കെ.എസ്.ആർ.ടി.സി. ബസിന് പന്തളത്ത് എന്തുമാകാം; ആരും ചോദിക്കാനില്ല

പന്തളം : എവിടെ വേണമെങ്കിലും നിർത്താം, സ്റ്റാൻഡിൽ കയറിയോ കയറാതെയോ പോകാം, കെ.എസ്.ആർ.ടി.സി. ഓർഡിനറി ഉൾപ്പെടെയുള്ള ബസുകൾ പന്തളത്ത് തോന്നിയതുപോലെ പോകുന്നു. ആരും ചോദിക്കാനില്ല. പന്തളം കവലയിൽനിന്നും കുറച്ച് അകത്തേക്കുമാറി സ്ഥിതിചെയ്യുന്ന സ്റ്റാൻഡിലേക്ക് ബസ് കയറുന്നത് ഡ്രൈവർമാരുടെ ഇഷ്ടമനുസരിച്ചാണ്. രാവിലെ ബസ് കാത്ത് സ്റ്റാൻഡിൽ നിന്നാൽ ഒരു ബസുപോലും ഇവിടേക്ക്‌ വരുകയില്ല. പന്തളം കവലയിൽ നിൽക്കാമെന്നുവെച്ചാൽ അതും എവിടെയെന്ന് നിശ്ചയമില്ല. തോന്നുംപടി നിർത്തും ചിലപ്പോൾ നിർത്താതെ പാഞ്ഞുപോകും.

മുമ്പ് രാവിലെ ഏഴിനുമുമ്പും രാത്രി ഏഴുകഴിഞ്ഞുമായിരുന്നു ബസ്‌സ്റ്റാൻഡിലേക്ക് ബസുകൾ കയറാതെ പോയിരുന്നതെങ്കിൽ ഇപ്പോൾ എല്ലാസമയവും ഇതുതന്നെയാണ് സ്ഥിതി. സ്റ്റാൻഡിൽ ബസ് കാത്തുനിൽക്കുന്നവർ മണിക്കൂറുകളോളം കാത്തുനിൽക്കുന്നതല്ലാതെ ഫലമില്ല. പന്തളം കവലയിലെ ഗതാഗതക്കുരുക്ക് ഏറിയതോടെയാണ് ബസ്‌ഡ്രൈവർമാർക്ക് സറ്റാൻഡിലേക്ക് പോകാൻ മടിയായിത്തുടങ്ങിയത്.

മെഡിക്കൽമിഷൻകവല മുതലും മണികണ്ഠനാൽത്തറമുതലും നീണ്ട നിരയിൽ കിടന്ന് സമയ നഷ്ടമുണ്ടാകുമ്പോഴാണ് ദീർഘദൂര ബസുകൾ സ്റ്റാൻഡിൽ കയറാതെ പൊയ്‌ക്കൊണ്ടിരുന്നത്. എന്നാൽ, ഇപ്പോൾ രാവിലെമുതൽതന്നെ ഗതാഗതക്കുരുക്ക് തുടങ്ങുകയായി. എം.സി.റോഡിലെ ഏറ്റവും ഗതാഗതതടസ്സം അനുഭവപ്പെടുന്ന കവലയായി പന്തളം മാറിക്കഴിഞ്ഞു. കാത്തിരിപ്പുകേന്ദ്രംപോലുമില്ലാത്ത പന്തളം കവലയിൽ വെയിലും മഴയുമേറ്റ് നിൽക്കണമെന്നതും യാത്രക്കാർ അനുഭവിക്കുന്ന ദുരിതമാണ്. മണ്ഡലകാലം ആരംഭിക്കുന്നതോടെ പന്തളത്തെത്തുന്ന തീർഥാടകരാണ് ദുരിതം കൂടുതൽ അനുഭവിക്കാൻ തുടങ്ങുന്നത്. പന്തളത്തുനിന്ന് പമ്പയ്ക്ക് ആകെയുള്ളത് ഒരു ബസ്മാത്രം. ബാക്കി സമയത്തെത്തുന്നവർ അടൂരിലോ ചെങ്ങന്നൂരിലോ, പത്തനംതിട്ടയിലോ എത്തി പമ്പയ്ക്ക് പോകണം. പത്തനംതിട്ടയ്ക്ക് രാത്രി ഏഴര കഴിഞ്ഞാൽ ഒരു ബസുപോലും പന്തളത്തുനിന്നില്ല.