രണ്ടരമാസമായിട്ടും സിഗ്നൽ തെളിഞ്ഞില്ല

അബിൻ വർക്കി എം.എൽ.എ. അറിയാൻ

കുമ്പഴയിൽ ട്രാഫിക് സിഗ്നൽ സെപ്റ്റംബർ ഒന്നിന് സജ്ജമാക്കുമെന്നായിരുന്നു വാഗ്ദാനം

പത്തനംതിട്ട : ശബരിമല മണ്ഡലകാലം ആരംഭിക്കാൻ ദിവസങ്ങൾമാത്രം ബാക്കിനിൽക്കെ, പ്രധാന ജങ്ഷനുകളിലൊന്നായ കുമ്പഴ കവലയിലെ ട്രാഫിക് സിഗ്നൽ സംവിധാനം നോക്കുകുത്തി. ഒട്ടേറെ വാഹനാപകടങ്ങളും കടുത്ത ഗതാഗതക്കുരുക്കുമുണ്ടാകുന്ന കുമ്പഴയിൽ സെപ്റ്റംബർ ഒന്നുമുതൽ സിഗ്നൽ പൂർണമായും പ്രവർത്തനസജ്ജമാകുമെന്നായിരുന്നു അധികൃതരുടെ വാഗ്ദാനം. രണ്ടരമാസം പിന്നിട്ടിട്ടും എല്ലാം പഴയപടിതന്നെ.

അടുത്തിടെ ക്ഷേത്രദർശനം കഴിഞ്ഞ് ഭർത്താവിനൊപ്പം സ്കൂട്ടറിൽവന്ന സ്ത്രീ ടിപ്പർലോറിയിടിച്ച് മരിച്ചു. അപകടത്തെ തുടർന്ന് അബിൻ വർക്കി എം.എൽ.എ. ഇടപെടുകയും സിഗ്നൽ സ്ഥാപിക്കാൻ നടപടിയെടുക്കുകയും ചെയ്തു. എം.എൽ.എ.യുടെ നിർദേശപ്രകാരം ജില്ലാ ട്രാഫിക് സെല്ലിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്തെ ഏജൻസിയെ ഇതിനായി ചുമതലപ്പെടുത്തി. തുടർന്ന് ഇവിടെ സിഗ്നൽ സംവിധാനം സ്ഥാപിക്കുകയും പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിപ്പിക്കുകയും ചെയ്തു. പണികൾ അന്തിമഘട്ടത്തിലാണെന്നും സെപ്റ്റംബർ ഒന്നിന് സിഗ്നൽ യാഥാർഥ്യമാകുമെന്നുമാണ് ഏജൻസി അറിയിച്ചത്. എന്നാൽ, തീരുമാനങ്ങളെല്ലാം കടലാസിലൊതുങ്ങി. ശബരിമല സീസൺ ആരംഭിക്കുന്നതോടെ പുനലൂർ- മൂവാറ്റുപുഴ സംസ്ഥാനപാതയിലൂടെയും തിരുവല്ല- കുമ്പഴ റോഡിലൂടെയുമുള്ള വാഹനത്തിരക്ക് ഇരട്ടിയാകും. അടിയന്തരമായി സിഗ്നൽ സംവിധാനം പൂർണതോതിൽ പ്രവർത്തനക്ഷമമാക്കിയില്ലെങ്കിൽ കുമ്പഴ കവല വീണ്ടും അപകടങ്ങൾക്കും ഗതാഗതക്കുരുക്കിനും ഇടമാക്കുമെന്നതിൽ സംശയമില്ല.