എല്ലായിടത്തും വെള്ളമെത്തണം; വേണം പമ്പ് ഹൗസിൽ പുതിയ മോട്ടോറുകൾ

ഒറ്റപ്പാലം : ജല അതോറിറ്റിയുടെ വെള്ളമെത്തുന്നത് നാലാഴ്ചയിൽ ഒരിക്കൽ. ബില്ലാണെങ്കിൽ കൃത്യമായി എത്തുന്നുമുണ്ട്. സഹികെട്ട് ഒടുവിൽ കണക്‌ഷൻതന്നെ വേണ്ടെന്നുവെച്ചിരിക്കുകയാണ് ഒറ്റപ്പാലം നഗരത്തിൽ ഹോട്ടൽ നടത്തുന്ന വാണിവിലാസിനി സ്വദേശി കെ. പ്രേമനാഥൻ.

പരാതി പറയുമ്പോൾമാത്രമേ വെള്ളമെത്താറുള്ളൂവെന്നും പ്രേമനാഥൻ ആരോപിക്കുന്നു. സമീപത്ത് തട്ടുകട നടത്തുന്നയാൾ പത്തിരിപ്പാലയിൽനിന്ന് ജലസംഭരണി ഉപയോഗിച്ച് വെള്ളംകൊണ്ടുവരുകയാണ് ചെയ്യുന്നത്. 600 രൂപയോളം ചെലവാക്കിയാണ് വെള്ളമെത്തിക്കുന്നത്. പടിഞ്ഞാറോട്ടുള്ള ഒട്ടുമിക്ക സ്ഥാപനങ്ങളിലും ഇതുതന്നെയാണ് അവസ്ഥ.

വീടുകളിലാണെങ്കിൽ നേരത്തേ ഒന്നിടവിട്ട ദിവസങ്ങളിൽ വെള്ളം ലഭിച്ചിരുന്നിടത്ത് ഇപ്പോൾ നാലുദിവസത്തിൽ ഒരിക്കലൊക്കെയാണ് വെള്ളമെത്തുന്നത്. വീടുകളിൽ കിണറോ കുഴൽക്കിണറോ ഇല്ലാത്ത കുടുംബങ്ങൾക്ക് ഇത് ഏറെ ബുദ്ധിമുണ്ടാക്കുന്നു.

വേനൽ എത്തുന്നതിനുമുൻപുതന്നെ ഇതാണ് സ്ഥിതിയെങ്കിൽ വേനൽക്കാലത്ത് വെള്ളംതന്നെ ലഭിക്കുമോ എന്ന ആശങ്കയിലാണ് കുടുംബങ്ങൾ.

അമൃത് പദ്ധതിയിൽ പുതിയ പൈപ്പ് ലൈനുകളും കണക്‌ഷനുകളും വരുന്നതോടെ പ്രതിസന്ധിക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, കണക്‌ഷൻ കൂടിയതോടെ വെള്ളമെത്തുന്നതിൽ കാലതാമസം നേരിടുന്ന സ്ഥിതിയായി.

ഇതിനൊക്കെ പരിഹാരം കാണാൻ ജല അതോറിറ്റിയുടെ പുതിയ പദ്ധതി വേഗത്തിൽ നടപ്പാക്കേണ്ടതുണ്ട്.

തടയണയ്ക്കുസമീപത്തെ പമ്പ് ഹൗസിൽ പഴയ മോട്ടോറുകൾ മാറ്റി പകരം കാര്യക്ഷമത കൂടിയ മോട്ടോറുകൾ സ്ഥാപിക്കാനാണ് പദ്ധതി. നിലവിൽ പത്തുവർഷത്തിലേറെ പഴക്കമുള്ള രണ്ടു മോട്ടോറുകളാണ് ഉപയോഗിക്കുന്നത്. ഇതിന് 10 എം.എൽ.ഡി. വെള്ളം പമ്പുചെയ്യാനാണ് ശേഷിയുണ്ടായിരുന്നത്. ഇത് കാലപ്പഴക്കംമൂലം എട്ട് എം.എൽ.ഡി.യായി കുറഞ്ഞു. ഇതിനു പകരം 13 എം.എൽ.ഡി. വെള്ളം പമ്പുചെയ്യാൻ ശേഷിയുള്ള രണ്ടു മോട്ടോറുകൾ സ്ഥാപിക്കാനാണ് പദ്ധതി.

200 എച്ച്.പി.യുടെ രണ്ട്‌ മോട്ടോറുകൾ സ്ഥാപിക്കുന്നതിനുവേണ്ടിയുള്ള ട്രാൻസ്‌ഫോർമറുകൾ ഉൾപ്പെടെ മാറ്റേണ്ടിവരുന്ന 1.20 കോടിരൂപയുടെ പദ്ധതിയാണിത്.

നിലവിൽ ടെൻഡർ നടപടികളിലാണെന്ന് ജല അതോറിറ്റി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.

അമൃത് പദ്ധതിയിൽ നൽകിയത് 2654 കണക്‌ഷനുകൾ; ഇനി നൽകുന്നത് 250

നഗരസഭാ പരിധിയിൽ അമൃത് പദ്ധതിവഴി 2654 കുടിവെള്ള കണക്‌ഷനുകളാണ് നൽകിയത്. പുതിയ പൈപ്പ്‌ ലൈനുകൾ ഉൾപ്പെടെ സ്ഥാപിച്ചാണ് ഇത്രയും കണക്‌ഷനുകൾ നൽകിയത്. ഇനിയും 250 കണക്‌ഷനുകൾകൂടി നൽകാനാണ് ജല അതോറിറ്റിയും നഗരസഭയും ഉദ്ദേശിക്കുന്നത്.

ഇത്രയും കണക്‌ഷനുകൾ കൂടിയതോടെ കൂടുതൽ പ്രദേശങ്ങളിലേക്ക് വെള്ളമെത്തുന്നതിൽ കാലതാമസം നേരിടുന്ന സ്ഥിതിവന്നു. ഇതാണ് പടിഞ്ഞാറൻ മേഖലയെ ബാധിച്ചത്.

നേരത്തേ കൊടുത്ത കണക്‌ഷനുകൾക്ക് ഒപ്പംതന്നെ പമ്പിങ് വേഗത്തിലാക്കാനുള്ള സംവിധാനങ്ങൾ ഒരുക്കാത്തതാണ് പ്രതിസന്ധിയായത്. മോട്ടോറുകൾ സ്ഥാപിക്കുന്ന പദ്ധതികൾ വേഗത്തിൽ നടപ്പാക്കിയാലേ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയൂ.

(തുടരും)