തെള്ളിയൂർക്കാവ് വൃശ്ചികവാണിഭം 17 മുതൽ; റോഡുകൾ നന്നാക്കാൻ നീക്കമില്ല

തെള്ളിയൂർ : മധ്യതിരുവിതാംകൂറിലെ ഏറ്റവും വലിയ വാണിജ്യമേളയായ തെള്ളിയൂർക്കാവ് വൃശ്ചികവാണിഭം നവംബർ 17-ന് തുടങ്ങും. ഡിസംബർ ഒന്നുവരെ നീളുന്ന മേള നടക്കുന്ന സ്ഥലത്തേക്ക് എത്താനുള്ള രണ്ട് പ്രധാന പഞ്ചായത്ത് റോഡുകൾ ഇപ്പോഴും തകർന്ന നിലയിലാണ്.
കോഴഞ്ചേരി, ചരൽക്കുന്നുവഴി വരുന്നവർക്കുള്ള കോളഭാഗം, തെള്ളിയൂർക്കാവ് റോഡാണ് ഇതിൽ ഒരെണ്ണം. മറ്റൊന്ന് വെണ്ണിക്കുളം, തടിയൂർ റോഡിൽനിന്ന് എത്താൻ കഴിയുന്ന കൊട്ടിയമ്പലം, തെള്ളിയൂർക്കാവ് റോഡ്. ഇവ തകർന്നു കിടന്നിട്ട് ഒരു വർഷത്തിലേറെയായി. ജലവിതരണ കുഴൽ സ്ഥാപിക്കാൻ കുഴിതോണ്ടിയ രണ്ടുകിലോമീറ്റർ റോഡാണ് തകർന്നുകിടക്കുന്നത്. എഴുമറ്റൂർ ഗ്രാമപ്പഞ്ചായത്ത് പരിധിയിലാണ് ഈ റോഡുകൾ രണ്ടും.
ഇതുകൂടാതെ തെള്ളിയൂർക്കാവ്-പാലാക്കുന്ന്-കുറവൻകുഴി റോഡും ടാർ ഇളകി നശിച്ച നിലയിലാണ്. ഉത്സവകാലം പരിഗണിച്ച് തെള്ളിയൂർക്കാവിലേക്കുള്ള പ്രധാന വഴികൾ സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. തെള്ളിയൂർക്കാവ് വഴി കടന്നുപോകുന്ന വെണ്ണിക്കുളം, വെള്ളാറ, അമ്പനിക്കാട് പൊതുമരാമത്ത് റോഡ് നവീകരിച്ചത് മാത്രമാണ് ഏക ആശ്വാസം.
റോഡും വെളിച്ചവും വേണം -ബി.ജെ.പി.
തെള്ളിയൂർ : തെള്ളിയൂർക്കാവ് വൃശ്ചികവാണിഭം തുടങ്ങുന്നതിന് മുൻപായി റോഡുകൾ പരിശോധിച്ച് ശാസ്ത്രീയമായ അറ്റകുറ്റപ്പണികൾ നടത്തി ഗതാഗതയോഗ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ഭാരതീയ ജനതാ പാർട്ടി തെള്ളിയൂർ ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് പി.ഡബ്ല്യു.ഡി.ക്കും വാട്ടർ അതോറിറ്റിക്കും നിവേദനം നൽകി.
ഇവിടേക്കുള്ള റോഡുകളിൽ പല ഭാഗങ്ങളിലും വഴിവിളക്കുകൾ കത്താത്തത് യാത്രക്കാർക്കും പ്രദേശവാസികൾക്കും ബുദ്ധിമുട്ടായിട്ടുണ്ട്. നടപടി വേണമെന്ന് എഴുമറ്റൂർ പഞ്ചായത്ത് ഭരണസമിതിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടതായി ഏരിയ പ്രസിഡന്റ് കെ.എൻ. രാധാകൃഷ്ണൻ അറിയിച്ചു.