കണ്ണീരിലാണ് കർഷകർ

കപ്പ പന്നി തിന്നു; ഏത്തക്കുല കള്ളൻ കൊണ്ടുപോയി
പെരിങ്ങനാട് : പന്നിശല്യത്തിൽ കൃഷിനശിക്കുന്നതിനിടെ വിളവെടുക്കാൻ പാകമായ ഏത്തക്കുലകളും മോഷണംപോയതോടെ കർഷകർ ദുരിതത്തിൽ. പെരിങ്ങനാട് മുണ്ടപ്പള്ളി എണ്ണശ്ശേരിപ്പടി ഏലയിൽനിന്നാണ് 18 ഏത്തക്കുലകൾ മോഷ്ടിച്ചത്. മുണ്ടപ്പള്ളി ആസാദ് ജങ്ഷനിലെ പുല്ലുംവിള വീട്ടിൽ കെ. ബാബുവിന്റെ കൃഷിയിടത്തിൽനിന്ന് 15 കുലകളും മുണ്ടപ്പള്ളി തോപ്പിൽ വടക്കേതിൽ സന്തോഷ് കുമാറിന്റെ കൃഷിയിടത്തിൽനിന്ന് മൂന്ന് കുലകളുമാണ് മോഷണം പോയത്.ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ഏലായിൽനിന്ന് വാഴകൾ ഒടിച്ചിടുന്ന ശബ്ദംകേട്ടതായി സമീപവാസികൾ പറഞ്ഞു. നാട്ടുകാർ ബഹളംവെച്ചതോടെ മോഷ്ടാക്കൾ ഓടിപ്പോയെന്നാണ് കരുതുന്നത്.
ബാബുവിന്റെ കൃഷിയിടത്തിൽനിന്ന് വെട്ടിയെടുത്ത ഏത്തക്കുലകൾക്കുപുറമേ ഏഴ് കുലകൾ സമീപത്ത് ഉപേക്ഷിച്ചനിലയിലും കണ്ടെത്തി. ഇതിൽ പലതും വെട്ടുകത്തി ഉപയോഗിച്ച് നശിപ്പിച്ചനിലയിലാണ്. സംഭവത്തിൽ കെ. ബാബു അടൂർ പോലീസിൽ പരാതി നൽകി.അതേസമയം, പെരിങ്ങനാട് എണ്ണശ്ശേരി ഏലയിൽ പന്നിശല്യംകാരണം കൃഷി വ്യാപകമായി നശിക്കുന്നതും കർഷകർക്ക് തിരിച്ചടിയാകുകയാണ്. വിളവെടുക്കാൻ പാകമായ കപ്പ ഉൾപ്പെടെയുള്ളവ പന്നികൾ നശിപ്പിക്കുന്നു. നട്ട് ദിവസങ്ങൾമാത്രമായ തൈകൾ മുതൽ വളർച്ചയെത്തിയ കപ്പച്ചെടികൾവരെ കാട്ടുപന്നികളുടെ ആക്രമണത്തിൽ നശിച്ചു. വരൾച്ചയും കാലവർഷക്കെടുതിയും അതിജീവിച്ച് കൃഷിയിറക്കുന്ന കർഷകർക്ക് ഇരട്ടപ്രഹരമാണ് ഇപ്പോൾ നേരിടേണ്ടിവരുന്നത്.പന്നിശല്യത്തിനൊപ്പം മോഷണവും പതിവായാൽ കൃഷി തുടരാനാകാത്ത സ്ഥിതിയാണെന്ന് കർഷകർ പറയുന്നു. അധ്വാനവും ചെലവുംമാത്രം ബാക്കിയാകുമ്പോൾ പലരും കൃഷി ഉപേക്ഷിക്കാനുള്ള ആലോചനയിലാണ്. പന്നിശല്യത്തിന് ശാശ്വതപരിഹാരം കാണുന്നതിനൊപ്പം കൃഷിയിടങ്ങളിലെ മോഷണംതടയാനും അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
പ്രതിഷേധിച്ചു
ഏത്തവാഴകൃഷികൾ നശിപ്പിച്ചതിൽ കെ.എസ്.കെ.ടി.യു. പെരിങ്ങനാട് തെക്ക് മേഖലാ കമ്മിറ്റി പ്രതിഷേധിച്ചു. ഒട്ടേറെ പ്രതിസന്ധികൾ തരണംചെയ്ത് കൃഷികൾ ചെയ്യുന്ന കർഷർക്കുണ്ടായത് വലിയ പ്രയാസമാണ്.
പോലീസ് മോഷണം ഗൗരവകരമായി എടുത്ത് പ്രതികളെ കണ്ടെത്താനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കെ.എസ്.കെ.ടി.യു. നേതാക്കളായ ജിജു നാഥ്, സതീഷ് ബാലൻ, ഗോപകുമാർ എന്നിവർ ആവശ്യപ്പെട്ടു.