അഭിമാനിക്കാവുന്ന കാര്യങ്ങളേ സർക്കാർ ചെയ്യൂ- വി.ഡി.സതീശൻ

മുഖ്യമന്ത്രിക്ക് ജില്ലയിൽ പാർട്ടിയുടെ ഊഷ്മള സ്വീകരണം
പത്തനംതിട്ട : മുഖ്യമന്ത്രിയായശേഷം ഡി.സി.സി. ഓഫീസിൽ ആദ്യമായെത്തിയ വി.ഡി. സതീശന് ജില്ലാ കോൺഗ്രസ് കമ്മിറ്റി ഊഷ്മള സ്വീകരണം നൽകി. പ്രവർത്തകർക്ക് അഭിമാനിക്കാവുന്ന കാര്യങ്ങളേ സർക്കാർ ചെയ്യൂ എന്ന് മുഖ്യമന്ത്രി മറുപടിപ്രസംഗത്തിൽ പറഞ്ഞു. ഏറ്റവും മികച്ച ദുരന്തനിവാരണ പദ്ധതി നടപ്പാക്കും. പത്തനംതിട്ടയെ സംബന്ധിച്ച് അത് കൂടുതൽ പ്രധാനമാണ്. കേരളത്തെ മാറ്റിയെടുക്കാൻ ഒട്ടേറെ പദ്ധതികൾ ആലോചനയിലുണ്ട്. എല്ലാം നടപ്പാക്കും. ഇതിന് പ്രവർത്തകരുടെയും നേതാക്കളുടെയും സഹകരണം മുഖ്യമന്ത്രി അഭ്യർഥിച്ചു.
രാജീവ്ഭവനിൽ നൽകിയ സ്വീകരണയോഗത്തിൽ ഡി.സി.സി. പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതി അംഗം ആന്റോ ആന്റണി എം.പി., കെ.പി.സി.സി. ജനറൽ സെക്രട്ടറിമാരയ പി. മോഹൻരാജ്, പഴകുളം മധു എം.എൽ.എ., എൻ. ഷൈലാജ്, എം.എൽ.എ.മാരായ അബിൻ വർക്കി കോടിയാട്ട്, സി.വി. ശാന്തകുമാർ, മുൻ എം.എൽ.എ.മാരായ അഡ്വ. കെ. ശിവദാസൻ നായർ, മാലേത്ത് സരളാദേവി, യു.ഡി.എഫ്. ജില്ലാ കൺവീനർ എ. ഷംസുദ്ദീൻ, എ. സുരേഷ് കുമാർ, ജോർജ് മാമ്മൻ കൊണ്ടൂർ, റിങ്കു ചെറിയാൻ, അനീഷ് വരിക്കണ്ണാമല, സാമുവൽ കിഴക്കുപുറം, ടി.കെ. സാജു, റോബിൻ പീറ്റർ, അനിൽ തോമസ് എന്നിവർ പ്രസംഗിച്ചു.
വില്ലേജുകളെ ഒഴിവാക്കണം
:പശ്ചിമഘട്ട പരിസ്ഥിതിലോല മേഖലയായി കരട് വിജ്ഞാപനത്തിൽ ഉൾപ്പെട്ടിട്ടുള്ള ജനവാസപ്രദേശങ്ങളായ ജില്ലയിലെ ഏഴ് വില്ലേജുകളെ അന്തിമ വിജ്ഞാപനത്തിൽ ഒഴിവാക്കാൻ അടിയന്തരനടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റി മുഖ്യമന്ത്രിക്ക് നിവേദനം നൽകി.