വൈകുണ്ഠപുരം ക്ഷേത്രത്തിലെ ചുവർച്ചിത്രങ്ങൾ വീണ്ടെടുക്കണം

കൊടുമൺ : വൈകുണ്ഠപുരം ക്ഷേത്രത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള അമൂല്യമായ ചിത്രങ്ങൾ സംരക്ഷണമില്ലാതെ നശിച്ചിച്ചുകൊണ്ടിരിക്കുന്നു. ഭക്തിയും കലയും സമ്മേളിച്ച ചിത്രങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുള്ളതായി കരുതുന്നു. ഭിത്തിയിലെ കുമ്മായക്കൂട്ട് മിക്കയിടത്തും പാളികളായി ഇളകിപ്പോയിരിക്കുന്നു. വർഷങ്ങളായി നാട്ടുകാരും ക്ഷേത്ര ഉപദേശകസമിതിയും ചുവർച്ചിത്രങ്ങൾ സംരക്ഷിക്കണമെന്ന് അധികൃതരോടാവശ്യപ്പെടുന്നുണ്ടെങ്കിലും നിരാശയാണ് ഫലം.
തെളിഞ്ഞുനിൽക്കുന്ന പൈതൃകം
വൈകുണ്ഠപുരം ക്ഷേത്രത്തിന്റെ വട്ടശ്രീകോവിലിന് ചുറ്റുമുള്ള ഭിത്തിയിലെ ചുവർച്ചിത്രങ്ങൾ സ്വാഭാവികനിറങ്ങളായ കാവിചുവപ്പ്, കാവിമഞ്ഞ, വെള്ള, നീലം, പച്ച, കറുപ്പ് എന്നിവയുടെ മനോഹരങ്ങളായ വർണമേളനങ്ങളാണ്.
ദീർഘചതുരാകൃതിയിൽ വെട്ടിയെടുത്ത കരിങ്കല്ല് ചേർത്തുണ്ടാക്കിയ ഭിത്തിയിൽ കുമ്മായം ഉപയോഗിച്ച് തേച്ച് മിനുസപ്പെടുത്തിയ പ്രതലത്തിലാണ് ചിത്രങ്ങൾ രൂപപ്പെടുത്തിയിരിക്കുന്നത്. രാമായണം, ഭാഗവതം തുടങ്ങിയ ഇതിഹാസങ്ങളിൽനിന്നുള്ള ചിത്രങ്ങളും ധ്യാനശ്ലോകങ്ങളുടെ ആവിഷ്കാരങ്ങളും ഇവിടെ കാണാം. ശ്രീകോവിലിന്റെ ഇടതുവശത്തുനിന്നും ശ്രീമഹാഗണപതിയുടെയും ഭക്തന്മാരുടെയും ചിത്രത്തോടെയാണ് ചിത്രപരമ്പര ആരംഭിക്കുന്നത്. കാലാതീതമായ പഴക്കംകൊണ്ട് വെൺമ നഷ്ടപ്പെട്ട ‘ശക്തി പഞ്ചാക്ഷരി’ ചിത്രം, വലുപ്പത്തിലുള്ള പ്രദോഷനൃത്ത ചിത്രീകരണവും മറ്റെങ്ങും കാണാൻ കഴിയാത്ത പൗരാണിക സൃഷ്ടിയാണ്. താണ്ഡവം കാണുന്നവരെയും താളമേളങ്ങൾ ഒരുക്കുന്നവരെയും അനേകം ദേവീദേവന്മാരെയും ഇതിൽ ചിത്രീകരിച്ചിരിക്കുന്നു.
പഞ്ചമുഖശിവൻ, ശങ്കരനാരായണൻ എന്നീ ചിത്രങ്ങൾ ശ്രീകോവിലിന്റെ തെക്കേ ഭിത്തിയിൽ കാണാവുന്നതാണ്. ക്ഷേത്ര ഉപദേവനായ ദക്ഷിണാമൂർത്തിയുടെ ചിത്രവും ഇവിടെ ദർശിക്കാം .സപ്തമാതാക്കളുടെ സമീപമായി രൗദ്രഭാവത്തിൽ ഉള്ള ദ്വാരപാലകരുടെ ചിത്രങ്ങളും ആരെയും ആകർഷിക്കും. പുലിപ്പാലിനായി പുറപ്പെട്ട കലിയുഗവരദനായ ധർമ്മശാസ്താവിനെയും അകമ്പടി സേവിക്കുന്ന ഭൃത്യൻമാരുടെയും വേട്ടനായ്ക്കളുടെയും അയ്യപ്പനെ വഹിക്കുന്ന കുതിരയെയും അമ്പ് തറച്ച കടുവയെയും ശബരീശനെ വണങ്ങുന്ന വനവാസികളെയും വളരെ തന്മയത്വത്തോടെ അജ്ഞാതനായ അതുല്യ കലാകാരൻ വരച്ചുചേർത്തിരിക്കുന്നു.
മറ്റൊരു പ്രത്യേകത അനന്തശയന ചിത്രമാണ്. തന്ത്രശാസ്ത്രപ്രകാരം വരച്ചിട്ടുള്ള ഈ ചിത്രത്തിന്റെ താഴെഭാഗത്തായി ഭഗവാന്റെ പത്ത് അവതാരങ്ങളെ ക്രമത്തിൽ ഭംഗിയായി ചിത്രീകരിച്ചിരിക്കുന്നു. ഇതിൽ പത്താം അവതാരത്തെ വെള്ളവസ്ത്രം തലവഴിമൂടി കൈയ്യിൽ വാളുമായി നിൽക്കുന്ന കൽക്കി അവതാരമായി കാണാം.
സുന്ദരിയക്ഷിയെയും വാനരന്മാരെയും പക്ഷികളെയും വരച്ചുചേർത്ത പൂർത്തീകരിക്കാത്ത ചിത്രവും മിഴിവുള്ളതാണ്.