കണ്ണിയംപുറം ഗവ. ആയുർവേദാശുപത്രി; 30 പേരെ കിടത്തിച്ചികിത്സിക്കാൻ സൗകര്യമൊരുക്കുന്നു

ഒറ്റപ്പാലം : കണ്ണിയംപുറം ഗവ. ആയുർവേദാശുപത്രിയിലെ കിടത്തിചികിത്സാസൗകര്യം വികസിപ്പിക്കുന്നു. 30 പേരെ കിടത്തിച്ചികിത്സിക്കാനുള്ള സൗകര്യമൊരുക്കാനാണ് പദ്ധതി. ഇതിനായുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചു.

ജില്ലയിൽതന്നെ തിരക്കേറെയുള്ള ആശുപത്രിയിൽ ചികിത്സയ്ക്ക് രോഗികൾ ബുക്ക് ചെയ്ത് പോകുന്ന സ്ഥിതിയാണിപ്പോൾ. കിടത്തിച്ചികിത്സ കൂട്ടിയാൽ കൂടുതൽപ്പേർക്ക് ചികിത്സ നൽകാനാകും.

പ്രകൃതിചികിത്സ(നാച്ചുറോപതി)യുള്ള ചുരുക്കം ആയുർവേദ സർക്കാർ ആശുപത്രികളിലൊന്നാണ് ഒറ്റപ്പാലത്തേത്. നിലവിൽ പത്തുപേർക്ക് ആയുർവേദ ചികിത്സയും പത്തുപേർക്ക് പ്രകൃതിചികിത്സയും നൽകാനാകുന്ന സൗകര്യമാണുള്ളത്. ഇതിനുപുറമെ രണ്ടു പേ വാർഡുകളുണ്ട്. ഒരു എ.സി. പേ വാർഡുൾ​െപ്പടെയുള്ള ഇവിടെ ഏഴുപേർക്കു കിടത്തിച്ചികിത്സ നൽകാം. പുതിയ പദ്ധതിക്ക് അംഗീകാരമായാൽ പേ വാർഡിലുൾ​െപ്പടെ 37പേർക്ക് കിടത്തിച്ചികിത്സ നൽകാനാകും.

ഇതിനായുള്ള പദ്ധതി ജില്ലാ മെഡിക്കൽ ഓഫീസർ മുഖാന്തരം സർക്കാരിന് സമർപ്പിച്ചിരുന്നു. 30 പേർക്ക് ചികിത്സ നൽകാനാവശ്യമായ സൗകര്യമുണ്ടോയെന്ന് സർക്കാർ വിശദീകരണവും തേടിയിരുന്നു. നിലവിലുള്ള പുരുഷ-വനിതാ വാർഡുകളിൽ 30 കിടക്കകളിടാനുള്ള സൗകര്യമുണ്ടെന്ന മറുപടിയും ആശുപത്രി അധികൃതർ രേഖാമൂലം നൽകിയിട്ടുണ്ട്.

നിലവിൽ അഞ്ച് ഡോക്ടർമാരുടെ സേവനമാണ് ആശുപത്രിയിലുള്ളത്. കിടത്തിച്ചികിത്സ വരുന്നതോടെ 24 മണിക്കൂർ സേവനത്തിന് കൂടുതൽ ഡോക്ടർമാരെ നിയമിക്കേണ്ടിവരും. അല്ലെങ്കിൽ എച്ച്.എം.സി.യിൽനിന്ന് താത്കാലിക ഡോക്ടർമാരെ നിയമിച്ചോ സേവനം വർധിപ്പിക്കാനാണ് ലക്ഷ്യം.

രോഗികൾ കാത്തിരിക്കുന്നു; ഏഴുമാസംവരെ

ഒ.പി.യിൽ ഒരു മാസം 5000-ത്തോളം പേരാണ് ചികിത്സയ്ക്കായി ആയുർവേദാശുപത്രിയിലെത്തുന്നത്. ഇതിൽ ആവശ്യമുള്ള എല്ലാവർക്കും കിടത്തിച്ചികിത്സ നൽകാനാകാത്ത സ്ഥിതിയാണിപ്പോൾ. കിടത്തിച്ചികിത്സയ്ക്കായി ഏഴുമാസക്കാലത്തേക്കുള്ള ബുക്കിങ് വരെ ഇപ്പോഴെ പൂർത്തിയായി. കൂടുതൽ കിടക്കകൾ അനുവദിച്ചാൽ ഒറ്റപ്പാലം താലൂക്കിലെയും തൃശ്ശൂർ ജില്ലയിലെ മായന്നൂർ, കൊണ്ടാഴി ഉൾ​െപ്പടെയുള്ള പ്രദേങ്ങളിലെയും രോഗികൾക്ക് ഗുണമാകും.