിന്നീട് യാതൊരുവിധ പണികളും നടന്നില്ല. മണ്ണും ചെളിയും ഒഴുകിക്കയറി വിസ്തൃതികുറഞ്ഞു.

വൻമരങ്ങൾ അടക്കം ഇതിൽ വളർന്നനിലയിലാണ്. ഇതൊക്കെ വെട്ടിനീക്കി ആഴംകൂട്ടിയാൽ ഇത്രയുമിടത്തെ വെള്ളപ്പൊക്കം ഒഴിവാക്കാൻ കഴിയും.

ഷട്ടർ തകർച്ച പ്രശ്‌നം

അരനൂറ്റാണ്ട് അടുത്ത് പഴക്കംവരുന്ന ഒന്നാണ് വലിയ തോട്ടിലെ ചീപ്പിന്റെ ഷട്ടർ. പാളികൾ തുരുമ്പടുത്ത് അകന്നുമാറി കറ്റോട് പാലത്തോട് ചേർന്നാണ് ചീപ്പിന്റെ ഷട്ടർ പിടിപ്പിച്ചിട്ടുള്ളത്. ഇതൊന്ന് ഉയർത്തുകയും താഴ്ത്തുകയും ചെയ്യാൻ ഇറിഗേഷൻ പറഞ്ഞുവിടുന്ന രണ്ടു ജീവനക്കാരെക്കൊണ്ട് മിക്കപ്പോഴും സാധ്യമാകില്ല. ഇതിന്റെ പഴയകാല മെക്കാനിസം കാലപ്പഴക്കത്താൽ നിലവിലിതിന്‌ സാധ്യവുമല്ല. ഇക്കാര്യത്തിൽ തുടർനടപടികൾ ഇഴയുന്നത് കവിയൂരിലെ 6,000 വീടുകൾ മുങ്ങാൻ ഇടയാക്കുന്നു. ഷട്ടറിന്റെ അറ്റകുറ്റപ്പണിക്ക് എം.എൽ.എ. ഇടപെട്ട്‌ 2.82 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. അതുകൊണ്ട് താത്കാലികമായി പണികൾ നടത്തിയാലും ശക്തമായ കുത്തൊഴുക്കിലിത് തകരാനുള്ള സാധ്യത ഏറെയാണ്.

പുതിയവ സ്ഥാപിച്ചാലേ മഴക്കാലത്ത് സുരക്ഷിതമായി നാട്ടുകാർക്ക് കിടന്നുറങ്ങാൻ കഴിയൂവെന്നാണ് കവിയൂർ നിവാസികളുടെ പക്ഷം.