പൊടിപാറിച്ച് പണി; പാടുപെട്ട് ജനം

പത്തനംതിട്ട : മിനി സിവിൽസ്റ്റേഷൻ- കുമ്പഴ റോഡ് പണി പുരോഗമിക്കുമ്പോൾ പൊടിയിൽ മുങ്ങി നഗരം. ദിവസങ്ങളായുള്ള റോഡുപണിയുടെ ഭാഗമായി ഉയരുന്ന പൊടിപടലം യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും വ്യാപാരികൾക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. റോഡിൽ ഇടയ്ക്കിടെ വെള്ളം ഒഴിച്ച് പൊടിപടലം നിയന്ത്രിക്കുകയും കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി സഞ്ചരിക്കുന്നതിനുള്ള സൗകര്യം ഒരുക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെടുന്നു.
സമീപത്തെ കടകളിലേക്കും പൊടികയറുന്നുണ്ട്. സാധാരണയായി ടി.കെ. റോഡിന്റെ മറ്റു ഭാഗങ്ങളിൽ രാത്രിയാണ് പണി നടക്കുന്നത്. എന്നാൽ, ഇവിടെ പകലത്തെ പണി ഗതാഗതക്കുരുക്ക് ഉണ്ടാകുന്നതിനും കാരണമാകുന്നു.
റോഡ് നവീകരണം നടക്കുന്ന സ്ഥലങ്ങളിൽ ആവശ്യമായ മുൻകരുതൽ സംവിധാനങ്ങൾ അധികൃതർ ഒരുക്കണമെന്ന് വ്യാപാരി വ്യവസായി സമിതി ആവശ്യപ്പെട്ടു. ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കേണ്ട നഗരസഭ ആരോഗ്യവിഭാഗവും പൊതുമരാമത്ത് അധികൃതരും ഈ പ്രശ്നം കണ്ടില്ലെന്ന് നടിക്കുന്നത് അവസാനിപ്പിക്കണം. പൊടി നിയന്ത്രിക്കുന്നതിനും ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് പത്തനംതിട്ട ഏരിയാ പ്രസിഡന്റ് അബ്ദുൽ റഹീം മക്കാർ, സെക്രട്ടറി ഗീവർഗീസ് പാപ്പി എന്നിവർ ആവശ്യപ്പെട്ടു.