പെരിങ്ങരയിൽ തോട് തെളിക്കൽ തോന്നുംപടി

തിരുവല്ല : നീർച്ചാലുകളിൽ അശാസ്ത്രീയമായ പണികൾ വീണ്ടും. തോട് തെളിക്കൽ എന്ന പേരിൽ ചാലുകളുടെ നടുഭാഗത്തുമാത്രം പോളവാരുകയും കട്ടകുത്തുകയും ചെയ്യുന്നു. പെരിങ്ങര പഞ്ചായത്തുപ്രദേശത്തെ ചില തോടുകളിലാണ് തോന്നുംപടി തെളിക്കൽ നടക്കുന്നത്. ലക്ഷങ്ങൾ പൊടിച്ചുള്ള തോട് നന്നാക്കൽ യഥാർഥ പ്രയോജനംചെയ്യില്ല. ചാത്തങ്കരി മുതൽ മേപ്രാലിലേക്കുള്ള ചാലിന്റെ ഒരുകിലോമീറ്റർ ഭാഗം ആഴംകൂട്ടാനുളള പണികൾ കഴിഞ്ഞ ദിവസം തുടങ്ങിയതോടെയാണ് അശാസ്ത്രീയ പണികൾ ചർച്ചയാകുന്നത്.

നീരൊഴുക്ക് സുഗമമാക്കാനുള്ള പദ്ധതിയിൽ 50 ലക്ഷം രൂപയുടെ അടങ്കൽ പണികൾ 18 ലക്ഷം രൂപയ്ക്കാണ് കരാർ എടുത്തിരിക്കുന്നത്. ഒരുകിലോമീറ്റർ ദൂരം പോളവാരി ചെളികോരുകയാണ് ചെയ്യുക. പോളവാരൽ നേരത്തേ നടത്തി. എത്ര ആഴത്തിൽ ചെളി നീക്കുമെന്ന കാര്യത്തിൽ നാട്ടുകാർക്ക് ആശങ്കയുണ്ട്. എന്നാൽ, പ്രശ്‌നം ഇതല്ല. മണിമലയാറ്റിൽ മണിപ്പുഴയിൽനിന്ന് തുടങ്ങുന്ന തോടും വാളകത്തിൽ പാലത്തിന്റെ ഭാഗത്തുനിന്ന് വരുന്ന തോടും ചേർന്നാണ് ചാത്തങ്കരി മുതൽ മേപ്രാൽ വഴി വളവനാരിയിക്കടുത്ത് വീണ്ടും മണിമലയിൽ ചേരുന്നത്.

ചാത്തങ്കരി ആറിന്റെ തുടക്കഭാഗവും അവസാനഭാഗവും തെളിച്ചെടുക്കാതെയാണ് നടുഭാഗത്ത് പണി നടത്തുന്നത്. ചാത്തങ്കരി മുതൽ റോഡുകടവിന് അടുത്തുവരെയാണ് അനുവദിച്ച കരാർ. അവിടെനിന്ന് വളവനാരിവരെ 900 മീറ്റർകൂടി തോടുണ്ട്. ഇൗ ഭാഗത്ത് പോളയും പായലും നിറഞ്ഞുകിടക്കുന്നു. നിലവിൽ ഇവിടം തെളിക്കുന്നതിന് ഫണ്ടില്ല. മണിപ്പുഴയിൽനിന്ന് പെരിങ്ങരവഴി ചാത്തങ്കരിവരെയുളള തോടും തെളിക്കാൻ പണം അനുവദിച്ചിട്ടില്ല.

മണിപ്പുഴയിലില്ല, പെരിങ്ങരയിലുണ്ട്

മണിപ്പുഴയിൽനിന്ന് തുടങ്ങുന്ന തോട് പെരിങ്ങര പാലത്തിന് സമീപവത്തുവെച്ച് രണ്ട് ശാഖയായി പിരിയും. പടിഞ്ഞാട്ടുള്ള ശാഖ ചാത്തങ്കരിയിലെത്തും. വടക്കോട്ടുള്ള ശാഖ സ്വാമിപാലം വഴി കുഴിവേലിപ്പുറത്ത് എത്തും. ഈ ശാഖ കോതേകാട്ട് പാലത്തിനു സമീപം രണ്ടായി പിരിഞ്ഞ് കാരയ്ക്കൽ-കൂരച്ചാൽ തോടായി പടിഞ്ഞാട്ടും പോകുന്നുണ്ട്. ഇതിൽ പെരിങ്ങര പാലം മുതൽ വടക്കോട്ട് കുഴിവേലിപ്പുറം വരെ ആഴംകൂട്ടിത്തെളിക്കാൻ 50 ലക്ഷം രൂപയുടെ കരാർ ആയിട്ടുണ്ട്.

എന്നാൽ തോട് തുടങ്ങുന്ന മണിപ്പുഴ മുതൽ പെരിങ്ങരവരെ പദ്ധതിയുമില്ല. ഫലത്തിൽ ചാലിന്റെ നടുഭാഗം തെളിഞ്ഞും താഴ്ന്നും കിടക്കും. തുടക്കവും ഒടുക്കവും പഴയപടി പോള നിറഞ്ഞും. തിരുവല്ല ന്യൂമാർക്കറ്റ് കനാലിന്റെ ഭാഗമായി പെരിങ്ങര പഞ്ചായത്തിലൂടെ പോകുന്ന വേങ്ങൽ തോട് തെളിക്കുന്നതിനും 50 ലക്ഷം രൂപയുടെ കരാറുണ്ട്. ഇവിടെയും സമാനമാണ് സ്ഥിതി.

തോടുകളിൽ ഭാഗികമായി പണികൾ നടത്തുന്നത് പാഴ് വേലയാണെന്ന് മുമ്പ് പലവട്ടം തെളിഞ്ഞിട്ടുണ്ട്. ഗ്രാമപ്പഞ്ചായത്തുകളിലെ വാർഡ് വർക്കുകളിൽ പണം അനുവദിച്ച് തോടുകൾ തെളിച്ചപ്പോൾ ചിലവാർഡുകളിൽമാത്രം ഒരുതോടിന്റെ ഭാഗത്ത് പോളനീക്കുകയും മറുഭാഗങ്ങൾ പഴയപടി കിടക്കുകയുംചെയ്തു. ആഴ്ചകൾക്കുള്ളിൽ തെളിച്ച ഭാഗത്ത് പോള നിറഞ്ഞു. പിന്നീട് ഈ രീതികൾ പഞ്ചായത്തുകൾ ഉപേക്ഷിച്ചിരുന്നു.

കൂടുതൽ പദ്ധതി വരും

ചാത്തങ്കരി തോടിന്റെ റോഡ്കടവ് മുതൽ വളവനാരിവരെയുള്ള ഭാഗം തെളിക്കാൻ മേജർ ഇറിഗേഷനിൽ പദ്ധതി സമർപ്പിച്ചിട്ടുണ്ട്. പണം ലഭിച്ചില്ലെങ്കിൽ ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തും. മണിപ്പുഴ-പെരിങ്ങര-ചാത്തങ്കരി തോട് തെളിച്ചെടുക്കുന്നതിനും ഇറിഗേഷനിൽ പദ്ധതി വെച്ചിട്ടുണ്ട്. ജില്ലയിൽ നിന്നുള്ള പ്രധാന പദ്ധതി ആയാണ് വെച്ചിരിക്കുന്നത്

- സാം ഈപ്പൻ, ജില്ലാ പഞ്ചായത്ത് അംഗം