നെല്ലിന് വാരിപ്പൂ രോഗം കർഷകന് വിനയായി

ചിറ്റൂർ: വളവും വെള്ളവും നൽകി കതിരായ നെൽപ്പാടത്ത് വാരിപ്പൂ എന്ന വില്ലൻ കർഷകന് വിനയായി. നരിച്ചിറയിൽ ദേവദാസിന്റെയും കൃഷ്ണകുമാറിന്റെയും നാലു ഏക്കറിലാണ് വാരിപ്പൂ.
നെല്ലിൽ കറുപ്പ് നിറമാണ് ഇതിന്റെ രോഗലക്ഷണം. എന്നാൽ അരിയിൽ നിറവ്യത്യാസമോ സ്വാദുകുറവോ ഇല്ലെന്ന് കർഷകൻ പറയുന്നു.
വാരിപ്പൂ വന്ന 90 ചാക്ക് നെല്ലാണ് കർഷകരുടെ വീട്ടിൽ ചാക്കിലാക്കി വെച്ചിരിക്കുന്നത്. മില്ലുടമകളുടെ ഏജന്റുമാർ പരിശോധന നടത്തിയപ്പോൾ ഈ നെല്ല് എടുക്കുന്നില്ലെന്ന നിലപാടിലാണവരെന്നും ഇത്രയും നെല്ല് എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണെന്നും കർഷകർ പറയുന്നു.
പാഡിക്കോ ഓഫീസർക്ക് പരാതി നൽകുമെന്ന് ദേവദാസും, കൃഷ്ണകുമാറും പറഞ്ഞു. അതേസമയം, ഇത് കീടബാധ അല്ലെന്നും പ്രത്യേക രോഗമാണെന്നും നല്ലേപ്പിള്ളി കൃഷി ഓഫീസർ സുഹൈന പറഞ്ഞു. മൂടിക്കെട്ടിയ കാലാവസ്ഥയിലാണ് രോഗം നെല്ലിനെ ബാധിക്കുന്നത്. ഉമ നെല്ലിലാണ് ഈ രോഗം കൂടുതലായി കാണുന്നതെന്നും അവർ വ്യക്തമാക്കി.
Content Highlights: Paddy farmers in Chittur face severe distress as mill agents refuse to procure paddy affected by the Varipoo disease.