പതിയാൻപടി- ചാങ്ങേത്ത്പടി റോഡുപണി തുടങ്ങി

​കീക്കൊഴൂർ : വയലത്തല പതിയാൻപടി- ചാങ്ങേത്ത്പടി റോഡുപണി ആരംഭിച്ചു. സംസ്ഥാന ബജറ്റിലെ ഗ്രാമീണ റോഡുകളുടെ ഒറ്റത്തവണ പുനരുദ്ധാരണ പദ്ധതിയിലുൾപ്പെടുത്തി 25 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നവീകരിക്കുന്നത്. പൊതുമരാമത്ത് റാന്നി സബ് ഡിവിഷനാണ് മേൽനോട്ടം. പണികൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് പഴകുളം മധു എം.എൽ.എ. ഉദ്യോഗസ്ഥരോട് നിർദേശിച്ചു.

ചെറുകോൽ പഞ്ചായത്തിലെ വയലത്തലയെയും നാരങ്ങാനം പഞ്ചായത്തിലെ കടമ്മനിട്ടയെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയാണിത്. കോഴഞ്ചേരി മരാമത്ത് സബ് ഡിവിഷന്റെ പരിധിയിലുള്ള പകുതി ദൂരം റോഡിന്റെ പണികൾചെയ്യാൻ ഇനിയും നടപടിയായില്ല. എം.എൽ.എ.ഫണ്ടോ, ജില്ലാപഞ്ചായത്ത് ഫണ്ടോ വിനിയോഗിച്ച് റോഡിന്റെ ബാക്കി പണിയും ഉടൻ പൂർത്തിയാക്കുമെന്ന് ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ജൂലി സാബു ഓലിക്കൽ അറിയിച്ചു. പതിറ്റാണ്ടുകളായി അറ്റകുറ്റപ്പണി നടത്താതെ ഈ റോഡിൽ കാൽനടയാത്രപോലും ദുസ്സഹമായിരുന്നു.‌