അയിരൂർ പുതിയകാവ് ക്ഷേത്ര ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസ് പൊളിക്കൽ ഇപ്പോഴും ചുവപ്പ് നാടയിൽ

അയിരൂർ പുതിയകാവ് ദേവീക്ഷേത്രത്തിലെ ജീർണാവസ്ഥയിലായ ദേവസ്വം സബ്ഗ്രൂപ്പ് ഓഫീസ് മേൽക്കൂര പൊളിച്ച് നീക്കിയപ്പോൾ പ്ലാസ്റ്റ്ക്ക് പൊതിഞ്ഞ ത്രീഫേസ് കണക്ഷൻ ബോർഡ്
അയിരൂർ പുതിയകാവ് ദേവീക്ഷേത്രത്തിലെ ജീർണാവസ്ഥയിലായ ദേവസ്വം സബ്ഗ്രൂപ്പ് ഓഫീസ് മേൽക്കൂര പൊളിച്ച് നീക്കിയപ്പോൾ പ്ലാസ്റ്റ്ക്ക് പൊതിഞ്ഞ ത്രീഫേസ് കണക്ഷൻ ബോർഡ്

അയിരൂർ : തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രങ്ങളിലൊന്നായ അയിരൂർ പുതിയകാവ് ദേവീ ക്ഷേത്രത്തിലെ ജീർണാവസ്ഥയിലായ സബ്ഗ്രൂപ്പ് ഓഫീസ് കെട്ടിടം പൊളിച്ച് നീക്കുവാനും പുതിയത് നിർമിക്കുവാനും തീരുമാനമായങ്കിലും കെട്ടിടം പൊളിച്ച് നീക്കലും ചുവപ്പ് നാടയിൽ കുരുങ്ങി തടസപ്പെട്ട നിലയിലാണ്. ശബരിമലയിലേക്കുളള തിരുവാഭരണ ഘോഷയാത്ര ആദ്യ ദിനം വിശ്രമിക്കുന്ന ക്ഷേത്രമാണ് അയിരൂർ പുതിയകാവ്. അയിരൂർ ദേവസ്വത്തിന് കീഴിൽ ഈ ക്ഷേത്രം കൂടാതെ ആറ് ക്ഷേത്രങ്ങൾ കൂടിയുണ്ടന്നും ഒന്നര പതിറ്റാണ്ടായി ഈ ക്ഷേത്രത്തിൽ സ്ഥിരം സബ്ഗ്രൂപ്പ് ഓഫീസറില്ലെന്നും അതിലേറെക്കാലമായി സബ്ഗ്രൂപ്പ് ഓഫീസ് ജീർണാവസ്ഥയിലായണന്നും കെട്ടിടത്തിന്റെ ദുരവസ്ഥയും ചൂണ്ടിക്കാട്ടി 'മാതൃഭൂമി' ഒക്ടോബർ 18ന് വാർത്ത പ്രസിധീകരിച്ചിരുന്നു. ഇത് സമൂഹ മാധ്യമങ്ങളിലും വലിയ വിമർശം ഉണ്ടാതിനെ തുടർന്ന് ദേവസ്വം ബോർഡ് ഈ കെട്ടിടം പൊളിച്ച് നീക്കുവാനും ഇവിടെ പുതിയ കെട്ടിടം നിർമിക്കുവാനും 20 ലക്ഷം രൂപയ്ക്ക് ടെൻഡർ നടപടികൾ ആരംഭിക്കുകയും ചെയ്തു. കെട്ടിട പുനർനിർമാണത്തിന് ഇത് വരെ ടെൻഡർ ആരും എടുത്തിട്ടില്ല. കെട്ടിടം പൊളിച്ച് നീക്കുവാൻ ദേവസ്വം ബോർഡ് രണ്ടാഴ്ച മുമ്പ് കരാർ നൽകിയുരുന്നു. കെട്ടിടം പൂർണമായി നീക്കം ചെയ്യുവാനുളള അടിസ്ഥാന സൗകര്യം ഒരുക്കണമെന്ന് കരാറുകാരൻ ബോർഡിനോട് ആവശ്യപ്പെടുകയും അത് നൽകാമെന്ന് ദേവസ്വം ബോർഡ് സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാൽ സബ് ഗ്രൂപ്പ് ഓഫീസിന്റെ മേൽക്കൂരിയിലെ ഓടുകളും പട്ടികകളും നീക്കിയപ്പോൾ ഈ ഓഫീസിന്റെ ഭിത്തിയിൽ സ്ഥാപിച്ചിരിക്കുന്ന ക്ഷേത്രത്തിന്റെ എല്ലാ ഭാഗത്തേക്കുമുളള ത്രീ ഫേസ് കണക്ഷൻ ദേവസ്വം ബോർഡ് വൈദ്യുതി വകുപ്പുമായി ബന്ധപ്പെട്ട് മാറ്റി സ്ഥാപിക്കാത്തതിനാൽ ഈ വൈദ്യുതി കണക്ഷന് മുകളിൽ പ്ലാസ്റ്റിക്ക് പടുത ഇട്ട് മൂടി ഇട്ടിരിക്കുകയാണ്. ഇത് മാറ്റി സ്ഥാപിക്കാതെ കെട്ടിടത്തിന്റെ ഭിത്തി പൊളിച്ച് നീക്കാനാവില്ല. കഴിഞ്ഞ മൂന്ന് ദിവസമായി ഉച്ച മുതൽ രാത്രി വരെ ശക്തമായ മഴയും വലിയ കാറ്റും ഉളളതിനാൽ ഈ പ്ലാസ്റ്റിക്ക് പറന്ന് പോയാൽ ഷോർട്ട് സർക്യൂട്ട് ഉണ്ടായി മരണം വരെ സംഭവിക്കാവുന്ന അവസ്ഥയാണ്. ജീർണാവസ്ഥയിലായിരുന്നങ്കിലും മേൽക്കൂര നിലനിൽക്കുന്ന സമയത്ത്് ഈ വയറിങ് ബോർഡിൽ വെളളം നേരിട്ട് വീഴാത്ത സ്ഥിതിയുണ്ടായിരുന്നു. മേൽക്കൂര നീക്കം ചെയ്ത സാഹചര്യത്തിൽ ഒരു ഷോർട്ട് സർക്യൂട്ട് ഉണ്ടായൽ ക്ഷേത്രത്തിലെത്തുന്ന ഭക്തർക്കും രാത്രി കാലങ്ങളിൽ ക്ഷേത്രത്തിന്റെ സദ്യാലയത്തിൽ അന്തിയുറങ്ങുന്ന ദേവസ്വം താത്കാലിക്ക ജീവനക്കാർക്കും ജീവഹാനി സംഭവിക്കാനുളള സാധ്യത നിലനിൽക്കുന്നു. പുതിയകാവ് ദേവി ക്ഷേത്രത്തിലെ വൈദ്യുതി സംവിധാനത്തിന്റെ അപകട സാധ്യത ഒഴിവാക്കാൻ അടിയന്തര നടപടി വേണമെന്ന്് ക്ഷേത്ര ഉപദേശക സമതി പ്രസിഡന്റ് അജയ് ഗോപിനാഥ്, സെക്രട്ടറി വി.കെ.അനിൽകുമാർ എന്നിവർ ആവശ്യപ്പെട്ടു.

Content Highlights: Demolition of the dilapidated Devaswom sub group office at Ayroor Puthiyakavu temple is stalled, posing electrical safety risks to devotees and staff.