ചെളി മയമായി വില്ലേജോഫീസ് കെട്ടിടം

പാലക്കാട് : വെള്ളിയാഴ്ച പതിവുപോലെ രാവിലെ ജോലിക്കെത്തിയതായിരുന്നു പുതുപ്പരിയാരം വില്ലേജ്-ഒന്നിലെ ഉദ്യോഗസ്ഥർ. ഒഫീസിനു മുന്നിലെത്തിയപ്പോൾ ഉള്ളിൽ കാൽപാദം മുഴുവൻ മുങ്ങാൻ പാകത്തിനു ചെളിവെള്ളം കെട്ടിനിൽക്കുന്ന കുളമായിരുന്നു.

കഴിഞ്ഞദിവസം പെയ്തമഴയിൽ സമീപപ്രദേശത്തിലെ വെള്ളംമുഴുവൻ പാഞ്ഞെത്തിയത് ഓഫീസ് വളപ്പിലേയ്ക്കായിരുന്നു. വെള്ളംകയറി ഓഫീസിനകത്തു മുഴുവൻ ചെളി മയമായി. പരിസരപ്രദേശത്തിൽനിന്ന്‌ താരതമ്യേന താഴ്ന്നസ്ഥലത്താണ് വില്ലേജ് ഓഫീസ് സ്ഥിതിചെയ്യുന്നത്.

മഴക്കാലത്ത് അഴുക്കുവെള്ളം പാഞ്ഞെത്തി ഓഫീസിനുമുന്നിൽ കെട്ടിനിൽക്കുമെങ്കിലും ഓഫീസിനകത്തേയ്ക്ക് വെള്ളംകയറുന്നത് ഇതാദ്യമാണെന്ന് വില്ലേജ് ഓഫീസറായ വി. പ്രദീപ് പറയുന്നു. മുറികളിലും ശൗചാലയത്തിലുമുൾപ്പെടെ ചെളിനിറഞ്ഞിരിക്കുകയാണ്. കെട്ടിടത്തിന്റെ താഴെത്തട്ടിൽ സൂക്ഷിച്ചിരുന്ന രേഖകൾ ഉൾപ്പെടെ വെള്ളംകയറി നനഞ്ഞു. ഈ രേഖകൾ ഉണക്കിയെടുക്കുന്ന തിരക്കിലായിരുന്നു ഉദ്യോഗസ്ഥർ. വിവിധ ഉപകരണങ്ങൾ പ്രവർത്തിക്കാനായുള്ള എക്സ്റ്റൻഷൻ ബോർഡ് വെള്ളംകയറി നശിച്ചു.

ഓഫീസുമുഴുവൻ അഴുക്കുവെള്ളംകയറി നാശമായതിനാൽ ഇന്നലെ വില്ലേജ് ഓഫീസ് പ്രവർത്തിക്കാനായില്ല. വിവിധ ആവശ്യങ്ങൾക്കായി വന്നവർ മടങ്ങിപ്പോവുകയായിരുന്നു. പുതുപ്പരിയാരം ഗ്രാമപ്പഞ്ചായത്തിലെ ശുചീകരണ തൊഴിലാളികളെത്തി ഓഫീസ് വൃത്തിയാക്കി.

ചോർച്ച തടയാൻ ടാർപായ

മഴക്കാലത്ത് ഓഫീസിനു പുറത്തുമാത്രമല്ല അകത്തും ദുരിതമാണെന്ന് പുതുപ്പരിയാരം വില്ലേജ് ഒന്നിലെ ഉദ്യോഗസ്ഥർ പറയുന്നു. ഓഫീസിനകത്തെ ചോർച്ച തടയാൻ മേൽക്കൂരയിൽ ടാർപായ കെട്ടിയിരിക്കുകയാണ്. മഴപെയ്താൽ ഓഫീസിന്റെ ഒരുഭാഗത്ത് വെള്ളം ചോർന്നൊലിക്കും.

മുൻപ് ഇവിടെയായിരുന്നു ഉദ്യോഗസ്ഥർ ഇരുന്നിരുന്നത്. ചോർച്ചകാരണം ഓഫീസിന്റെ മറ്റൊരു ഭാഗത്തേയ്ക്ക് മാറി. എങ്കിലും ശൗചാലയത്തിലേക്ക് പോകാനും മറ്റു രേഖകൾ എടുക്കാനും ഇതുവഴിതന്നെ നടക്കണം. മഴവെള്ളത്തിൽ തെന്നിവീഴുമോയെന്ന ഭയത്തിലാണ് ഇതുവഴി നടക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.