പത്തനംതിട്ട മേൽപ്പാലം: മാർച്ചിനകം പണി തീർക്കണമെന്ന് മന്ത്രി

പത്തനംതിട്ട : പറഞ്ഞ സമയത്ത് പണി പൂർത്തിയാക്കിയില്ലെങ്കിൽ കരിമ്പട്ടികയിൽ പെടുത്തുമെന്ന് കരാറുകാരന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ താക്കീത്. ടൗൺ സ്ക്വയർ മേൽപ്പാലം (അബാൻ മേൽപ്പാലം) നിർമാണപ്രവർത്തനം വിലയിരുത്താൻ തിരുവനന്തപുരത്ത് ചേർന്ന യോഗത്തിലാണ് മന്ത്രി പി.കെ. ബഷീർ താക്കീത് നൽകിയത്. പണി പൂർത്തിയാക്കുന്ന തീയതി പ്രതിപാദിച്ച് കരാറുകാരൻ കരാർ എഴുതി നൽകണം. സർവീസ് റോഡ് ഈ മാസം 25-നും, നിർമാണ പ്രവൃത്തികൾ മാർച്ച് 31-നുള്ളിൽ പൂർത്തിയാക്കാനും മന്ത്രി നിർദേശം നൽകി. മേൽപ്പാലത്തിന്റെ നിർമാണ പ്രവൃത്തികൾ പൂർത്തിയാകാത്തതുമൂലം പത്തനംതിട്ട നഗരം ശോചനീയാവസ്ഥയിലാണെന്ന് അബിൻ വർക്കി എം.എൽ.എ. മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് ഒരു മാസത്തിനിടെ മൂന്നാംതവണ യോഗം ചേർന്നത്.
നിലവിൽ 40 ശതമാനം പ്രവൃത്തികൾ മാത്രമാണ് പൂർത്തിയായതെന്നും, തുടർന്നുള്ള പ്രവൃത്തികൾ പൂർത്തിയാക്കുന്നതിന് ആറുമാസം സമയം നീട്ടി നൽകണമെന്നും കരാറുകാരൻ ആവശ്യപ്പെട്ടു. പണി പൂർത്തീകരിക്കാൻ കഴിയുന്ന തീയതിയും വ്യവസ്ഥകളും ഉൾപ്പെടുത്തി എഗ്രിമെന്റ് എഴുതി നൽകണമെന്നും, പാലിക്കാത്തപക്ഷം രാജ്യത്ത് ഒരിടത്തും പ്രവർത്തികൾ ചെയ്യാൻ കഴിയാത്തവിധം കരിമ്പട്ടികയിൽ പെടുത്തുമെന്നായിരുന്നു മന്ത്രിയുടെ നിലപാട്. “നിങ്ങൾ നിങ്ങളുടെ പണി ചെയ്യണം” എന്ന് കേരള റോഡ് ഫണ്ട് ഉദ്യോഗസ്ഥർക്കും താക്കീത് നൽകി. ഉദ്യോഗസ്ഥർ മെല്ലെപ്പോക്ക് നയം സ്വീകരിച്ചാൽ ശക്തമായനടപടി ഉണ്ടാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
തുടക്കംമുതൽ പിഴവ്
മേൽപ്പാലത്തിന്റെ എസ്റ്റിമേറ്റിലും, രൂപരേഖയിലും തുടക്കം മുതൽ പിഴവ് ഉണ്ടായെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. രൂപരേഖ, വർക്ക് എസ്റ്റിമേറ്റ് എന്നിവ പരിഷ്കരിക്കാനുള്ള പദ്ധതിരേഖ ഉടൻ സമർപ്പിക്കാൻ കരാറുകാർക്ക് നിർദ്ദേശവും നൽകിയിട്ടുണ്ട്.
ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട നടപടി നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമാണ് ആരംഭിച്ചത്. 17 സിറ്റിങ് നടത്തി 51 ഗുണഭോക്താക്കളിൽ 40 പേരെയും നേരിൽ കണ്ട് സംസാരിച്ചു. ഇതിന് നേതൃത്വം നൽകുന്ന ജില്ലാ കളക്ടർ എ. നിസാമുദ്ദീൻ, അബിൻ വർക്കി, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവരെ മന്ത്രി അഭിനന്ദിച്ചു. തുടർന്നുള്ള ഭൂമി ഏറ്റെടുക്കൽ നടപടി വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ടു. മേൽപ്പാലത്തിന്റെ തുടർനിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിന് എത്രയുംവേഗം യോഗം വിളിക്കാൻ ചീഫ് എൻജിനിയർക്ക് മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.
കാലാവധി നീട്ടിനീട്ടി
18 മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കണമെന്ന വ്യവസ്ഥയിൽ 2022 മാർച്ചിലാണ് പാലംപണി തുടങ്ങിയത്. ഇതുപ്രകാരം 2023 സെപ്റ്റംബർ 23-ന് തീരേണ്ടതാണ്. പിന്നീട് വിവിധ കാലയളവിൽ പിഴയില്ലാതെ അഞ്ചുതവണ കാലാവധി നീട്ടി. 611 മീറ്റർ നീളവും 12 മീറ്റർ വീതിയും 20 സ്പാനും ഉള്ള പാലത്തിന്റെ സർവീസ് റോഡിനുള്ള സ്ഥലമേറ്റെടുപ്പ് നീളുകയാണ്. ഇരുവശത്തും 90 മീറ്റർ വീതം സമീപനപാത നിർമിക്കാനുണ്ട്. മുത്തൂറ്റ് ആശുപത്രിയുടെ ഭാഗത്തെ സമീപന പാതയ്ക്ക് സ്ഥലം കിട്ടാത്തതിനാൽ നിർമാണം തുടങ്ങാനായിട്ടില്ല.