കാഴ്ച മറയ്ക്കുന്ന പമ്പ് ഹൗസിൽ കുരുങ്ങി ‘പ്രവേശനം’

അടൂരിൽ കോടതിക്ക് പുതിയ കെട്ടിടം
അടൂർ : കോടതി കെട്ടിടം പുതുമോടിയിൽ. പക്ഷേ മുന്നിലെ പമ്പ്ഹൗസിന് ഇനിയും വിധിയായില്ല. നിർമാണം അവസാനഘട്ടത്തിലെത്തിയ അടൂർ കോടതിസമുച്ചയം പ്രവർത്തനസജ്ജമാകുമ്പോഴും കെട്ടിടത്തിന് മുന്നിലെ പമ്പ്ഹൗസിന്റെ വലുപ്പം കുറയ്ക്കാനുള്ള നടപടികൾ തുടരുകയാണ്. ജലസംഭരണിക്കു മുകളിൽ നിർമിച്ച പമ്പ്ഹൗസിന്റെ ഒരു ഭാഗം പൊളിച്ചുമാറ്റിത്തുടങ്ങി.
കോടതിമുറികളും മറ്റ് സൗകര്യങ്ങളും ഒരുക്കിക്കഴിഞ്ഞു. ഇനി ലിഫ്റ്റ് സ്ഥാപിക്കലും പുറത്തെ തറയോട് ഇടലുമാണ് പ്രധാനമായും ബാക്കിയുള്ളത്. ഇവ രണ്ടാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കാനാകുമെന്നാണ് ബന്ധപ്പെട്ടവരുടെ പ്രതീക്ഷ.
ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി പ്രവർത്തിച്ചിരുന്ന പഴയകെട്ടിടം പൊളിച്ചുമാറ്റിയാണ് പുതിയ ബഹുനില കോടതിസമുച്ചയം നിർമിച്ചത്. ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി, മുനിസിഫ് കോടതി എന്നിവ ഉൾപ്പെടെയുള്ള കോടതികൾ പുതിയ സമുച്ചയത്തിലേക്ക് മാറും.
മുന്നിൽ പമ്പ്ഹൗസ്; മാറ്റത്തിന് തുടക്കം
പുതിയ കോടതി കെട്ടിടത്തിന്റെ മുൻവശത്ത് ജലസംഭരണിയും അതിനു മുകളിൽ പമ്പ്ഹൗസും നിർമിച്ചതോടെയാണ് കെട്ടിടത്തിന്റെ മുന്നിലെ സംവിധാനത്തെക്കുറിച്ച് ചർച്ച ഉയർന്നത്. പമ്പ് ഹൗസിന്റെ നിർമാണം കെട്ടിടത്തിന്റെ മുൻഭാഗത്തെ കാഴ്ചയെ ബാധിക്കുന്നുവെന്ന പരാതിയാണ് അഭിഭാഷകരിൽനിന്ന് ഉയർന്നത്.
തുടർന്നാണ് പമ്പ്ഹൗസിന്റെ രൂപത്തിലും വലുപ്പത്തിലും മാറ്റംവരുത്താൻ തീരുമാനിച്ചത്. നിലവിൽ നിർമിച്ച ഭാഗത്തിന്റെ ഒരു വശം പൊളിച്ചുമാറ്റുകയാണ്. എത്രത്തോളം ഭാഗം ഒഴിവാക്കണമെന്നതിൽ അന്തിമ തീരുമാനമായിട്ടില്ല.
പഴയകെട്ടിടം അൺഫിറ്റ്
വർഷങ്ങൾ പഴക്കമുള്ള മുനിസിഫ് കോടതി കെട്ടിടം അൺഫിറ്റായി പ്രഖ്യാപിച്ചിരിക്കുകയാണ്. എത്രയും വേഗം കോടതിയുടെ പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റണമെന്ന നിർദേശം പൊതുമരാമത്തുവകുപ്പ് നൽകിയതായാണ് വിവരം. ചോർച്ച രൂക്ഷമായതോടെ പഴയ കെട്ടിടത്തിന്റെ മേൽക്കൂരയിൽ ടാർപ്പോളിൻ വിരിച്ചിരിക്കുകയാണ്.