യാത്രാമാർഗം ബണ്ടിൻപുറം; നടക്കാൻ വഴിയില്ലാതെ വിഴൽ നിവാസികൾ

പടിഞ്ഞാറ്റുചേരി : കവിയൂർ വിഴൽ നിവാസികൾ വഴിനടക്കാൻ ഇടമില്ലാതെ കഷ്ടത്തിൽ. കവിയൂർ പഞ്ചായത്തും തിരുവല്ല നഗരസഭയും അതിർത്തിപങ്കിടുന്ന പ്രദേശമാണിത്. പുഞ്ചയുടെ ഭാഗമായതിനാൽ നടവരമ്പായിരുന്നു ആദ്യത്തെ യാത്രാമാർഗം. കൃഷിയുടെ ആവശ്യത്തിനായി കാൽനൂറ്റാണ്ടുമുന്നേ ബണ്ട് തീർത്തതോടെ അതുമില്ലാതായി. കറ്റോട് തോട് നാശോന്മുഖമായി നീരൊഴുക്കിന്റെ വഴിയും അടഞ്ഞതോടെ വെള്ളപ്പൊക്കഭീഷണിയും കൂടിയായി.
കാൽ തെറ്റിയാൽ ചെളിക്കുണ്ടിൽ
കവിയൂരിലേക്കും കറ്റോട്ടേക്കും പോകാനുള്ള യാത്രാമാർഗം കൃഷിക്കായി വെള്ളമെത്തിക്കാൻ പണിത ബണ്ടിന്റെ പുറമാണ്. രണ്ടിടത്തേക്കും ഒരു കിലോമീറ്ററോളം വരുമിത്. പുഞ്ചയുടെ നടുവിലെ തുരുത്തിൽ 40 കുടുംബങ്ങളാണ് കഴിയുന്നത്. നഗരസഭയിൽ കാക്കത്തുരുത്തിന്റെ ഭാഗം. പുഞ്ചയിലൂടെ കടന്നുപോകുന്ന ബണ്ടിനെ ആശ്രയിച്ചാണ് ഇവരുടെ യാത്ര. 750 മീറ്ററോളം ദൂരത്തിൽ മേൽമൂടിയില്ലാതെ കിടക്കുന്ന അപകടക്കെണി.
ഇതിലൂടെ ജീവൻ കൈയിൽ പിടിച്ച് വേണം നടക്കാൻ. ബണ്ടിന്റെ ഇരുവശങ്ങളും കഷ്ടിച്ച് അരയടി വീതി. കാൽ തെറ്റിയാൽ പാടത്തെ ചെളിക്കുണ്ടിൽ. ഒരാൾക്ക് നടക്കാനുള്ളിടം കഷ്ടി. ഇത്രയും ദൂരം കടന്നാലേ കവിയൂരിനുള്ള പഞ്ചായത്ത് വഴിയിൽ എത്താനാവൂ. കറ്റോട് പോകാനും ഇതേ അവസ്ഥയാണ്. ഗുരുതര രോഗബാധിതരെ ആശുപത്രിയിൽ എടുത്തുവേണമിത് താണ്ടാൻ.
ബണ്ട് ഉപയോഗശൂന്യം
നെൽകൃഷിയില്ലാതെ കാലങ്ങളായി ഈ ബണ്ട് ഉപയോഗശൂന്യമാണ്. സ്ലാബുകൾ വാർത്ത് മേൽമൂടിയിട്ടാൽ പേടിക്കാതെ നടന്നെങ്കിലും പോകാം. മൈനർ ഇറിഗേഷന് പലതവണ ഇക്കാര്യംകാട്ടി പരാതി നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികൾ.
ഈ ഭാഗത്ത് കവിയൂർ പുഞ്ചയുടെ ഇരുകരകളെ ബന്ധിപ്പിച്ച വഴിയുണ്ടാക്കാൻ കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി ശ്രമിച്ചതാണ്. പുഞ്ചയുടെ ഭാഗത്തെ ഏകദേശം 150 മീറ്റർ ദൂരത്തിൽ മണ്ണിട്ട് ഉയർത്തിയാൽ ഇതിനുകഴിയും. ഇരുകരകളിലും വന്നുനിൽക്കുന്ന റോഡുകളെ അങ്ങനെ ബന്ധിപ്പിക്കാം. മണ്ണിടാൻ കൃഷിവകുപ്പിന്റെ അനുമതി വേണമായിരുന്നു. അതിനായി നടപടികൾ നീക്കിയിട്ടും തുടർനടപടികൾ കടലാസിൽ ഒതുങ്ങുന്നു.