പൈപ്പിൽ വെള്ളമില്ല; നാട്ടുകാർ കാത്തിരിപ്പിൽ

പള്ളിക്കൽ : ഒൻപതുവർഷമായി, പള്ളിക്കൽ ഭാഗത്തേക്ക് ജല അതോറിറ്റിയുടെ കുടിവെള്ളം എത്തിയിട്ട്. ഇക്കഴിഞ്ഞ വർഷങ്ങളിലെല്ലാം തിരഞ്ഞെടുപ്പുകാലത്ത് വെള്ളം എത്തുമെന്ന് പറഞ്ഞ രാഷ്ട്രീയപ്പാർട്ടികളുടെ വാഗ്ദാനങ്ങൾ ഒന്നും നടപ്പായില്ല. ആദ്യം ആനയടിമുതൽ പള്ളിക്കൽ പഞ്ചായത്തുവരെയുള്ള ജർമൻ റോഡിന്റെ നിർമാണം പൂർത്തിയാകട്ടെ, അതുകഴിഞ്ഞാൽ വെള്ളമെത്തിക്കാമെന്നായിരുന്നു അധികൃതരുടെ ഉറപ്പ്. പിന്നീട് ആനയടി-കൂടൽ റോഡിന്റെ നിർമാണമായി തടസ്സം.

അങ്ങനെ റോഡുകൾക്ക് ഓരോന്നായി പണി തീർന്നു. എന്നാൽ, കുടിവെള്ളപദ്ധതിക്കുമാത്രം പണി തീരുന്നില്ല. ആനയടി-കൂടൽ റോഡിന്റെ നിർമാണം വൈകുന്നതിന് പൈപ്പിടൽ വൈകുന്നതും കാരണമാണെന്ന ആക്ഷേപം ഉയർന്നതോടെ 2022 ഫെബ്രുവരി 25-നകം പൈപ്പിടൽ പൂർത്തിയാക്കണമെന്ന് അന്നത്തെ ജലവിഭവവകുപ്പ് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഇതോടെ പള്ളിക്കൽ പഞ്ചായത്ത് ഓഫീസിനുസമീപംവരെ പൈപ്പിട്ടു. അതോടെ പൈപ്പിടൽ പരിപാടിക്ക് താത്കാലിക വിരാമമായി. വെള്ളം വരുമെന്ന് കരുതിയ നാട്ടുകാർക്ക് കിട്ടിയത് വീണ്ടും കാത്തിരിപ്പുമാത്രം.

വെള്ളമെത്തുമെന്ന സൂചന

പഞ്ചായത്ത് ഓഫീസിനുസമീപം പൈപ്പിട്ടു നിർത്തിയ സ്ഥലത്തുനിന്ന് വെള്ളച്ചിറ ഭാഗത്തേക്ക് പൈപ്പ് ലൈൻ നീട്ടാനുള്ള നടപടികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഇതിനായി കിഫ്ബിയുടെ അനുമതിയും ജല അതോറിറ്റിയുടെ ഡിമാൻഡ് നോട്ടീസ് നടപടികളും പൂർത്തിയാകണം. ഇതെല്ലാം ശരിയായാൽ ഉടൻ തുടർപ്രവൃത്തികൾ ആരംഭിക്കുമെന്നാണ് ജല അതോറിറ്റി അധികൃതർ പറയുന്നത്.

അതായത് വെള്ളമെത്താനുള്ള വഴി തെളിയാൻ ഇനിയും ചില കടമ്പകൾ കടക്കണം. നാട്ടുകാർക്ക് ഇപ്പോൾ ആശ്വാസമായി ലഭിക്കുന്നത് വീണ്ടും ഒരു ഉറപ്പാണ്.

ജൽജീവനും വെള്ളത്തിലായി

കുടിവെള്ളക്ഷാമത്തിന് പരിഹാരമാകുമെന്ന് കരുതിയ ജൽജീവൻ പദ്ധതിക്കും പള്ളിക്കലിൽ കാര്യമായി ജീവൻവെക്കാനായില്ല. പദ്ധതിക്കായി 82.85 കോടി രൂപയാണ് വകയിരുത്തിയത്.

ജലസംഭരണി നിർമിക്കാൻ സ്ഥലം കണ്ടെത്തി വാങ്ങുകയുംചെയ്തു. എന്നാൽ, പാറക്കൂട്ടത്തും തെങ്ങുംതാരയിലുമുള്ള സ്ഥലങ്ങൾ ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലായതോടെ ടാങ്ക് നിർമാണവും പ്രതിസന്ധിയിലായി.