നടക്കാൻ ഇടം തേടി തിരുവല്ല; ഓടയ്ക്ക് മുകളിലെ നടപ്പാതകൾ തകർന്നു

തിരുവല്ല : നഗരത്തിലെ പ്രധാന നടപ്പാതകൾ തകർന്നു. എം.സി. റോഡിലും അമ്പലപ്പുഴ സംസ്ഥാനപാതയിലും പലയിടത്തായി നടപ്പാതകളുടെ മുകൾഭാഗം തകർന്നുകിടക്കുകയാണ്.

എം.സി. റോഡിലാണ് കൂടുതൽ. കുരിശുകവലയിൽ എം.സി. റോഡ് വശത്ത് അപകടകരമായ നിലയിലാണ് നടപ്പാതകൾ. ഓടയുടെ സ്ലാബുകളിൽ തറയോടിട്ടാണ് നടപ്പാത ഒരുക്കിയിരുന്നത്. സ്ലാബുകൾ പലയിടത്തും തകർന്നു. കുരിശുകവലയിൽ 100 മീറ്ററോളം ഭാഗത്ത് മേൽമൂടി തകർന്ന നിലയിലാണ്.

അമ്പലപ്പുഴ റോഡുമായി ചേരുന്ന ഭാഗത്ത് വലിയ കുഴിയാണ് നടപ്പാതയിൽ. ഇവിടെ ഇലക്ട്രിക് പോസ്റ്റിന്റെ കഷണങ്ങൾ നിരത്തിയിട്ടുണ്ട്. ശ്രദ്ധിച്ച് ചവിട്ടിയില്ലെങ്കിൽ കുഴിയിൽ വീണ് കാലൊടിയും. ഇതിന് പുറമേ സ്വകാര്യ കമ്പനികളുടെ കേബിളുകൾ പൊട്ടി നടപ്പാതയിൽ കിടപ്പുണ്ട്. കെ.എസ്.ഇ.ബി. വെട്ടിയ തണൽ മരങ്ങളുടെ ചില്ലകൾ നടപ്പാതയിൽ കൂട്ടിയിട്ടിട്ടുമുണ്ട്. എസ്.സി.എസ്. കവല മുതൽ പടിഞ്ഞാറുവശത്തുള്ള നടപ്പാതയിൽ പലയിടത്തായി തറയോടുകൾ ഇളകി കിടപ്പുണ്ട്.

വർഷങ്ങളായി നടപ്പാതകളിൽ അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. എം.സി. റോഡ് ദേശീയ പാത അതോറിറ്റി ഏറ്റെടുത്തതോടെ പൊതുമരാമത്തുവകുപ്പ് അറ്റകുറ്റപ്പണി ചെയ്യുന്നില്ല. നഗരസഭയും നടപ്പാതയുടെ കാര്യത്തിൽ മൗനത്തിലാണ്.