ചേരിക്കൽ സ്മരിക്കുന്നു; മഹാത്മാവിന്റെ കാൽതൊട്ട മണ്ണിനെ

ഇന്ന് ഗാന്ധിജയന്തി
പന്തളം: ‘ഓലമേഞ്ഞ കൊച്ചുവിദ്യാലയം, നിറയെ വിദ്യാർഥികൾ, ചുറ്റും താൻ സ്നേഹിക്കുന്ന ഹരിജനങ്ങൾ. ഗാന്ധിജിയുടെ മുഖംതെളിഞ്ഞു. ഒരു വിദ്യാലയത്തിനുവേണ്ട സൗകര്യത്തിലുപരി കുട്ടികളുടെ എണ്ണമാണ് അദ്ദേഹത്തെ സംതൃപ്തനാക്കിയത്,’ -എം.എൻ. ഗോവിന്ദൻ നായർ തന്റെ ഓർമ്മപുസ്തകത്തിൽ ഇങ്ങനെ കുറിച്ചു. പൊതുയോഗവും പ്രസംഗവും ഒന്നുമുണ്ടായിരുന്നില്ലെങ്കിലും ചേരിക്കലെന്ന കൊച്ചുഗ്രാമത്തിന് ഓർക്കാൻ അതുമാത്രം മതി.
1934-ൽ ഹരിജനോദ്ധാരണത്തിനുവേണ്ടിയുള്ള യാത്രയിലാണ് ഹരിജനങ്ങൾ തിങ്ങിപ്പാർക്കുന്ന ചേരിക്കലെന്ന ഗ്രാമത്തിലേക്ക് ഗാന്ധിജിയെത്തിയത്. ചെങ്ങന്നൂരിൽനിന്ന് അടൂരിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു മഹാത്മാവിന്റെ വരവ്. കമ്യൂണിസ്റ്റ് നേതാവും ചേരിക്കൽക്കാരുടെ പ്രിയങ്കരനും പിന്നീട് മന്ത്രിയുമായ എം.എൻ. ഗോവിന്ദൻ നായരാണ് ഗാന്ധിജിയുടെ പന്തളത്തെ വരവിന് പാതയൊരുക്കിയത്.
ഗാന്ധിജി കേരളത്തിലെത്തുന്നുവെന്നറിഞ്ഞ് എം.എൻ., ഹരിജനോദ്ധാരണ സമിതിയുടെ കേരളഘടകം പ്രസിഡന്റായിരുന്ന ചങ്ങനാേശ്ശരി പരമേശ്വരൻ പിള്ളയെ സമീപിച്ചു. എം.എന്റെയും ചേരിക്കൽ നിവാസികളുടെയും ആഗ്രഹത്തിനനുസരിച്ച് സ്വീകരണാധ്യക്ഷൻ ചങ്ങനാശ്ശേരി പരമേശ്വരൻപിള്ളയുടെ കത്തുവന്നു. എല്ലാ ഒരുക്കങ്ങളും ചെയ്യണമെന്നായിരുന്നു കത്തിലെ ഉള്ളടക്കം. അന്ന് മാവേലിക്കര താലൂക്കിൽപ്പെട്ട സ്ഥലമായതിനാൽ മാവേലിക്കര തഹസീൽദാർക്കായിരുന്നു ഔദ്യോഗിക ഒരുക്കങ്ങളുടെ ചുമതല. ഗാന്ധിജിക്ക് കുടിക്കാൻ ആട്ടിൻപാലിനായി ആട്ടിൻകൂട്ടത്തെ പന്തളത്ത് സജ്ജമാക്കിയിരുന്നതായി എം.എൻ. പറയുന്നു. ചെങ്ങന്നൂരിൽനിന്ന് പന്തളം വഴിയുള്ള യാത്രയ്ക്കിടെയാണ് ചേരിക്കൽ ശ്രദ്ധാനന്ദവിലാസം എൽ.പി. സ്‌കൂളിൽ ഗാന്ധിജിയെത്തിയത്. പ്രചാരണമൊന്നുമില്ലാതെ തടിച്ചുകൂടിയ ജനത്തെകണ്ട് എല്ലാവരും അത്ഭുതപ്പെട്ടു. മണ്ണ് വാരിയിട്ടാൽ താഴെവീഴാത്തത്ര ജനക്കൂട്ടം എന്നാണ് എം.എൻ. വിവരിച്ചിട്ടുള്ളത്.
പന്തളം മാവേലിക്കര റോഡിലെ പൂളയിൽമുക്കിൽനിന്ന് ചേരിക്കലിലേക്കുള്ള ചെറിയവഴി ഗാന്ധിജിക്കുവേണ്ടി കാടുവെട്ടി വൃത്തിയാക്കിയിരുന്നു. സ്‌കൂളിന്റെ അംഗീകാരത്തിനുവേണ്ടി അക്ഷീണ പരിശ്രമം നടത്തിക്കൊണ്ടിരുന്ന സമയത്ത് ഗാന്ധിജിയുടെ വരവ് സ്‌കൂളിന് ഗ്രാന്റ് അനുവദിച്ചുകിട്ടുന്നതിനും അംഗീകാരം ലഭിക്കുന്നതിനും വഴിയൊരുക്കുകയും ചെയ്തു.