കൈപ്പുറത്ത് കുടിവെള്ളപദ്ധതിക്കായി റോഡരിക് പൊളിച്ചിട്ടത് മൂടിയില്ല

ഭീതിയോടെ നാട്ടുകാർ

തിരുവേഗപ്പുറ : കുടിവെള്ള പൈപ്പിനായി റോഡരിക് പൊളിച്ചിട്ടത് പുനഃസ്ഥാപിക്കാത്തത് അപകടഭീഷണി ഉയർത്തുന്നു. തിരുവേഗപ്പുറ പഞ്ചായത്തിലെ ഒൻപതാം വാർഡിലെ അങ്കണവാടി റോഡിലാണ് സംഭവം. ഇതുമൂലം വാഹനയാത്രയും കാൽനടയാത്രയും പ്രയാസപ്പെടുകയാണെന്നാണ് നാട്ടുകാരുടെ പരാതി.

മൂന്നുവർഷംമുൻപാണ് ജൽജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി റോഡരിക് പൊളിച്ചത്. പിന്നിട് മണ്ണിട്ട് മൂടുകയും ചെയ്തു. ഇപ്പോൾ മണ്ണിട്ട് മൂടിയ ഭാഗം കോൺക്രീറ്റ് ചെയ്യാനായാണ് വീണ്ടും മണ്ണ് മാന്തിയുള്ള പ്രവൃത്തികൾ നടത്തുന്നത്.

ഇതോടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകാനും തുടങ്ങി. ഉടൻതന്നെ പ്രവൃത്തികൾ പൂർത്തിയാക്കുമെന്നു പറഞ്ഞാണ് തുടങ്ങിയതെങ്കിലും ഒരാഴ്ചയായി പൊളിച്ചിട്ടത് പുനഃസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിച്ചില്ലെന്നാണ് പരാതി.

നൂറുകണക്കിന് ആളുകൾ ആശ്രയിക്കുന്ന ഗ്രാമീണ റോഡിലൂടെയുള്ള യാത്രയാണ് ഇതോടെ പ്രതിസന്ധിയിലായത്. കുടിവെള്ളം പാഴായി പ്രദേശം ചെളിക്കുളമായി മാറിയതായും നാട്ടുകാർ പരാതിപ്പെട്ടു. ഉടൻതന്നെ പരിഹാരം കാണണമെന്നാണ് ആവശ്യം. അടുത്തദിവസംതന്നെ പ്രവൃത്തികൾ പൂർത്തിയാക്കാനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്നാണ് ബന്ധപ്പെട്ടവർ അറിയിച്ചത്.