കുട്ടികളുടെ അവകാശസംരക്ഷണം ചർച്ചചെയ്ത് ബാലപാർലമെന്റ്

കുളനട: കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിൽ നടത്തിയ ജില്ലാതല ബാലപാർലമെന്റിൽ കുട്ടികളുടെ അവകാശസംരക്ഷണവും സാമൂഹികനീതിയും ചർച്ചയായി. കുളനട പ്രീമിയംകഫേ ഹാളിൽ രണ്ടുദിവസമായി നടന്ന പരിപാടിയിൽ ജില്ലയിലെ വിവിധ സി.ഡി.എസുകളിൽ നടത്തിയ ബാലപഞ്ചായത്തുകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റുമാരും സെക്രട്ടറിമാരുമടക്കം 85 കുട്ടികൾ പങ്കെടുത്തു.
കുട്ടികളിൽ നേതൃത്വപരമായ കഴിവുകൾ വളർത്തുക, ജനാധിപത്യത്തെയും ജനാധിപത്യപ്രക്രിയകളെയും പരിചയപ്പെടുത്തുക, പൗരബോധവും ഉത്തരവാദിത്വബോധവും വളർത്തുക എന്നിവയായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യം. കുട്ടികളുടെ അവകാശസംരക്ഷണം, ആരോഗ്യവും ശുചിത്വവും, ഭക്ഷ്യകാര്യങ്ങൾ, വിദ്യാഭ്യാസം, സാമൂഹികനീതി, ശിശുക്ഷേമം, നിയമം, പരിസ്ഥിതിസംരക്ഷണം, വനം, കൃഷി, കായികം, കലാ-സാംസ്കാരികം തുടങ്ങിയ വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടന്നു. വിവരങ്ങൾ ശേഖരിക്കാനും അവയുടെ ആധികാരികത പരിശോധിക്കാനും വിമർശനാത്മകമായി ചിന്തിക്കാനും ആശയങ്ങൾ ഫലപ്രദമായി അവതരിപ്പിക്കാനും കുട്ടികളെ പ്രാപ്തരാക്കുന്ന രീതിയിലായിരുന്നു ചർച്ചകൾ.
ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല ഉദ്ഘാടനം നിർവഹിച്ചു. കുളനട സി.ഡി.എസ്. ചെയർപേഴ്സൺ പി.എൻ. ദീപ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ മിഷൻ അസിസ്റ്റന്റ് കോഡിനേറ്റർ സി.ഡി. ആതിര, ബാലസഭ ജില്ലാ റിസോഴ്സ് പേഴ്സൺമാരായ ഗോകുലേന്ദ്രൻ, ഷീജാ രാധാകൃഷ്ണൻ, എസ്.ഐ.എസ്.ഡി. ജില്ലാ പ്രോഗ്രാം മാനേജർ അനിതാ കെ.നായർ, ബ്ലോക്ക് കോഡിനേറ്റർ സ്മിതാ തോമസ് എന്നിവർ പ്രസംഗിച്ചു.
Content Highlights: A district-level Bala Parliament organized by the Kudumbashree Mission in Kulanada discussed child rights and social justice.