മരം വീണ് ട്രാൻസ്ഫോർമർ തകർന്നു; 150 കുടുംബങ്ങൾ ഇരുട്ടിൽ

ചിറ്റൂർ: മരം കടപുഴകിവീണ് ട്രാൻസ്ഫോർമർ തകർന്നുവീണതോടെ പൊല്പുള്ളി പഞ്ചായത്തിലെ വേർകോലി പ്രദേശത്തെ 150-ഓളം കുടുംബങ്ങൾ വൈദ്യുതിയില്ലാതെ ഇരുട്ടിലായി. കാർഷിക ആവശ്യത്തിനുള്ള 20-ഓളം മോട്ടോറുകളുടെ പ്രവർത്തനവും നിലച്ചു.
ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് അപകടം. വടക്കൻപാടം മനോജ് കുമാറിന്റെ പാടത്തിന് സമീപംനിന്ന വൻമരമാണ് ട്രാൻസ്ഫോർമറിന് മുകളിലേക്ക് കടപുഴകി വീണത്. ഇതോടെ ട്രാൻസ്ഫോർമറും മറിഞ്ഞുവീഴുകയായിരുന്നു.
ട്രാൻസ്ഫോർമർ സ്ഥാപിച്ചിരുന്ന മൂന്ന് പോസ്റ്റുകളും ഒരു എച്ച്.ടി. ലൈൻ പോസ്റ്റും മറിഞ്ഞുവീണിട്ടുണ്ട്. 110 കെ.വി.എ. ശേഷിയുള്ള ട്രാൻസ്ഫോർമറാണ് അപകടത്തിൽപ്പെട്ടത്.
കെ.എസ്.ഇ.ബി. അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. ട്രാൻസ്ഫോർമർ മാറ്റേണ്ടി വരുമെന്നും അതിനായി ഒന്നോ രണ്ടോ ദിവസമെടുക്കുമെന്നുമാണ് അധികൃതർ അറിയിച്ചത്. അതുവരെ പ്രദേശത്ത് വൈദ്യുതി മുടങ്ങും.
Content Highlights: Around 150 families were left without electricity after a tree fell on a transformer in Polpully panchayat near Chittur.